അടുത്തിടെ സോഷ്യൽ മീഡിയയിൽ തരംഗമായിമാറിയ ഗാനങ്ങളിലൊന്നാണ് ‘ബീസ്റ്റ്’ എന്ന ചിത്രത്തിലെ ‘അറബിക് കുത്ത്’. ഗാനത്തിന് വലിയ സ്വീകാര്യത ലഭിച്ചതോടെ പ്രമുഖരടക്കമുള്ളവര്‍ ഗാനത്തിന് ചുവടുവച്ച് സമൂഹ മാധ്യമങ്ങളില്‍ എത്തിയിരുന്നു. ‘അറബിക് കുത്തി’ന്റെ റീൽസ് വിഡിയോകൾ അടക്കം പലതും സോഷ്യൽമീഡിയയിൽ വൈറലായിരുന്നു.
ഇപ്പോഴിതാ, ഒരു വ്യത്യസ്തമായ അറബിക് കുത്ത് വീഡിയോയാണ് സോഷ്യൽ മീഡിയയുടെ മനം കവരുന്നത്. അറബിക് കുത്ത് ഗാനം നടൻ ശൈലിയിൽ കൊട്ടിപ്പാടുന്ന ഒരു നാലംഗ കുട്ടിസംഘത്തിന്റെ വീഡിയോയാണ് നെറ്റിസൺസ് ഏറ്റെടുത്തിരിക്കുന്നത്. തൃശൂർ ജില്ലയിൽ കൊള്ളന്നൂർ സ്വദേശികളാണ് ഇവർ എന്നാണ് വീഡിയോയിൽ നിന്ന് വ്യക്തമാവുന്നത്.
നാല് പേരും ചേർന്ന് പാടുകയും ഒപ്പം തന്നെ പലകയിലും ചെറിയ ചെണ്ടയിലും തറയിലും കൊട്ടിയാണ് പാട്ട്. ഏറ്റവും പിന്നിലായി വാക്കിങ് സ്റ്റിക്കിൽ ഇഡലി തട്ടും പാത്രവും കെട്ടിവെച്ചുണ്ടാക്കിയ ജാസും കാണാം. ഇതിന്റെയെല്ലാം അകമ്പടിയോടെ ഒരേ തലത്തിലും കൊട്ടി പാടുകയാണ് ഈ നാൽവർ സംഘം.
പ്രതീഷ് ആട്ടം എന്നയാളാണ് ഇൻസ്റ്റാഗ്രാമിൽ ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. “അറബിക് കുത്തിന്റെ മ്യാരകവെർഷൻ, ചെക്കന്മാർ ഒരേ പൊളി, കൊള്ളന്നൂർ ഗ്രാമത്തിന്റെ താരങ്ങൾ” എന്ന അടികുറിപ്പോടെ പങ്കുവച്ച വീഡിയോ ഇതിനോടകം രണ്ടു മില്യണിന് അടുത്ത് ആളുകളാണ് കണ്ടത്. അഞ്ച് ലക്ഷത്തിനടുത്ത് ആളുകൾ വീഡിയോ ലൈക്കും ചെയ്തിട്ടുണ്ട്.
Also Read: ഒപ്പന കൊട്ടി ഉമ്മുമ്മമാർ, എന്തൊരു ചേലെന്ന് സോഷ്യൽ മീഡിയ; വീഡിയോ