പ്രണയത്തകര്‍ച്ച ആര്‍ക്കും അത്ര എളുപ്പമുളള കാര്യമല്ല. പലരും ഇതിനെ അതിജീവിക്കാന്‍ പെടാപാട് തന്നെ പെടും. ചില ബന്ധങ്ങള്‍ എല്ലാകാലത്തേക്കും പരസ്പരം ശത്രുക്കളാക്കി മാറ്റും. മറ്റു ചിലര്‍ പരസ്പരം പറഞ്ഞ് നല്ല രീതിയില്‍ തന്നെ പിരിയും. പലരും ഇത്തരം പ്രണയത്തകര്‍ച്ചകള്‍ സ്വകാര്യമായി സൂക്ഷിക്കാനാണ് ആഗ്രഹിക്കുക. സന്ദേശം അയച്ചോ ഫോണ്‍ ചെയ്തോ ഒക്കെ കാര്യങ്ങള്‍ നല്ല രീതിയില്‍ അവസാനിപ്പിക്കുന്നവരും ഉണ്ട്.

എന്നാല്‍ ഇന്തോനേഷ്യയില്‍ നിന്നുളള ഒരു കാമുകന്‍ ചെയ്തതാണ് ഇപ്പോള്‍ സോഷ്യൽ ലോകത്തെ സംസാരം. തന്നെ വഞ്ചിച്ച കാമുകിയുമായി തെറ്റിപ്പിരിഞ്ഞത് കൂറ്റന്‍ ബില്‍ബോര്‍ഡ് വച്ച് നാട്ടുകാരെ അറിയിക്കുകയായിരുന്നു യുവാവ്. ഒരു പരസ്യം പോലെയാണ് തന്റെ പ്രണയത്തകര്‍ച്ച യുവാവ് നാട്ടുകാരെ അറിയിച്ചത്. എന്നാല്‍ നാട്ടുകാര്‍ മാത്രമല്ല, സോഷ്യൽ മീഡിയയിലൂടെ ചിത്രം ലോകത്താകമാനമുളള ആളുകളും കണ്ടുകഴിഞ്ഞു.

മുന്‍ കാമുകിയുടെ ചിത്രം ബില്‍ബോര്‍ഡില്‍ വച്ച് ഒരു കുറിപ്പും എഴുതി. ‘നീ എന്റെ ഹൃദയം തകര്‍ത്തു. നീ എന്നെ വഞ്ചിച്ചു. എനിക്ക് ബ്രേക്കപ്പ് വേണം’ എന്നായിരുന്നു ബില്‍ബോര്‍ഡില്‍ എഴുതിയത്. എന്നാല്‍ ബില്‍ബോര്‍ഡ് ഉയര്‍ന്നതിന് പിന്നാലെ യുവാവ് മെഗാഫോണ്‍ എടുത്തും മുന്‍ കാമുകിക്കെതിരെ റോഡിലിറങ്ങി. ഇതിനിടെ ബില്‍ബോര്‍ഡിന്റെ അടുത്ത് നിന്നും ഇരുവരും വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുന്ന വീഡിയോയും പുറത്ത് വന്നിട്ടുണ്ട്.

നീല വസ്ത്രം ധരിച്ച ഒരാള്‍ ഇരുവരേയും സമാധാനിപ്പിക്കുന്നതും വീഡിയോയില്‍ കാണാം. ഈ വീഡിയോ ട്വിറ്ററിലും ഫെയ്സ്ബുക്കിലും വൈറലായി മാറി. ചിലര്‍ യുവാവിനെ പിന്തുണച്ചും മറ്റു ചിലര്‍ എതിര്‍ത്തും സോഷ്യൽ മീഡിയയില്‍ രംഗത്തെത്തി.

Get Malayalam News and latest news update from India and around the world. Stay updated with today's latest Social news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ