പുഴ കരകവിഞ്ഞ് ഒഴുകിയതോടെ പുഴയേത്, റോഡേത് എന്ന് തിരിച്ചറിയാനാകാതെ കുഴഞ്ഞ ആംബുലൻസ് ഡ്രൈവർക്ക് വഴികാട്ടിയായ ആറാം ക്ലാസുകാരന് കർണാടക സർക്കാരിന്റെ ധീരതയ്ക്കുള്ള പുരസ്കാരം. ഓഗസ്റ്റ് 15, വ്യാഴാഴ്ച റെയ്ച്ചൂരിൽ നടന്ന സ്വാതന്ത്ര്യ ദിന ആഘോഷങ്ങൾക്കിടെയാണ് പുരസ്കാരം സമ്മാനിച്ചത്. ഡെപ്യൂട്ടി കമ്മീഷണർ ശരത് ബി ആണ് പുരസ്കാരം നൽകിയത്.

കഴിഞ്ഞയാഴ്ചയാണ് കർണാടകയിലെ കൃഷണ നദി കരകവിഞ്ഞൊഴുകിയപ്പോൾ വെങ്കിടേഷ് എന്ന ആറാം ക്ലാസുകാരൻ ആംബുലൻസിനു വഴികാട്ടിയായി മാറിയത്. നദി കരകവിഞ്ഞ് ഒഴുകിയതോടെ പ്രദേശം മുഴുവൻ വെള്ളത്തിൽ മുങ്ങി. പാലത്തിലൂടെ കടന്ന് പോകാൻ ഒരു ആംബുലൻസ് എത്തിയപ്പോൾ, തൊട്ടപ്പുറത്ത് സുഹൃത്തുക്കളോടൊപ്പം കളിച്ചു കൊണ്ടിരുന്ന വെങ്കിടേഷ് സ്വന്തം ജീവൻ പണയം വച്ച് ആംബുലൻസിന് വഴികാട്ടിയാകുകയായിരുന്നു.

അരയോളം വെള്ളത്തില്‍ അതിസാഹസികമായാണ് വെങ്കിടേഷ് ആംബുലൻസിന് വഴികാട്ടി മുന്നോട്ട് നീങ്ങിയത്. വെള്ളത്തിൽ പലപ്പോഴും അവൻ വീണുപോകുന്നുണ്ടെങ്കിലും കൂടുതൽ കരുത്തോടെ മുന്നിലേക്ക് നടക്കുന്നത് വീഡിയോയിൽ കാണാം. ഇടയ്ക്കിടയ്ക്ക് തിരിഞ്ഞ് നോക്കി ആംബുലൻസ് ശരിയായ ദിശയിലാണെന്ന് ഉറപ്പ് വരുത്തുന്നും ഉണ്ടായിരുന്നു അവൻ. ഓടി ഇക്കരെയെത്തുമ്പോൾ ഒരാൾ വെങ്കിടേഷിനെ കൈപിടിച്ച് കയറ്റുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ദേവദുര്‍ഗ യാഡ്ഗിര്‍ റോഡില്ലായിരുന്നു സംഭവം നടന്നത്. വീഡിയോ പ്രചരിച്ചതോടെ നിരവധി ആളുകളാണ് വെങ്കിടേഷിനെ അഭിനന്ദിച്ച് രംഗത്തെത്തിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook