കൊച്ചു കുട്ടികളുടെ നിഷ്‌കളങ്കത സമൂഹ മാധ്യമങ്ങളില്‍ കുറച്ചൊന്നുമല്ല ചിരി പടര്‍ത്താറുള്ളത്. പശുവിനെ പറ്റി ചോദിച്ചാല്‍ പശുവിനെ കെട്ടിയിട്ട തെങ്ങിനെ കുറിച്ചും കയറിനെ കുറിച്ചും പറയുന്ന കൊച്ചുമിടുക്കന്‍മാര്‍ ഇപ്പോഴുമുണ്ട്.

പക്ഷേ, കേരളത്തെ കുറിച്ച് ചോദിച്ചാല്‍ അത്തരക്കാര്‍ എന്ത് ഉത്തരം പറയുമെന്ന് കേള്‍ക്കാന്‍ കൗതകമുണ്ടോ? അങ്ങനെയൊരു വിരുതനെ കയ്യോടെ പിടികൂടിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ. കേരളത്തെ കുറിച്ച് പ്രസംഗിക്കാന്‍ പറഞ്ഞപ്പോള്‍ കഥാനായകന്‍ പ്രസംഗിച്ചത് പുഴകളെ കുറിച്ചും കടലിനെ കുറിച്ചും. “കടലില്‍ മീനുണ്ട്…വെള്ളത്തില്‍ മീനുണ്ട്…മീനുകള്‍ വെള്ളത്തില്‍ മാത്രമേ ജീവിക്കുകയുള്ളൂ” എന്നൊക്കെയാണ് കുട്ടി പ്രസംഗിക്കുന്നത്.

Read Also: നാല്‍പ്പതുകളിലെ പ്രണയം, സെക്‌സ്; ജീവിതത്തിലെ സുന്ദരമായ കാലം

അപ്പോള്‍ ടീച്ചര്‍ ഒന്നുകൂടി ഓര്‍മിപ്പിച്ചു ‘മോനെ, കേരളത്തെ കുറിച്ച് പറ.’ ആ ഇപ്പോഴാണ് ആശാന് കേരളമാണ് വിഷയമെന്ന് ഓര്‍മ വന്നത്. ഒറ്റയടിക്ക് കേരളത്തെ ഒരു രാജ്യമായി പ്രഖ്യാപിച്ചു. പിന്നീടത് ദോശയിലേക്ക് എത്തി. അത് ഇങ്ങനെ: “കേരളത്തില്‍ മനുഷ്യന് വിശുക്കുമ്പോള്‍ ഭക്ഷണം മാത്രമേ കഴിക്കുള്ളൂ. കേരളത്തില്‍ ഭക്ഷണം കിട്ടിയില്ലെങ്കില്‍ ഭക്ഷണം നമ്മള്‍ വാങ്ങും. ഭക്ഷണം എവിടെയുമില്ലെങ്കില്‍ നമ്മള്‍ ഭക്ഷണം ഉണ്ടാക്കണം. ദോശ ഒന്നും കിട്ടിയില്ലെങ്കില്‍ ദോശ നമ്മള്‍ ഉണ്ടാക്കണം.” കൊച്ചുമിടുക്കന്‍ തുടര്‍ന്നു.

കേരളം നമ്മുടെ രാജ്യമാണെന്ന് എല്ലാവര്‍ക്കും അറിയാമെന്ന് പറഞ്ഞാണ് കുട്ടി പ്രസംഗം അവസാനിപ്പിക്കുന്നത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്.

വീഡിയോ വൈറലായതോടെ ഈ മിടുക്കനെ അന്വേഷിക്കുന്ന തിരക്കിലാണ് സോഷ്യല്‍ മീഡിയയില്‍ പലരും. സോഷ്യല്‍ മീഡിയയില്‍ നിന്നു ലഭിക്കുന്ന വിവരങ്ങള്‍ അനുസരിച്ച് ഡാനിയല്‍ മാത്യു എന്നാണ് ഈ കുട്ടിയുടെ പേര്. മാത്തുകുട്ടി എന്നാണ് വിളിപ്പേര്. തൃപ്പൂണിത്തുറയിലെ സ്‌കൂളിലാണ് കുട്ടി പഠിക്കുന്നതെന്നുമാണ് റിപ്പോര്‍ട്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook