ഒരു വയസുകാരനായ ജോസഫ് ടിഡിനും ഒര്‍ലാന്‍ഡോ പ്രൈഡ് വനിതാ ഫുട്ബോള്‍ ടീം താരം കാഴ്സണ്‍ പിക്കറ്റിനും ഒരേ രീതിയിലുളള ഇഷ്ടങ്ങളാണ്. രണ്ട് പേര്‍ക്കും ഫുട്ബോള്‍ ഏറെ ഇഷ്ടമാണ്. രണ്ട് പേരും അത്‌ലറ്റുകളുമാണ്. രണ്ട് പേരും അമേരിക്കക്കാരാണ്. പോരാത്തതിന് രണ്ട് പേര്‍ക്കും ഇടത് കൈ ഭാഗമായിട്ട് മാത്രമേയുളളൂ.

കൈമുട്ടിന് താഴേക്ക് ഇരുവര്‍ക്കും കൈയില്ല. ഇരുവരും ഈ കൈകള്‍ ചേര്‍ത്ത് മുട്ടിച്ച് ആഘോഷിക്കുന്നതിന്റെ ചിത്രം കഴിഞ്ഞ മാസമാണ് പകര്‍ത്തിയത്. ചിത്രം വൈറലായി മാറുകയും ചെയ്തു. ഫുട്ബോള്‍ മത്സരത്തിനിടെ ജോസഫും കുടുംബവും ആര്‍ത്തുവിളിക്കുന്നത് ശ്രദ്ധയില്‍ പെട്ടാണ് 25കാരിയായ പിക്കറ്റ് ഓടി അവര്‍ക്ക് അടുത്ത് എത്തിയത്.

പിക്കറ്റ് ഇടതുകൈനീട്ടി അടുത്തതോടെ ജോസഫും ചിരിച്ചുകൊണ്ട് ഇടതുകൈ നീട്ടി തൊട്ടു. പിതാവാണ് ജോസഫിനെ കൈയില്‍ എടുത്തിരിക്കുന്നത്. വീട്ടിലെത്തുന്നത് വരെ കൈയില്‍ നോക്കി അവന്‍ ചിരിക്കുകയായിരുന്നെന്ന് ജോസഫിന്റെ മാതാവ് കോളീന്‍ ടിഡ് പറഞ്ഞു. തനിക്കൊരു സുഹൃത്തുണ്ടെന്ന തിരിച്ചറിവിലാണ് ഈ ആനന്ദമെന്നാണ് കോളീന്‍ പറയുന്നത്.

ഫുട്ബോള്‍ മത്സരത്തിന് ശേഷം പിക്കറ്റ് ജോസഫിനെ കാണാനെത്തിയിരുന്നു. അരമണിക്കൂറോളം ജോസഫിന്റെ കൂടെ ഫുട്ബോള്‍ കളിച്ചാണ് പിക്കറ്റ് മടങ്ങിയത്. ഗര്‍ഭിണിയായിരിക്കുമ്പോള്‍ തന്നെ മകന് ഒരു കൈ ഉണ്ടായിരിക്കില്ലെന്ന് അറിഞ്ഞതായി കോളീന്‍ പറഞ്ഞു. ആദ്യം കരഞ്ഞെങ്കിലും പിന്നീട് മകന്റെ വരവ് ആഘോഷപൂര്‍ണമാക്കിയതായും മാതാവ് വ്യക്തമാക്കി. ‘ജോ’ എന്നാണ് ജോസഫ് തന്നെ മറ്റുളളവര്‍ക്ക് പരിചയപ്പെടുത്തുക. അതിന് ശേഷം തന്റെ കൈയിലേക്ക് വിരല്‍ചൂണ്ടി കാണിക്കുമെന്നും മാതാവ് പറയുന്നു. എങ്ങനെയാണ് മകന്‍ ഇത്തരത്തില്‍ കാണിക്കാന്‍ പഠിച്ചതെന്ന് മാതാപിതാക്കള്‍ക്ക് അറിയില്ല.

Read in English: ‘This is what joy looks like’: Touching moment between footballer Carson Pickett and fan goes viral

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook