ലോകത്തിലെ ഏറ്റവും ‘ക്യൂട്ട്’ ആയ നായ്കുട്ടി എന്നറിയപ്പെടുന്ന ‘ബൂ’ യാത്രയായി. ഇന്റര്‍നെറ്റിന്റെ പ്രിയങ്കരനായ ബൂവിന് പന്ത്രണ്ടു വയസായിരുന്നു. കൂട്ടുകാരിയും സന്തത സഹചാരിണിയുമായിരുന്ന ബഡിയുടെ മരണത്തില്‍ ഹൃദയം തകര്‍ന്നാണ് ബൂ പോയത് എന്ന് ഈ പോമോറെനിയന്‍ പട്ടിക്കുട്ടികളുടെ ഉടമസ്ഥര്‍ പറഞ്ഞു.

“അവന്റെ കൂട്ടുകാരി ബഡി  മരിച്ചതിനു ശേഷം ബൂവിനു ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടായി തുടങ്ങി. ബഡിയുടെ വിയോഗത്തില്‍ അക്ഷരാര്‍ത്ഥത്തില്‍ അവന്റെ ഹൃദയം തകര്‍ന്നു പോയി. എന്നാലും ഒരു വര്‍ഷത്തോളം ഞങ്ങള്‍ക്ക് വേണ്ടി അവന്‍ പിടിച്ചു നിന്നു. ഇപ്പോള്‍ അവനു പോകേണ്ട സമയമായിരിക്കുന്നു. സ്വര്‍ഗത്തില്‍ വച്ച് ബഡിയുമായി അവന്‍ കാണുന്ന നിമിഷം അവനു ഏറ്റവും സന്തോഷം പകരുന്ന ഒന്നാകും എന്ന് ഞങ്ങള്‍ കരുതുന്നു,” ഫേസ്ബുക്കിലെ ‘ബൂ’വിന്റെ പേജില്‍ അവര്‍ കുറിച്ചു.

സെപ്റ്റംബര്‍ 2017ല്‍, പതിനാലാം വയസ്സിലാണ് ബഡി യാത്രയാകുന്നത്‌.  പതിനൊന്നു വര്‍ഷം അവര്‍ ഒരുമിച്ചുണ്ടായിരുന്നു.  രാത്രി ഉറക്കത്തിലാണ് ബൂവിന്റെ മരണം സംഭാവിച്ചത് എന്നും ഉടമസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.

വലിയ ഒരു ആരാധക ലോകത്തിനു ഉടമയാണ് ബൂ എന്ന നായ്കുട്ടി. ഫേസ്ബുക്കില്‍ മാത്രം 16,281,115 ഫോളോവേര്‍സ്. ഇന്‍സ്റ്റാഗ്രിലും ട്വിറ്റെറിലും ബൂ ഹാഷ്ടാഗുകള്‍ പിന്തുടരുന്നവര്‍ വേറെ. 2006 ല്‍ തങ്ങളുടെ പക്കല്‍ വന്നു ചേര്‍ന്ന ബൂവിന്റെ ചിത്രങ്ങള്‍ അതിന്റെ ഉടമസ്ഥര്‍ ഫേസ്ബുക്കില്‍ പങ്കു വയ്കാന്‍ തുടങ്ങിയത് മുതലാണ്‌ ബൂവിനെ ലോകം അറിഞ്ഞു തുടങ്ങിയത്. പാവക്കുട്ടി പോലെയിരിക്കുന്ന ഈ പോമോറെനിയന്‍ നായ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ തന്റെ ‘ക്യൂട്ട്’ ലുക്ക്‌ കൊണ്ട് ഇന്റര്‍നെറ്റ്‌ പിടിച്ചടക്കുകയായിരുന്നു.

ബൂവിന്റെ ചിത്രങ്ങള്‍ അടങ്ങിയ ‘ബൂ: ദി ലൈഫ് ഓഫ് വേള്‍ഡ്സ് ക്യൂട്ടെസ്റ്റ് ഡോഗ്’ എന്ന പുസ്തകം 2011ല്‍ പുറത്തു വന്നിട്ടുണ്ട്. സി എന്‍ എന്‍ ഉള്‍പ്പടെയുള്ള അമേരിക്കന്‍ മാധ്യമങ്ങളില്‍ ബൂവിനെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്. ബൂവിന്റെ മരണം ആരാധക ലോകത്തെ ആകെ ദുഖത്തിലാഴ്ത്തിയിരിക്കുകയാണ്.

 

Get Malayalam News and latest news update from India and around the world. Stay updated with today's latest Social news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ