സോഷ്യൽ മീഡിയയുടെ താരമാണ് വ്യവസായിയായ ബോബി ചെമ്മണ്ണൂർ. ട്രോളുകളിലും അഭിമുഖങ്ങളിലും സ്റ്റേജ് പ്രോഗ്രാമുകളിലുമെല്ലാം നിറഞ്ഞു നിൽക്കുന്ന ബോബിയെ ബോചെ എന്നാണ് ആരാധകർ വിളിക്കുന്നത്. ബോബി ചെമ്മണ്ണൂരിന്റെ അഭിമുഖങ്ങളിലെ തുറന്നുപറച്ചിലുകൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ ഏറെ ട്രോൾ ചെയ്യപ്പെട്ടിട്ടുണ്ട്.
ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോൾ കാമുകിയെ കാണാൻ കാറെടുത്തു ബാംഗ്ലൂരിൽ പോയ ബോചെയുടെ കുട്ടിക്കാലകഥകളൊക്കെ സോഷ്യൽ മീഡിയയുടെ പരിഹാസങ്ങൾ ഏറ്റുവാങ്ങിയിട്ടുള്ളതാണ്. എന്നാൽ താൻ പറയുന്നതൊന്നും നൂറു ശതമാനം തള്ളല്ലെന്നാണ് ബോചെ പറയുന്നത്. ഒരു പ്രായത്തിൽ മറ്റാരും ചെയ്യാത്തത് താൻ ചെയ്യുമ്പോൾ കേൾക്കുന്നവർക്ക് അത്ഭുതമായി തോന്നും, പറയുമ്പോൾ അൽപ്പം നർമവും മസാലയും ചേർക്കുന്നതുകൊണ്ടാവാം തള്ളാണെന്ന് തോന്നുന്നത് എന്നാണ് ഇക്കാര്യത്തിൽ ബോചെയുടെ വിശദീകരണം. വനിതയുടെ ഓണപതിപ്പിന് നൽകിയ അഭിമുഖത്തിലാണ് ബോചെ ഇക്കാര്യം സംസാരിച്ചത്.
ഒന്നാം ക്ലാസിൽ തന്നെ തനിക്കു ഗേൾഫ്രണ്ട്സ് ഉണ്ടായിരുന്നെന്നും ബോബി ചെമ്മണ്ണൂർ പറയുന്നു. “ബോയിങ് ബോയിങ് സിനിമയിൽ ലാലേട്ടൻ നാലു പെൺകുട്ടികളെ ഒരേസമയം പ്രേമിക്കുന്നതു കണ്ടാണ് ഞാനും പ്രണയിക്കാൻ പഠിച്ചത്. കുർബാനിയെന്ന ഹിന്ദി സിനിമയിലെ കളർഫുൾ ഡാൻസും ഡിസ്കോയും കണ്ട് കൊതിയായിട്ടാണ് തനിയെ കാറോടിച്ച് ബാംഗ്ലൂരിൽ ചെന്ന് അവിടെയുള്ള കാമുകിയുമായി ക്ലബ്ബിൽ പോയി ഡാൻസ് ചെയ്തത്.”
താനൊന്നും മറച്ചുവയ്ക്കാൻ ഇഷ്ടപ്പെടുന്നില്ലെന്നും എല്ലാം തുറന്നുപറയുമ്പോൾ മനസ്സിന് ഭാരമില്ലാതെ ഉറങ്ങാനാവുമെന്നും ബോചെ കൂട്ടിച്ചേർക്കുന്നു.
“തന്റെ കുരുത്തക്കേടുകളൊന്നും സഹിക്കാൻ ഭാര്യയ്ക്ക് പറ്റില്ല. ഇടയ്ക്ക് നല്ല ചവിട്ടും വഴക്കും കിട്ടും. അവർക്കൊരു സമാധാനമാവട്ടെ എന്നു കരുതി ഞാനതൊക്കെയങ്ങു സഹിക്കും. മാർക്കറ്റിങ്ങും സോപ്പിടലുമൊക്കെ നമുക്കും അറിയാമല്ലോ. പ്രശ്നങ്ങളുണ്ടാകുമ്പോൾ മണിയടിച്ചു വളച്ചൊടിച്ചു കുപ്പിയിലാക്കും,” ബോബി ചെമ്മണ്ണൂർ പറയുന്നു.
സ്മിതയാണ് ബോബി ചെമ്മണ്ണൂരിന്റെ ഭാര്യ. അടുത്തിടെ ഇരുവരുടെയും ഏകമകൾ അന്നയുടെ വിവാഹം കഴിഞ്ഞിരുന്നു. നടൻ സാം സിബിനാണ് അന്നയുടെ വരൻ. ക്വീൻ, ഓർമ്മയിൽ ഒരു ശിശിരം തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള നടനാണ് സാം സിബിൻ.
Read more: ആർഭാടങ്ങളില്ലാതെ ബോബി ചെമ്മണ്ണൂരിന്റെ മകൾ അന്നയുടെ വിവാഹം; വരൻ സിനിമാതാരം