ന്യൂഡല്‍ഹി : മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയായ ഗൗരി ലങ്കേഷ് വെടിയേറ്റ്‌ വധിക്കപ്പട്ട് ഇരുപത്തിനാലു മണിക്കൂര്‍ തികയുന്നതിനു മുന്നെ തന്നെ ബിജെപി ഐടിസെല്ലും സംഘപരിവാര്‍ പ്രചാരകരും ഗൗരി ലങ്കേഷിനെതിരെ സമൂഹ്യമാധ്യമങ്ങളില്‍ വിദ്വേഷം വിളമ്പിയത് അന്തര്‍ദ്ദേശീയ മാധ്യമങ്ങളടക്കം വാര്‍ത്തയാക്കിയിരുന്നു. അതിനുള്ള മറുപടിയാണ് ഇന്നു ട്വിറ്ററില്‍ ട്രെന്‍ഡ് ആയിക്കൊണ്ടിരിക്കുന്നത്. #gaurilankesh #gauri എന്നിവയ്ക്ക് പുറമെ #BLOCKNARENDRAMODI എന്ന ഹാഷ്ടാഗും ഇന്ന് രാവിലെ മുതല്‍ ട്വിറ്ററില്‍ ട്രെന്‍ഡ് ആണ്.

വലതുപക്ഷ രാഷ്ട്രീയക്കാര്‍ ഗൗരി ലങ്കേഷിന്‍റെ മരണത്തിന്‍റെ പശ്ചാത്തലത്തില്‍ വിദ്വേഷപ്രചരണം നടത്തുന്നു എന്ന വാര്‍ത്ത പുറത്തു കൊണ്ടുവരുന്നത് ആള്‍ട്ട്ന്യൂസ് ആണ്. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്‍റെ കൂടെയുള്ള സെല്‍ഫി പ്രൊഫൈല്‍ ചിത്രമായി വച്ച ആശിഷ് സിങ് എന്നയാളുടെ പ്രൊഫൈലില്‍ നിന്നും വരുന്ന വിദ്വേഷ പ്രചരണങ്ങളാണ് ആള്‍ട്ട് ന്യൂസ് തുറന്നുകാട്ടിയത്. രാഷ്ട്രീയ തന്ത്രജ്ഞന്‍, കാര്‍ട്ടൂണിസ്റ്റ് എന്നിങ്ങനെ വിശേഷിപ്പിക്കുന്ന ഈ പ്രൊഫൈല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ പിന്തുടരുന്നുണ്ട് എന്നും ആള്‍ട്ട് ന്യൂസ് ശ്രദ്ധയില്‍ കൊണ്ടുവരുന്നു. പിഎം മോദി ടീം അംഗമാണ് താന്‍ എന്നും ഈ പ്രൊഫൈലില്‍ പറയുന്നുണ്ട്. നരേന്ദ്ര മോദിക്ക് പുറമെ കേന്ദ്ര മന്ത്രിമാരായ രവി ശങ്കര്‍ പ്രസാദ്, വിജയ്‌ ഗോയല്‍ എന്നീ കേന്ദ്രമന്ത്രിമാരും ഈ പ്രൊഫൈല്‍ പിന്തുടരുന്നുണ്ട്.

 

പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്രമന്ത്രി ഗിരിരാജ് സിങ്ങും പിന്തുടരുന്ന നിഖില്‍ ദധിച്ച് എന്ന പ്രൊഫൈല്‍, നരേന്ദ്ര മോദി പിന്തുടരുകയും മുന്‍ ആകാശവാണി അവതാരകയെന്നു പരിചയപ്പെടുത്തുകയും ചെയ്യുന്ന റിത തുടങ്ങി ഒന്നിലേറെ പ്രൊഫൈലുകള്‍ ആണ് കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകയ്ക്ക് എതിരെ വിദ്വേഷം വിളമ്പിയത്. ആള്‍ട്ട് ന്യൂസില്‍ വാര്‍ത്തയ്ക്ക് പിന്നാലെ പല വിദേശ മാധ്യമങ്ങളും വിഷയം ഏറ്റെടുക്കുകയുണ്ടായി.

വെടിയേറ്റു മരിച്ച മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്‍റെ രാഷ്ട്രീയം എന്തുതന്നെയായാലും അവര്‍ കൊല്ലപ്പെട്ടതാണ് എന്ന ഔചിത്യംപോലും ഉള്‍ക്കൊള്ളാതെ വിദ്വേഷം വിളമ്പുന്നവരെ പ്രധാനമന്ത്രി പിന്തുടരുന്നു എന്നതാണ് പലരെയും ചൊടിപ്പിച്ചിരിക്കുന്നത്. ട്വിറ്ററില്‍നിന്നും നരേന്ദ്രമോദിയെ ബ്ലോക്ക് ചെയ്യുന്നു എന്ന് സ്ക്രീന്‍ഷോട്ട് സഹിതമാണ് പലരും പോസ്റ്റ്‌ ചെയ്യുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ