തിരുവനന്തപുരം: മുഖ്യമന്ത്രിക്കുനേരെ  ചെങ്ങന്നൂരില്‍ ബിജെപി പ്രവർത്തകർ കരിങ്കൊടി കാണിക്കാൻ ശ്രമിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിലെ ഔദ്യോഗിക പേജിൽ നിന്ന് ബിജെപി പിൻവലിച്ചു. മുഖ്യമന്ത്രിയുടെ വാഹന വ്യൂഹനത്തിന് നേരെ കരിങ്കൊടി കാണിക്കാൻ ഓടിപ്പോകുന്ന യുവമോർച്ച പ്രവർത്തകരുടെ വീഡിയോ ആണ് പിൻവലിച്ചത്.

ഇന്നലെ ഉച്ചയ്ക്ക് ശേഷം പങ്കുവച്ച വീഡിയോ പിന്നീട് സോഷ്യൽ മീഡിയയിലെ എല്ലാ ഔദ്യോഗിക പേജുകളിൽ നിന്നും ബിജെപി പിൻവലിച്ചു. മുൻ കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുളള, എഴുത്തുകാരൻ എൻ.എസ്.മാധവൻ തുടങ്ങിയവർ വീഡിയോയെ പരിഹസിച്ച് രംഗത്ത് വന്നതിന് പിന്നാലെയാണ് ബിജെപി ഇത് പിൻവലിച്ചത്.

എന്നാൽ വീഡിയോ പിൻവലിക്കാനുണ്ടായ കാരണം എന്താണെന്ന് ബിജെപി വിശദീകരിച്ചിട്ടില്ല. അതേസമയം, വീഡിയോ മറ്റ് പലരും സമൂഹമാധ്യമങ്ങളിൽ തങ്ങളുടെ സ്വന്തം അക്കൗണ്ടിലൂടെ പങ്കുവച്ചിട്ടുണ്ട്.

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ സന്നിധാനത്തും പരിസരത്തുമുളള പൊലീസ് നടപടികൾ പിൻവലിക്കണം എന്നാണ് ഇപ്പോൾ ബിജെപിയുടെ ആവശ്യം. നേരത്തെ യുവതീ പ്രവേശനത്തെ എതിർത്ത് ബിജെപിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധങ്ങളാണ് ശക്തമായ പൊലീസ് നിയന്ത്രണങ്ങൾക്ക് കാരണമായത്.

വീഡിയോയിലുള്ളത് യുവമോര്‍ച്ച പ്രവര്‍ത്തകരാണെന്നാണ് ബിജെപി കേരള ഘടകത്തിൽ  ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ പറഞ്ഞത്.  കരിങ്കൊടി കാട്ടുന്നത് വ്യക്തമാകാത്തതിനാലാണ് വീഡിയോ പിൻവലിച്ചതെന്നാണ് വിവരം.

Get Malayalam News and latest news update from India and around the world. Stay updated with today's latest Social news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ