കൊല്ലം: കൊല്ലം ചടയമംഗലം മലപ്പേരൂർ ബിജെപി ബൂത്ത് കമ്മിറ്റി മനേഷ് മോഹനനെന്ന യുവാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. മനേഷ് ഇക്കാര്യം അറിയുന്നത് ഒരു പോസ്റ്ററിലൂടെയാണ്. താൻ ജീവനുതുല്യം സ്‌നേഹിച്ച പാർട്ടിയിൽ നിന്ന് ഇങ്ങനെയൊരു ദുരനുഭവം മനേഷ് പ്രതീക്ഷിച്ചിരുന്നില്ല. പോസ്റ്ററിലൂടെ തന്നെ പുറത്താക്കിയ ബിജെപിക്ക് മനേഷ് അതേ ഭാഷയിൽ മറുപടി നൽകി. ബിജെപി ബൂത്ത് കമ്മിറ്റി പോസ്റ്റർ പതിപ്പിച്ച എല്ലാ സ്ഥലങ്ങളിലും മനേഷ് മറ്റൊരു പോസ്റ്റർ ഒട്ടിച്ചു.

എന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കിയ തീരുമാനം എടുത്ത മലപ്പേരൂർ ബിജെപി ബൂത്ത് കമ്മിറ്റി നേതൃത്വത്തിന് എന്റെയും എന്റെ കുടുംബത്തിന്റെയും നന്ദി അറിയിച്ച് കൊള്ളുന്നു

എന്ന്
മനേഷ് മോഹൻ

മനേഷിന്റെ ഈ പോസ്റ്ററാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം. തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കിയ ബിജെപിയെ മനേഷ് പരിഹസിച്ചതാണെന്ന് നിങ്ങൾക്ക് തോന്നിയാൽ തെറ്റി. മനസിലെ വിഷമമാണ് പോസ്റ്ററിന്റെ രൂപത്തിൽ മനേഷ് എല്ലാ മതിലുകളിലും പതിച്ചത്. പാർട്ടിയിൽ നിന്ന് പുറത്താക്കിയത് വലിയ വിഷമമായെന്നും അതുകൊണ്ടാണ് പോസ്റ്ററൊട്ടിച്ച് ബിജെപിക്ക് നന്ദി പറഞ്ഞതെന്നും മനേഷ് ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളത്തോട് പറഞ്ഞു.

തദ്ദേശ തിരഞ്ഞെടുപ്പാണ് ഈ പ്രശ്‌നങ്ങൾക്കെല്ലാം കാരണം. മനേഷിനെ വളരെ അടുപ്പമുള്ള വ്യക്തി തദ്ദേശ തിരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ചിരുന്നു. തനിക്ക് സ്വന്തം സഹോദരനെപ്പോലെയാണ് ആ വ്യക്തിയെന്നാണ് മനേഷ് പറയുന്നത്. സഹോദരതുല്യനായ ഈ സ്വതന്ത്ര സ്ഥാനാർഥിക്ക് വേണ്ടി തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ മനേഷ് സജീവമായി. ഇത് ബിജെപി ബൂത്ത് കമ്മിറ്റിയെ ചൊടിപ്പിച്ചു.

കഴിഞ്ഞ ഞായറാഴ്‌ചയാണ് ബിജെപി ബൂത്ത് കമ്മിറ്റി ചേർന്നത്. ഈ യോഗത്തിൽ മനേഷിനെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ, ഇക്കാര്യം മനേഷ് അറിഞ്ഞിട്ടില്ല. തൊട്ടടുത്ത ദിവസം വീടിന്റെ സമീപമുള്ള ഒരു ക്ലബിൽ നിൽക്കുമ്പോഴാണ് തനിക്കെതിരെ പോസ്റ്റർ ഒട്ടിച്ച കാര്യം മനേഷ് അറിയുന്നത്. പാർട്ടിയിൽ നിന്നു പുറത്താക്കിയെന്ന് പറഞ്ഞുള്ള പോസ്റ്ററുകൾ ഒട്ടിച്ചിട്ടുള്ള കാര്യം അച്ഛൻ മോഹനൻ പിള്ളയാണ് തന്നെ അറിയിച്ചതെന്ന് മനേഷ് പറയുന്നു.

“എന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കിയെന്ന് കാണിച്ചുള്ള പോസ്റ്ററുകൾ പലയിടത്തും ഒട്ടിച്ചിട്ടുണ്ടെന്ന് അച്ഛനാണ് അറിയിച്ചത്. വർഷങ്ങളായി ഞാൻ പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കുന്ന ആളാണ്. വീട്ടിലെ എല്ലാവരും കമ്യൂണിസ്റ്റ് അനുഭാവികളാണ്. ഞാൻ മാത്രമാണ് ബിജെപിക്ക് വേണ്ടി പ്രവർത്തിക്കുന്നത്. പാർട്ടിയുടെ എന്ത് പരിപാടിക്കും പോയിരുന്ന ആളാണ് ഞാൻ. അങ്ങനെയുള്ള എന്നോട് പാർട്ടി ചെയ്തത് എനിക്ക് സഹിക്കാനായില്ല. എന്നെ പുറത്താക്കിയ കാര്യം ഫോൺ വിളിച്ചോ നേരിട്ടോ അറിയിക്കാമായിരുന്നു. അവർ അതുപോലും ചെയ്തില്ല. പോസ്റ്ററുകൾ കണ്ടപ്പോൾ വലിയ വിഷമമായി. വീട്ടിൽ വിഷമിച്ചിരിക്കുന്ന എന്നോടാണ് അച്ഛനാണ് ബിജെപിക്ക് നന്ദി പറഞ്ഞ് വേറെ പോസ്റ്ററൊട്ടിക്കാൻ പറഞ്ഞത്,” മനേഷ് പറഞ്ഞു.

അച്ഛൻ പറഞ്ഞതുകേട്ട് മനേഷ് പോസ്റ്ററുകൾ ഒട്ടിച്ചു. ബിജെപി പോസ്റ്റർ പതിച്ച എല്ലായിടത്തും മനേഷും മറ്റൊരു സുഹൃത്തും ചേർന്നാണ് പോസ്റ്റർ പതിച്ചത്. ഏകദേശം 20 പോസ്റ്ററുകൾ ഇങ്ങനെ ഒട്ടിച്ചെന്ന് മനേഷ് പറയുന്നു. ചടയമംഗലത്ത് ഓട്ടോറിക്ഷ ഡ്രെെവറാണ് 25 കാരനായ മനേഷ്. തന്റെ പോസ്റ്ററുകൾ സോഷ്യൽ മീഡിയയിൽ ഇത്ര വലിയ ഹിറ്റായ കാര്യം മനേഷ് ഇപ്പോഴാണ് അറിയുന്നത്. എന്നാൽ, പാർട്ടിയെ ട്രോളാനല്ല മറിച്ച് വിഷമം കൊണ്ടാണ് ഇത് ചെയ്തതെന്ന് മനേഷ് ആവർത്തിച്ചുപറയുന്നു.

ചെറുപ്പം മുതൽ ബിജെപിയുടെ സജീവ പ്രവർത്തകനാണ് മനേഷ്. എന്നാൽ, ഇനി ബിജെപിയിലേക്ക് ഇല്ലെന്നാണ് മനേഷ് പറയുന്നത്. ഇനി ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയോട് സഹകരിച്ച് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ അത് കോൺഗ്രസിനൊപ്പമായിരിക്കുമെന്നും മനേഷ് പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook