ഹെയര്‍ സ്റ്റൈലിസ്റ്റായ ജാവേദ് ഹബീബ് തിങ്കളാഴ്ച്ചയാണ് ബിജെപിയില്‍ ചേര്‍ന്നത്. രാജ്യത്തെ 110 നഗരങ്ങളില്‍ 846 ഇടങ്ങളിലാണ് ഹബീബിന്റെ സലൂണുകള്‍ പ്രവര്‍ത്തിക്കുന്നത്. ഇന്ന് മുതല്‍ താനും ‘കാവല്‍ക്കാരനാണ്’ എന്ന പ്രഖ്യാപനത്തോടെയാണ് അദ്ദേഹം ബിജെപിയില്‍ ചേര്‍ന്നത്. ‘ഇന്ന് വരെ ഞാന്‍ മുടിയുടെ കാവല്‍ക്കാരനായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഞാനും രാജ്യത്തിന്റെ കാവല്‍ക്കാരനായി,’ ഹബീബ് പ്രഖ്യാപിച്ചു.

ഹബീബ് ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ സോഷ്യല്‍മീഡിയയില്‍ ട്രോളുകളും നിറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷായും മെമെകളില്‍ നിറഞ്ഞു. ഹബീബിന്റെ വരവോടെ ബിജെപി നേതാക്കളുടെ ഹെയര്‍ സ്റ്റൈലില്‍ കാര്യമായ മാറ്റങ്ങളുണ്ടാകുമെന്നാണ് ട്രോളന്മാരുടെ പക്ഷം. ട്രോളന്മാര്‍ തന്നെ നേതാക്കളുടെ മുടിയില്‍ പരീക്ഷണങ്ങള്‍ നടത്തി പുതിയ ഹെയര്‍സ്റ്റൈല്‍ മെമെകളാക്കി പ്രചരിപ്പിച്ചു. ഇതില്‍ പ്രധാനമന്ത്രിയും അമിത് ഷായും ഉളള ചിത്രം വൈറലായി മാറി.

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി, മാഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് എന്നിവര്‍ക്കും മേക്കോവര്‍ ലഭിച്ചു. നടനും ബിജെപി അനുഭാവിയും ആയ അനുപം ഖേറിന്റെ മുടിയിലും ട്രോളന്മാര്‍ പരീക്ഷണം നടത്തി. 2017ല്‍ ഹിന്ദുത്വ സംഘടനകളുടെ ആക്രമണത്തിന് ഇരയായ ആളാണ് ഹബീബ്. അദ്ദേഹത്തിന്റെ കമ്പനിക്ക് വേണ്ടി തയ്യാറാക്കിയ പരസ്യം ഹിന്ദു ദൈവങ്ങളെ അവഹേളിക്കുന്നതാണെന്ന് കാട്ടിയായിരുന്നു അക്രമം നടത്തിയത്. പിന്നീട് ഇദ്ദേഹം ക്ഷമാപണം നടത്തുകയും ചെയ്തു.

Read More: ഗൗതം ഗംഭീര്‍ ഈസ്റ്റ് ഡല്‍ഹിയിലെ ബിജെപി സ്ഥാനാര്‍ത്ഥി

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook