തമിഴ് നടന്‍ വിജയ്‌യുടെ മുഴുവന്‍ പേര് ജോസഫ് വിജയ് ചന്ദ്രശേഖര്‍ എന്നാണ്. അദ്ദേഹം ഒരു ക്രിസ്ത്യാനിയുമാണ്. ഇതിലെന്താ ഇത്ര വിശേഷം എന്നായിരിക്കും നമ്മുടെ ചോദ്യം. എന്നാല്‍ ഒരു ബിജെപി നേതാവ് ചിന്തിച്ചത് അപ്രകാരമല്ല. ബിജെപിയുടെ ദേശീയ സെക്രട്ടറി എച്ച്.രാജയാണ് കഴിഞ്ഞ ദിവസം വിജയ്‌യുടെ തിരിച്ചറിയല്‍ കാര്‍ഡ് ട്വീറ്റ് ചെയ്ത് താരം ക്രിസ്ത്യനാണെന്ന് ‘വെളിപ്പെടുത്തല്‍’ നടത്തിയത്.

‘സത്യം കയ്പേറിയത് ആണ്’ എന്ന അടിക്കുറിപ്പോടെയായിരുന്നു രാജയുടെ ട്വീറ്റ്. മെര്‍സലിലൂടെ ജിഎസ്ടിയേയും കേന്ദ്ര സര്‍ക്കാരിനേയും വിമര്‍ശിച്ചത് വിജയ് ഒരു ക്രിസ്ത്യന്‍ ആയത് കൊണ്ടാണ് എന്നാണ് രാജ സ്ഥാപിക്കാന്‍ ശ്രമിച്ചത്. എന്നാല്‍ രാജയുടെ നടപടിയില്‍ രോഷം പ്രകടിപ്പിച്ചാണ് ട്വിറ്റര്‍ ഉപയോക്താക്കള്‍ രംഗത്തെത്തിയത്. വിഷയത്തില്‍ നടന്റെ മതം വലിച്ച് ഇഴക്കേണ്ട കാര്യം എന്താണെന്ന് ആരാധകര്‍ ചോദിച്ചു. #WeLoveJosephVijay എന്ന ഹാഷ്ടാഗും ആരാധകര്‍ ട്വിറ്ററില്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.

മെര്‍സലിലെ കേന്ദ്രത്തിനെതിരായ ആരോപണങ്ങള്‍ വാസ്തവവിരുദ്ധമാണെന്നാണ് ബിജെപിയുടെ വാദം. എന്നാല്‍ #MersalVersusModi എന്ന ഹാഷ്ടാഗോടെയാണ് ആരാധകര്‍ ഇതിനെ നേരിട്ടത്. ബിജെപി തമിഴ്നാട് യൂണിറ്റിന്റെ പ്രസിഡന്റ് തമിളിസൈ സൗന്ദര്‍രാജന്‍ മെര്‍സലിനെതിരെ രംഗത്ത് വന്നതോടയാണ് സംഭവം വിവാദമായത്.

ബിജെപി രംഗത്ത് വന്നെങ്കിലും ചിത്രം വിജയക്കുതിപ്പ് തുടരുകയാണ്. ചിത്രം ഇപ്പോള്‍ തന്നെ 100 കോടി ക്ലബ്ബില്‍ കയറിയെന്നാണ് കോളിവുഡില്‍ നിന്നുളള വിവരം. ചിത്രത്തില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കുന്ന രംഗങ്ങള്‍ക്കെതിരെ ബിജെപി രംഗത്ത് വന്നതും ചിത്രത്തിന്റെ മൈലേജ് വര്‍ധിപ്പിക്കുകയാണ് ചെയ്തത്.