എറണാകുളം: ചാനൽ ചർച്ചയിൽ ഉത്തരംമുട്ടി കേരളത്തിലെ ഒരു ബിജെപി നേതാവ് കൂടി. മനോരമ ന്യൂസിന്റെ കൗണ്ടർ പോയിന്റ് ചർച്ചയിൽ കെ.സുരേന്ദ്രനാണ് ഇത്തവണ ഉത്തരമില്ലാതെ വട്ടം കറങ്ങിയത്. മുംബൈ ഭീകരാക്രമണക്കേസ് പ്രതി ഡേവിഡ് കോൾമാൻ ഹെഡ്‌ലിയെപ്പറ്റി ചോദിച്ചപ്പോഴാണ് കെ. സുരേന്ദ്രന് ഉത്തരംമുട്ടിയത്.

ഇസ്രത്ത് ജഹാനാണ് ഇന്ത്യയിലെ ആദ്യ ഐഎസ് ഭീകരനെന്ന് സുരേന്ദ്രൻ പറഞ്ഞപ്പോഴാണ് , ഷാനി പ്രഭാകർ പ്രസ്താവനയുടെ വസ്തുതയെപ്പറ്റി ചോദിച്ചത്. അപ്പോൾ ഡേവിഡ് കോൾമാൻ ഹെഡ്‌ലിയാണ് ഇസ്രത്ത് ജഹാൻ ഐഎസ് ഭീകരനാണെന്ന് പറഞ്ഞതെന്ന് കെ. സുരേന്ദ്രൻ അവകാശപ്പെട്ടത്. എന്നാൽ ആരാണ് ഡേവിഡ് കോഹ്‌ലി, ഇസ്രത്ത് ജഹാൻ കേസുമായി എന്താണ് ഇയാൾക്ക് ബന്ധമെന്ന് ചോദിച്ചതോടെ കെ. സുരേന്ദ്രൻ പതറി.

ഡേവിഡ് കോൾമാൻ ഹെഡ്‌ലിയെപ്പറ്റി നിങ്ങൾപ്പറയൂ, നിങ്ങൾ ആടിനെ പട്ടിയാക്കുന്ന പണിയെടുക്കരുതെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. എന്നാൽ ആ ചോദ്യത്തിൽ നിന്ന് വിട്ടുമാറാതെ ഡേവിഡ് കോൾമാൻ ഹെഡ്‌ലി ആരാണെന്ന് ഷാനി ചോദിച്ചുകൊണ്ടിരുന്നു. എന്നാൽ നിങ്ങൾ പറയൂ, നിങ്ങൾ പറയൂ എന്ന് കെ. സുരേന്ദ്രൻ ആവർത്തിച്ചുകൊണ്ടിരുന്നു.

ഒടുവിൽ കെ.സുരേന്ദ്രന് ഡേവിഡ് കോൾമാൻ ഹെഡ്‌ലിയെപ്പറ്റി ഒന്നുമറിയില്ല എന്ന് മനസ്സിലായതോടെ ഷാനി ചെറുപുഞ്ചിരിയോടെ അടുത്ത ചോദ്യത്തിലേക്ക് പോയി. ഈ ചോദ്യത്തിൽ നിന്ന് ഒഴിവാകാൻ കെ.സുരേന്ദ്രൻ നടത്തിയ ശ്രമം പ്രേക്ഷകർക്കിടയിൽ ചിരി ഉളവാക്കുന്നതാണ്.

മുംബൈ ഭീകരാക്രമണ കേസില്‍ അമേരിക്കയിലെ ജയിലില്‍ കഴിയുന്ന പാക് വംശജനാണ് ഡേവിഡ് കോള്‍മാന്‍ ഹെഡ്ലി. 2008 സെപ്റ്റംബറില്‍ ആക്രമണം നടത്താനാണ് ആദ്യം പദ്ധതിയിട്ടത്. എന്നാല്‍ കടലില്‍ വച്ച് ബോട്ട് തകര്‍ന്നതോടെ ആ ശ്രമം പരാജയപ്പെട്ടു. പിന്നീട് ഒക്ടോബറിലാണു വീണ്ടും പദ്ധതിയിട്ടത്. അതും പരാജയപ്പെട്ടു. നവംബര്‍ 26നു നടത്തിയ മൂന്നാം ആക്രമണം വിജയിക്കുകയായിരുന്നുവെന്നു മുംബൈ ടാഡ കോടതിയില്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി ഹെഡ്ലി മൊഴി നല്‍കിയിരുന്നു. കഴിഞ്ഞ ഡിസംബറില്‍ മുംബൈയിലെ 26/11 ആക്രമണക്കേസില്‍ ഡേവിഡ് ഹെഡ്ലിയെ മാപ്പുസാക്ഷിയാക്കിയിരുന്നു. ശിക്ഷ ഒഴിവാക്കിയാല്‍ മാപ്പു സാക്ഷിയാകാമെന്ന ഹെഡ്ലിയുടെ വാഗ്ദാനം പ്രോസിക്യൂഷനും കോടതിയും സ്വീകരിക്കുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ