തിരുവനന്തപുരം: ഡല്‍ഹിയില്‍ സിപിഎം ആസ്ഥാനത്ത് ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് നേരെ നടന്ന കൈയ്യേറ്റ ശ്രമത്തിന് പിന്നാലെ തിരുവനന്തപുരത്ത് ബിജെപി ഓഫീസിന് നേരെ നടന്ന ബോംബേറാണ് ഇന്ന് നവമാധ്യമങ്ങളിലെ പ്രധാന ചര്‍ച്ചാ വിഷയം. ബോംബേറ് നടത്തിയത് സിപിഎം ആണെന്ന് ബിജെപി ആരോപിക്കുമ്പോള്‍ കളളന് കപ്പലില്‍ തന്നെയാണെന്നാണ് സിപിഎമ്മിന്റെ ആരോപണം.
ബിജെപിക്കെതിരെ സംശയത്തിന്റെ ചൂണ്ടുവിരല്‍ നീളാന്‍ കാരണം മറ്റൊന്നുമല്ല, ബോംബെറിയുന്ന സമയത്ത് ഓഫീസില്‍ ആരുമുണ്ടായിരുന്നില്ലെന്നും കൃത്യ സമയത്ത് തന്നെ സിസിടിവി കണ്ണടച്ചുവെന്നുമാണ് ബിജെപി നേതാക്കള്‍ പൊലീസിനെ അറിയിച്ചത്. ആസൂത്രിതമായി ബിജെപി തന്നെ തയ്യാറാക്കിയ തിരക്കഥയാണ് ഇതെന്ന് വാദിക്കാന്‍ എതിര്‍ഭാഗത്തിന് മറ്റൊന്നും വേണ്ടിയിരുന്നില്ല.
എന്നാല്‍ യുവമോർച്ചയുടെ കഴക്കൂട്ടം മണ്ഡലത്തിലെ നേതാവും വി മുരളീധരന്റെ അടുപ്പക്കാരനുമായ ജയദേവ് ഹരീന്ദ്രൻ നായരുടെ ഫെയ്സ്ബുക്ക് പോസ്റ്റും ബിജെപിയെ അടിക്കാനുള്ള വടിയായി മാറി. രാത്രി എട്ട് മണിയോടെ നടന്ന ബോംബേറിന്റെ വാര്‍ത്ത ഒരു മണിക്കൂറു മുമ്പേ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്താണ് അദ്ദേഹം വിവാദത്തില്‍പെട്ടത്.
എന്നാല്‍ കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ 6ന് കുന്നുക്കുഴി ബിജെപി ഓഫീസില്‍ നടന്ന ആക്രമണത്തെ കുറിച്ചാണ് ഇപ്പോള്‍ പോസ്റ്റിട്ടതെന്നാണ് യുവമോര്‍ച്ചാ നേതാവിന്റെ വാദം.
എന്നാല്‍ ‘ജയദേവ്ജി’ക്ക് ചെറുപ്പം മുതലേ ജ്യോതി ശാസ്ത്രത്തിലും മഷിനോട്ടത്തിലുമുള്ള പ്രാഗത്ഭ്യം കൊണ്ട് പ്രവചനം നടത്തിയതാണ് ഇതെന്നാണ് പിന്തുണച്ച ചിലര്‍ വാദിച്ചത്.