തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ സത്യപ്രതിജ്ഞയാണ് സാമൂഹ്യമാധ്യമങ്ങളിൽ ഇപ്പോൾ ചർച്ചയായിരിക്കുന്നത്. ദൈവ നാമത്തിലോ അല്ലാതെയോ സത്യപ്രതിജ്ഞ ചെയ്യുന്നതാണ് പൊതുവേ നമ്മൾ കാണാറുള്ളത്. എന്നാൽ, ഇന്നലെ ചിലരുടെ സത്യപ്രതിജ്ഞ ഇതിൽ നിന്നെല്ലാം വളരെ വ്യത്യസ്തമായിരുന്നു.
ബിജെപി ജനപ്രതിനിധിയുടെ സംസ്കൃതത്തിലെ സത്യപ്രതിജ്ഞ ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്. പാലക്കാട് മലമ്പുഴ പഞ്ചായത്തിൽ ഏഴാം വാർഡ് (കടുക്കാംകുന്നം) ബിജെപി അംഗം എം.മാധവദാസ്, തിരുവനന്തപുരം കോർപറേഷനിലെ കരമന വാർഡിലെ ജി.എസ്.മഞ്ജു, പത്തനംതിട്ട മലയാലപ്പുഴ പഞ്ചായത്ത് ഒൻപതാം വാർഡായ വെട്ടൂർ ടൗണിലെ ബിജെപി അംഗം വി.വി.സന്തോഷ് കുമാർ, കോട്ടയത്ത് ബിജെപി അംഗങ്ങളായ നഗരസഭ 41–ാം വാർഡിലെ കെ.ശങ്കരൻ, അയ്മനം പഞ്ചായത്തിലെ 15–ാം വാർഡിലെ കെ.ദേവകി, കല്ലറ പഞ്ചായത്ത് നാലാം വാർഡിലെ അരവിന്ദ് ശങ്കർ എന്നിവരാണ് സംസ്കൃതത്തിൽ സത്യപ്രതിജ്ഞ ചെയ്തത്. ഇതിൽ അയ്മനം പഞ്ചായത്തിലെ 15–ാം വാർഡിലെ ജനപ്രതിനിധി കെ.ദേവകിയുടെ സത്യപ്രതിജ്ഞയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വെെറലായിട്ടുണ്ട്.
അതേസമയം, സംസ്കൃതത്തിൽ സത്യപ്രതിജ്ഞ ചെയ്തവരിൽ ഭൂരിഭാഗം പേരും അത് മലയാളത്തിൽ എഴുതികൊണ്ടുവന്ന് വായിക്കുകയായിരുന്നു. ഇതിന്റെ ചിത്രങ്ങൾ കൂടി പ്രചരിച്ചതോടെ സോഷ്യൽ മീഡിയയിൽ സത്യപ്രതിജ്ഞ ചടങ്ങുകൾ വൻ ചർച്ചയായിട്ടുണ്ട്. കരമന വാർഡിലെ ജി.എസ്.മഞ്ജു മലയാളം കോപ്പി നോക്കി വായിക്കുന്നതിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്.
ചില ബിജെപി സ്ഥാനാർഥികൾ അയ്യപ്പ നാമത്തിലും ചിലർ ശ്രീരാമന്റെ നാമത്തിലും സത്യപ്രതിജ്ഞ ചെയ്തിരുന്നു.