യുവതി മാന്‍കുഞ്ഞിന് മുലയൂട്ടുന്ന ചിത്രം സോഷ്യൽ മീഡിയയില്‍ വൈറലായി മാറി. ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് ഓഫീസറായ പര്‍വീന്‍ കശ്വാനാണ് ചിത്രം ആദ്യം ട്വീറ്റ് ചെയ്തത്. ജോധ്പൂരിലെ ബിഷ്ണോയി സമുദായത്തിലെ യുവതിയാണ് ഒരു മനുഷ്യക്കുഞ്ഞിനെ പോലെ മാന്‍കുഞ്ഞിനെ മടിയില്‍ വച്ച് മുലയൂട്ടിയത്.

‘ഇങ്ങനെയാണ് ജോധ്പൂരിലെ ബിഷ്ണോയി സമുദായക്കാര്‍ മൃഗങ്ങളെ പരിപാലിക്കുന്നത്. ഈ മൃഗങ്ങളും അവര്‍ക്ക് സ്വന്തം മക്കളെ പോലെയാണ്. ഒരു വനിത മാനിനെ മുലയൂട്ടുന്നു. 1730-ൽ രാജാവിന്റെ ആൾക്കാർ മരം മുറിക്കുന്നതു തടയാന്‍ 363 പേരുടെ ജീവൻ ബലിനൽകിയ അതേ സമുദായക്കാരാണ് ഇവര്‍,’ പര്‍വീന്‍ ട്വീറ്റ് ചെയ്തു.

ആയിരക്കണക്കിന് പേരാണ് ചിത്രം സോഷ്യൽ മീഡിയയില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. യുവതിയെ അഭിനന്ദിച്ച് പലരും രംഗത്തെത്തി. ‘ഇത് വളരെ മനോഹരമാണ്. അവരെ അഭിനന്ദിക്കാതെ നിര്‍വാഹമില്ല, ആ യുവതി വലിയൊരു അമ്മയാണ്,’ ഒരാള്‍ ട്വീറ്റ് ചെയ്തു.

‘ദൈവീകമായ കാര്യമാണ് അവര്‍ ചെയ്തത്. ബിഷ്ണോയികള്‍ എന്നും ആടുകള്‍, പശു, പോത്ത്, മുയല്‍, പൂച്ച, പക്ഷികള്‍ എന്നിവയെ ഒക്കെ പരിപാലിക്കുന്നവരാണ്. ഓരോ മൃഗത്തിനും അവര്‍ പേരും നല്‍കാറുണ്ട്. പക്ഷെ മൃഗങ്ങള്‍ക്ക് മുലയൂട്ടുന്നത് മനുഷ്യത്വത്തിനും അപ്പുറമാണ്,’ ഒരാള്‍ കുറിച്ചു.

ഹിന്ദുമതത്തിലെ വൈഷ്ണവ ആരാധകരായ ഒരു വിഭാഗമാണ് ബിഷ്ണോയികൾ. ഗുരു ജംബേശ്വർ രൂപപ്പെടുത്തിയ 29 തത്വങ്ങൾ അടിസ്ഥാനമാക്കിയാണ് ബിഷ്ണോയികൾ ജീവിച്ചുവരുന്നത്. പ്രകൃതി സംരക്ഷണത്തിലും, സസ്യജന്തുജാലങ്ങളോടുള്ള സ്നേഹത്തിലും ബിഷ്ണോയികൾ പ്രസിദ്ധരാണ്. അവർ ജീവിക്കുന്ന സ്ഥലങ്ങളിൽ യാതൊരു ഭയവും കൂടാതെ മാനുകളും മറ്റും നടക്കുന്നതു കാണാം.

രാജാവിന്റെ ആൾക്കാർ മരം മുറിക്കുന്നതു തടയാൻ 1730-ൽ 363 ബിഷ്ണോയികൾക്ക് ജീവൻ ബലിനൽകേണ്ടിവന്നു. മരം മുറിക്കാതിരിക്കാൻ മരത്തിൽ കെട്ടിപ്പിടിച്ച് നിൽകുകയാണ് ചെയ്തത്. 1730 സെപ്റ്റംബർ 9-ന് ജോധ്പൂറിന്റെ മഹാരാജാവായ അഭയ് സിങ്ങിന്റെ പടയാളികൾ വിറകിനായി ഒരു ബിഷ്ണോയി ഗ്രാമമായ ഖെജാരിയിലെ മരങ്ങൾ മുറിക്കാനായി എത്തിയതറിഞ്ഞ് ഗ്രാമത്തിലെ അംഗമായ അമൃതാ ദേവി അവരെ തടയാൻ ശ്രമിക്കുകയും, അവരുടെ അപേക്ഷയെ പടയാളികൾ നിരസിച്ചതിനെ തുടർന്ന് അമൃതാദേവിയും അവരുടെ കുടുംബവും വെട്ടാനുള്ള വൃക്ഷങ്ങളെ കെട്ടിപ്പിടിച്ചുകൊണ്ടു നിലകൊള്ളുകയും ചെയ്തു.

ഇതിലും പിന്തിരിയാതിരുന്ന പടയാളികൾ ആ കുടുംബത്തിലെ എല്ലാവരേയും മരങ്ങളോടൊപ്പം വെട്ടിവീഴ്ത്തി. ഇതറിഞ്ഞ് തടിച്ചു കൂടിയവരിൽ മരങ്ങളെ ആലിംഗനം ചെയ്ത 363-ബിഷ്ണോയികളേയും അതേ രീതിയിൽ പടയാളികൾ മരങ്ങളോടൊപ്പം വെട്ടി വീഴ്ത്തി. ഇതറിഞ്ഞ മഹാരാജാവ് തന്റെ പടയാളികളെ മരം വെട്ടുന്നതിൽ നിന്നും തടയുകയായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook