ഹൈദരാബാദ്: ആന്ധ്രപ്രദേശിലും തെലങ്കാനയിലും കഴിഞ്ഞ ദിവസങ്ങളില്‍ ‘അജ്ഞാത ജീവിയുടെ’ ചിത്രങ്ങളും വിഡിയോകളും പ്രചരിച്ചിരുന്നു. വിശാഖപട്ടണത്തെ ആള്‍പ്പാര്‍പ്പില്ലാത്ത ഒരു കെട്ടിടത്തില്‍ നിന്ന് കണ്ടെത്തിയ ഇവ ‘അന്യഗ്രഹജീവികള്‍’ ആണെന്ന തരത്തിലാണ് വിഡിയോ പ്രചരിച്ചത്.

രണ്ട് കാലില്‍ നിന്നിരുന്ന ഇവ ക്യാമറയ്ക്ക് നേരെ തന്നെ നോക്കി നില്‍ക്കുന്നതായി വിഡിയോയില്‍ കാണാം. എന്നാല്‍ ഇത് അന്യഗ്രഹജീവികള്‍ ആണെന്ന വാദം തളളിയാണ് നെഹ്റു വന്യജീവി സംരക്ഷണ വിഭാഗം അധികൃതര്‍ രംഗത്തെത്തിയത്. Barn Owl വിഭാഗത്തില്‍ പെട്ട മൂങ്ങയാണിത്. അതായത് നമ്മുടെ നാട്ടിലെ കളപ്പുര കൂമന്‍/ പത്തായ മൂങ്ങ എന്നറിയപ്പെടുന്ന പാവം പക്ഷി.

ഹൃദയത്തിന്റെ ആകൃതിയുളള മുഖവും വളഞ്ഞ് താഴേക്കുളള കൊക്കും സ്പീഷിന്റെ പ്രത്യേകതയാണ്. ചേക്കിയിരിക്കാതെ രണ്ട് കാലിലും മനുഷ്യരെ പോലെ നിന്നത് കൊണ്ടാണ് അന്യഗ്രഹജീവികളാണെന്ന് കരുതി ജനങ്ങള്‍ ഷെയര്‍ ചെയ്തത്. എന്നാല്‍ ആളനക്കം അറിഞ്ഞത് കൊണ്ട് ജാഗരൂകരാവുന്നത് കൊണ്ടാണ് അവ ഇപ്രകാരം നിന്നതെന്ന് വന്യജീവി സംരക്ഷകര്‍ പറയുന്നു. കൂടാതെ നിരപ്പായ തലമായത് കൊണ്ടാണ് ഇങ്ങനെ നിന്നത്. കാലുകള്‍ക്ക് മുറുകെ പിടിക്കാവുന്ന തരത്തിലുളള എന്തെങ്കിലും വസ്തു ഉണ്ടായിരുന്നെങ്കില്‍ അവ സാധാരണ പ്രകാരമായിരിക്കും നില്‍ക്കുക എന്നും ഇവര്‍ പറയുന്നു.

കൂടാതെ മൂങ്ങകളുടെ ദേഹത്ത് തൂവലുകള്‍ കുറവായതും കൊണ്ടാണ് ഇവ മറ്റേതോ ജീവിയാണെന്ന് ജനങ്ങള്‍ കരുതിയത്. പ്രായം കുറവായത് കൊണ്ടാവാം ഇവയ്ക്ക് തൂവലുകള്‍ കുറവെന്നാണ് നിഗമനം. അതേസമയം മൂങ്ങകള്‍ക്ക് പോഷകാഹാരക്കുറവ് ഉണ്ടെന്നാണ് പക്ഷിവിദഗ്‌ധരുടെ അഭിപ്രായം. ഇവയെ ഉപദ്രവിക്കരുതെന്നും സമീപത്ത് നിന്ന് വിട്ടു നില്‍ക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Social news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ