പൊലീസുകാര്‍ അത്ര മനസലിവുള്ളോരല്ലെന്നാണ് കുറച്ച് കാലമായി ഉയരുന്ന ആക്ഷേപം. എന്നാല്‍ അത്തരം വിമര്‍ശനങ്ങളെ ചില വീഡിയോകള്‍ക്കൊണ്ട് ഉടച്ചു വാര്‍ക്കുകയാണ് കേരള പൊലീസിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍. കേരള പൊലീസ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
പൊലീസ് ഉദ്യോഗസ്ഥന്റെ യൂണിഫോമിലേക്ക് പറന്നെത്തിയിരിക്കുന്ന കുഞ്ഞിക്കിളിയാണ് വീഡിയോയിലെ ശ്രദ്ധാകേന്ദ്രം. ഉദ്യോഗസ്ഥന്റെ കൈകളില്‍ ചെത്തിപ്പു ഇരിക്കുന്നതും കാണാം. ഒരുപക്ഷെ പൂ കണ്ടായിരിക്കാം കിളി പറന്നെത്തിയതും. കിളിക്ക് തേന്‍ നുകരാനായി പ ുനല്‍കാനും ഉദ്യോഗസ്ഥന്‍ ശ്രമിക്കുന്നുണ്ട്.
ഒന്ന് രണ്ട് തവണ പൂവില്‍ നിന്ന് തേന്‍ നുകരാന്‍ ശ്രമിച്ചെങ്കിലും കിളിക്ക് സ്വാദ് അത്ര ഇഷ്ടമായില്ലെന്നാണ് തോന്നുന്നത്. പിന്നീട് തേന്‍ തുകരാനുള്ള താല്‍പ്പര്യവും കിളി കാണിച്ചില്ല. ഈ സമയത്താണ് കയ്യിലേക്ക് കിളിയെ എത്തിക്കാന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ശ്രമം നടത്തിയത്. പക്ഷെ കിളിയതിനോടം മുഖം തിരിച്ചു നില്‍ക്കുകയാണ് ചെയ്തത്.
ഹൃദയത്തിൽ കൂട് കൂട്ടാം, അപ്രതീക്ഷിതമായി യൂണിഫോമിലെ വിസ്സിൽ കോഡിലേക്ക് പറന്നെത്തിയ അതിഥി, എന്നാണ് വീഡിയോയ്ക്ക് നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍.
പക്ഷെ വീഡിയോയ്ക്ക് താഴെ വീഡിയോ പോലെ അത്ര ക്യൂട്ട് കമന്റുകളായിരുന്നില്ല വന്നത്. കേരള പൊലീസിനെ തലങ്ങും വിലങ്ങും നെറ്റിസണ്‍സ് വിമര്‍ശിക്കുകയാണുണ്ടായത്. ഡ്യൂട്ടി തടസപ്പെടുത്തി എന്ന് പറഞ്ഞു ഇനി ഇതിന് വല്ല പെറ്റിയും അടക്കേണ്ടി വരുമോ ആവോ എന്നാണ് ഒരാള്‍ കമന്റ് ചെയ്തിരിക്കുന്നത്.
അവരോട് കാണിക്കുന്ന സൗമ്യഭാവം ജനങ്ങളോടും കാണിക്കാൻ ശ്രമിക്കണം. ക്യാമറക്ക് മുന്നിൽ ഒരു മുഖവും കാക്കിക്കുകളിൽ മറ്റൊരു മുഖവും ആകരുതെന്ന് മറ്റൊരാളും ഓര്‍മ്മിപ്പിച്ചു. വേഗം പറന്ന് പൊക്കോളും അല്ലെങ്കില്‍ കള്ളക്കേസില്‍ കുടുക്കുമെന്നാണ് വേറൊരു കമന്റ്.