തിരുവനന്തപുരം: അമൃത ആശുപത്രിയില്‍ ഹൃദയ ശസ്ത്രക്രിയക്കായി പ്രവേശിപ്പിച്ചിരിക്കുന്ന കുഞ്ഞിനെ മംഗലാപുരത്ത് നിന്ന് ആംബുലന്‍സില്‍ കൊണ്ടുവരുന്നതിനിടയില്‍ വര്‍ഗീയ പരാമര്‍ശം നടത്തിയ ഹിന്ദു രാഷ്ട്ര സേവകനെതിരെ പരാതി.

അഭിഭാഷകനായ ശ്രീജിത്ത് പെരുമനയാണ് ബിനില്‍ സോമസുന്ദരത്തിന്‍റെ വർഗീയ അധിക്ഷേപത്തിനെതിരെ ഡിജിപിക്ക് പരാതി നല്‍കിയയിരിക്കുന്നത്. ബിനിൽ സോമസുന്ദരത്തിനെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് പൊലീസ് അറിയിച്ചതായി പരാതിക്കാരൻ ഫേസ്ബുക്ക് പോസ്റ്റിൽ അറിയിച്ചു.

ഇന്നലെ വൈകുന്നേരത്തോടെ ആംബുലന്‍സിൽ അമൃതയിലെത്തിച്ച 15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെതിരെയാണ് വർഗീയ അധിക്ഷേപം നടത്തി ബിനില്‍ സോമസുന്ദരം ഫേസ്ബുക്കിലും ട്വിറ്ററിലും കുറിപ്പിട്ടത്.  ആംബുലന്‍സിലുള്ളത് ജിഹാദിയുടെ വിത്താണ് എന്നായിരുന്നു ബിനില്‍ സോമസുന്ദരം സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

‘കെ എല്‍ 60 ജെ 7739 എന്ന ആംബുലന്‍സിനായ് കേരളമാകെ തടസ്സമില്ലാതെ ഗതാഗതം ഒരുക്കണം. കാരണം അതില്‍ വരുന്ന രോഗി ‘സാനിയ-മിത്താഹ്’ ദമ്പതികളുടേതാണ്.  ചികിത്സ സര്‍ക്കാര്‍ സൗജന്യമാക്കും. കാരണം ന്യൂനപക്ഷ(ജിഹാദിയുടെ) വിത്താണ്’ – ഇങ്ങനെയായിരുന്നു ബിനിൽ ഫേസ്ബുക്കിൽ കുറിച്ചത്. ഇതിനെതിരെ വ്യാപക പ്രതിഷേധമുയർന്നതോടെ ഇയാൾ പോസ്റ്റ് പിൻവലിച്ചു. അതിനു ശേഷം തന്റെ അക്കൗണ്ട് ആരോ ഹാക്ക് ചെയ്തു എന്ന് ഫേസ്ബുക്കിൽ കുറിക്കുകയും ചെയ്തു.എന്നാൽ, ഇതേ പോസ്റ്റ് ട്വിറ്ററിലും ഇയാൾ ഇട്ടിരുന്നു. ഫേസ്ബുക്ക് പോസ്റ്റ് ഡിലീറ്റ് ചെയ്തെങ്കിലും ട്വീറ്റ് പിൻവലിക്കാൻ മറന്നതോടെ ഇയാൾ വെട്ടിലാകുകയായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook