അടുത്തിടെ ഇന്ത്യയിലെത്തിയ മൈക്രൊസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ ഗേറ്റ്സ് മഹീന്ദ്രയുടെ ഇലക്ട്രിക് ഓട്ടൊ ഓടിക്കുകയും മികച്ച അഭിപ്രായം പങ്കുവയ്ക്കുകയും ചെയ്തു. തന്റെ ഇന്‍സ്റ്റഗ്രാം ഹാന്‍ഡിലിലൂടെയാണ് മഹീന്ദ്ര ട്രെയൊ ഓടിക്കുന്ന വീഡിയോ ബില്‍ ഗേറ്റ്സ് പോസ്റ്റ് ചെയ്തിരിക്കുന്നത്. മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍പേഴ്സണായ ആനന്ദ് മഹീന്ദ്ര വീഡിയോയ്ക്ക് പ്രതികരണം നല്‍കുകയും ചെയ്തു.
1949-ല്‍ പുറത്തിറങ്ങിയ ‘ചല്‍ത്തി കാ നാം ഗാഡി’ എന്ന ചിത്രത്തിലെ ‘ബാബു സംജൊ ഇഷാരെ’ എന്ന ഗാനം ചേര്‍ത്താണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. മൂന്ന് ചക്രങ്ങള്‍, വാതകം പുറത്തേക്ക് തള്ളുന്നില്ല, ഹോണിനല്ലാതെ മറ്റ് ശബ്ദങ്ങലുമില്ല. സീറോ-കാർബൺ ലോകം സൃഷ്ടിക്കാനായി കൃഷി മുതൽ ഗതാഗതം വരെ ചെയ്യുന്ന രീതി പുനർനിർമ്മിക്കേണ്ടതുണ്ട്, ബില്‍ ഗേറ്റ്സ് കുറിച്ചു.
“കണ്ടുപിടുത്തങ്ങളോടുള്ള ഇന്ത്യയുടെ അഭിനിവേശം അത്ഭുതപ്പെടുത്തുന്നു. ഞാന്‍ ഒരു ഇലക്ട്രിക് ഓട്ടൊ ഓടിച്ചു. നാല് പേരുമായി 131 കിലോ മീറ്റര്‍ വരെ സഞ്ചരിക്കാം. ഗതാഗത വ്യവസായത്തിന്റെ ഡീകാർബണൈസേഷനിൽ മഹീന്ദ്രയെപ്പോലുള്ള കമ്പനികൾ സംഭാവന ചെയ്യുന്നത് കാണുന്നത് പ്രചോദനകരമാണ്,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബില്‍ ഗേറ്റ്സിന്റെ വീഡിയോ ട്വിറ്ററില്‍ പങ്കുവച്ചുകൊണ്ടായിരുന്നു ആനന്ദ് മഹീന്ദ്രയുടെ പ്രതികരണം. അടുത്ത തവണ ബില്‍ ഗേറ്റ്സ് ഇന്ത്യയിലെത്തുമ്പോള്‍ സച്ചിനും താനുമായി ത്രീ വീലര്‍ ഇവി റെയ്സ് നടത്തണമെന്നും ആനന്ദ് ട്വീറ്റ് ചെയ്തു.
ഹാർവാർഡ് യൂണിവേഴ്‌സിറ്റിയിലെ തന്റെ സഹപാഠിയായ ബില്‍ ഗേറ്റ്‌സിനെ മഹീന്ദ്ര നേരിട്ട് കാണുകയും ഒരു പരിപാടിയിൽ അവർ ഒരുമിച്ച് നിൽക്കുന്ന ഒരു ഫോട്ടോ പങ്കുവയ്ക്കുകയും ചെയ്തിരുന്നു.