ജയ്‌പൂര്‍: പുല്‍വാമ ഭീകരാക്രമണത്തില്‍ രക്തസാക്ഷികളായ സിആര്‍പിഎഫ് ജവാന്‍മാര്‍ക്ക് ആദരമര്‍പ്പിക്കുകയാണ് രാജ്യം മുഴുവന്‍. എന്നാല്‍ രാജസ്ഥാനില്‍ ബിക്കാനെറില്‍ ഗോപാല്‍ സഹരണ്‍ എന്ന യുവാവ് ജവാന്‍മാരുടെ പേരുകള്‍ തന്റെ ശരീരത്തില്‍ ടാറ്റൂ ചെയ്തുകൊണ്ടാണ് അവരുടെ ജീവത്യാഗത്തിനു മുന്നില്‍ പ്രണാമം അര്‍പ്പിച്ചത്. 71 രക്തസാക്ഷികളുടെ പേരാണ് ഗോപാല്‍ തന്റെ ശരീരത്തില്‍ ടാറ്റൂ ചെയ്തിരിക്കുന്നത്.

ബിക്കാനെറിലെ ഭഗത് സിങ് യൂത്ത് ബ്രിഗേഡുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്ന ആളാണ് ഗോപാല്‍. രാജ്യത്തിന് വേണ്ടി ജീവന്‍ നല്‍കിയവരുടെ പേര് ഒരിക്കലും മറന്നു പോകാതിരിക്കാനാണ് താന്‍ ഇത് ചെയ്തതെന്ന് ഗോപാല്‍ പറയുന്നു.

‘നമ്മുടെ രാജ്യത്തിനായി ജീവന്‍ നഷ്ടപ്പെടുത്തിയര്‍ക്ക് ആദരവ് അര്‍പ്പിക്കാന്‍ ഞങ്ങള്‍ വിവിധ പരിപാടികള്‍ ആസൂത്രണം ചെയ്യുന്നുണ്ട്. പുല്‍വാമ ആക്രമണത്തിന് ശേഷമാണ് ഞാന്‍ തീരുമാനിച്ചത് അവരുടെ പേരുകള്‍ ഒരിക്കലും മറന്നു പോകാതിരിക്കാനായി എന്തെങ്കിലും ചെയ്യണമെന്ന്. പുല്‍വാമ ആക്രമണത്തില്‍ കൊല്ലപ്പെട്ട 40 പേര്‍ക്കു പുറമേ, സമീപകാലത്തു നടന്ന ആക്രമണങ്ങളില്‍ ജീവന്‍ നഷ്ടപ്പെട്ട മറ്റു 31 ജവാന്മാരുടെ പേരുകള്‍ കൂടി ഞാന്‍ ടാറ്റൂ ചെയ്തു,’ ഗോപാല്‍ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഫെബ്രുവരി 14നാണ് പുല്‍വാമ ജില്ലയില്‍ നടന്ന ഭീകരാക്രമണത്തില്‍ വസന്തകുമാര്‍ ഉള്‍പ്പെടെ 40 സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടത്. ആക്രമണത്തിന് പിന്നാലെ 17 മണിക്കൂര്‍ നീണ്ടു നിന്ന പോരാട്ടത്തിനൊടുവില്‍ ജെയ്ഷെ മുഹമ്മതിന്റെ മൂന്ന് കമാന്‍ഡര്‍മാരെയും സൈന്യം വധിച്ചു.

ജെയ്ഷെ മുഹമ്മദിന്റെ കശ്മീര്‍ താഴ്വരയിലെ കമാന്‍ഡര്‍ കമ്രാന്‍ ആണ് കൊല്ലപ്പെട്ട ഭീകരരില്‍ ഒരാള്‍. ഇയാള്‍ പാക്കിസ്ഥാന്‍ സ്വദേശിയാണ്. പുല്‍വാമയില്‍ ചാവേറാക്രമണത്തിനുളള പദ്ധതി തയാറാക്കിയത് ഇയാളെന്നാണ് കരുതുന്നത്. പാക്കിസ്ഥാന്‍ സ്വദേശിയായ റാഷിദ്, കശ്മീര്‍ സ്വദേശിയായ ഹിലാല്‍ അഹമ്മദ് എന്നിവരാണ് കൊല്ലപ്പെട്ട മറ്റു ഭീകരര്‍.

Get Malayalam News and latest news update from India and around the world. Stay updated with today's latest Social news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ