പല ബ്രാൻഡുകളുടേയും പരസ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. തനിഷ്കിന്റേയും, ഡാബര്‍ വാട്ടികയുടെയും, ഉജാലയുടേയുമെല്ലാം എത്രയോ പരസ്യങ്ങൾ നമ്മുടെ ഹൃദയങ്ങളെ കീഴടക്കിയിട്ടുണ്ട്. ഇക്കുറി കാഴ്ചക്കാരുടെ കണ്ണും മനസും നിറയ്ക്കുന്ന പരസ്യവുമായി എത്തിയിരിക്കുന്നത് ഭീമ ജ്വല്ലറിയാണ്.
സാധാരണ ജ്വല്ലറികളുടെ പരസ്യത്തിന്റെ പശ്ചാത്തലം വിവാഹമോ മറ്റ് ചടങ്ങുകളോ ആയിരിക്കും. ഇവിടെ ഒരു ട്രാൻസ് വ്യക്തിയുടെ ജീവിതം പശ്ചാത്തലമാക്കിയാണ് ഭീമയുടെ പരസ്യം.
ആൺശരീരത്തിൽ പെൺമനസുമായി ജീവിക്കുന്ന ഒരു മനുഷ്യൻ. പിന്നീടുള്ള ആ വ്യക്തിയുടെ ജീവിതവും മാതാപിതാക്കൾ തന്റെ കുഞ്ഞിനെ എങ്ങനെ അംഗീകരിക്കുന്നു എന്നതൊക്കെ ഉൾപ്പെടുത്തിയാണ് പരസ്യം. യഥാർഥ സ്നേഹം എന്നത് ഒരാളെ അയാളായി അംഗീകരിക്കാനുള്ള മനസാണ് എന്നതാണ് പരസ്യത്തിലൂടെ ഓർമിപ്പിക്കുന്നത്.
ഡെല്‍ഹിയിലെ ‘ആനിമൽ’ എന്ന ഏജൻസി തയ്യാറാക്കിയ പരസ്യ ചിത്രം ഭാരത് സിക്കയാണ് സംവിധാനം ചെയ്തിട്ടുള്ളത്.
ഈ പരസ്യം ഓണ്‍ലൈനില്‍ റിലീസ് ചെയ്തപോള്‍ വന്ന കമന്റുകളാണ് ശ്രദ്ധേയം. ഇതൊരു ചരിത്രമാണെന്നും സ്ത്രീത്വത്തിന്റെ പല ഭാവങ്ങളെ ആദരിക്കുന്നതാണെന്നും “പെണ്ണായാൽ പൊന്ന് വേണം” എന്ന് പാടുന്നതിൽ നിന്നും ഈ പരസ്യം വരെ ഭീമ താണ്ടിയ ദൂരത്തിൻ്റെ പേരാണ് പുരോഗമനം…” എന്നുമൊക്കെ നിരവധി കമന്റുകൾ വീഡിയോയുടെ യൂട്യൂബ് ലിങ്കിന് താഴെയുണ്ട്.
“ഞങ്ങളുടെ പ്രേക്ഷകരുടെ പിന്തുണയാണ് ഞങ്ങളെ മുന്നോട്ട് കൊണ്ടുപോകുന്നത്. അഭിനന്ദനങ്ങളും സ്നേഹവും നേടാനാകുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്,” എന്നാണ് ഭീമയുടെ പ്രതികരണം. ഒരു മോഡലിന് പകരം യഥാർഥ ട്രാൻസ് വ്യക്തിയെ തന്നെ പരസ്യത്തിൽ അഭിനയിപ്പിച്ചു എന്നതും ശ്രദ്ധേയമാണ്.

ഭീമയ്ക്ക് കൈയടികളുമായി സിനിമ രംഗത്തു നിന്നും ആളുകൾ എത്തുന്നുണ്ട്. ഈ പരസ്യം തന്നെ ഏറെ സ്പർശിച്ചുവെന്നും ഭീമയ്ക്ക് കൈയടികൾ നൽക്കുന്നുവെന്നുമാണ് നടി പാർവതി തിരുവോത്ത് തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പറയുന്നത്.