ഹോളിയോട് അനുബന്ധിച്ച്, പ്രമുഖ മാട്രിമോണി സൈറ്റായ ഭാരത് മാട്രിമോണി പുറത്തിറക്കിയ പരസ്യം സോഷ്യൽ മീഡിയയിൽ വിമർശനത്തിന് ഇടയായി. മാർച്ച് 7,8 തീയതികളിലായിരുന്നു ഹോളി ആഘോഷം. ആന്റി ഹിന്ദു അജൻഡ ആരോപിച്ച പരസ്യം വെബ്സൈറ്റിൽനിന്നു നീക്കണമെന്നും വിഷയത്തിൽ ക്ഷാമാപണം നടത്തണമെന്നുമായിരുന്നു സോഷ്യൽ മീഡിയയിലൂടെ നെറ്റിസൺസ് ആവശ്യപ്പെട്ടത്. എന്താണ് ശരിക്കും സംഭവിച്ചതെന്നറിയാം.
അന്താരാഷ്ട്ര വനിതാ ദിനവും ഹോളിയും ഇത്തവണ ഒരേ ദിവസമായിരുന്നു (മാർച്ച് 8). ഇതുമായി ബന്ധപ്പെട്ട് സ്ത്രീകൾക്ക് കൂടുതൽ സുരക്ഷിതവുമായ ഇടങ്ങൾ ഒരുക്കണമെന്ന് ആവശ്യവുമായിയാണ് ഭാരത് മാട്രിമോണിയുടെ പരസ്യം വന്നത്. ‘ഈ വനിതാദിനത്തിലും ഹോളിയിലും സ്ത്രീകൾക്ക് കൂടുതൽ സുരക്ഷിതമാതവും ഉൾക്കൊള്ളിക്കുന്നതുമായ ഇടങ്ങൾ ഒരുക്കി ആഘോഷിക്കാം. പൊതു ഇടങ്ങളിൽ സ്ത്രീകൾ നേരിടുന്ന വെല്ലുവിളികൾ അംഗീകരിക്കേണ്ടത് പ്രധാനമാണ്. അവരുടെ ക്ഷേമത്തെ ശരിക്കും ബഹുമാനിക്കുന്ന ഒരു സമൂഹത്തെ സൃഷ്ടിക്കുക – ഇന്നും എന്നേക്കും,’ പരസ്യത്തിനൊപ്പം നൽകിയ ക്യാപ്ഷനിൽ പറയുന്നു.
വീഡിയോ തുടങ്ങുന്നത് മുഖത്ത് ഹോളി നിറങ്ങൾ പുരണ്ട ഒരു യുവതിയുടെ ക്ലോസ്അപ്പിൽനിന്നാണ്. നിറങ്ങൾ കഴുകി കളയുമ്പോൾ, മുഖത്ത് ചില പാടുകളും മുറിവുകളും തെളിയുന്നു. “ചില നിറങ്ങൾ മായ്ച്ച് കളയാൻ കഴിയില്ല, ഹോളിക്കിടെ ഉണ്ടാകുന്ന ഉപദ്രവങ്ങൾ മാനസികാഘാതത്തിലേക്ക് നയിക്കുന്നു. ഇപ്പോൾ ഈ ആഘാതം നേരിട്ട മൂന്നിലൊരു സ്ത്രീ ഹോളി ആഘോഷിക്കുന്നത് അവസാനിപ്പിച്ചിരിക്കുന്നു. ഈ വനിതാ ദിനത്തിൽ സ്ത്രീകൾക്ക് സുരക്ഷിതമായി ഹോളി ആഘോഷിക്കുന്ന രീതി നമ്മൾക്ക് തിരഞ്ഞെടുക്കാം,” പറഞ്ഞ് വീഡിയോ അവസാനിക്കുന്നു. എന്നാൽ പരസ്യത്തിലൂടെ ഭാരത് മാട്രിമോണി നൽകാൻ ശ്രമിച്ച സന്ദേശം ഒരു വിഭാഗം സോഷ്യൽ മീഡിയ ഉപയോക്താക്കൾക്ക് ഇഷ്ടപ്പെട്ടില്ല.
“നിങ്ങൾ തികച്ചും വെറുപ്പുളവാക്കുന്നവരാണ്. ഒരു സാമൂഹിക സന്ദേശത്തെ ഹിന്ദു ഉത്സവമായ ഹോളിയുമായി ബന്ധിപ്പിക്കാൻ നിങ്ങൾക്ക് എങ്ങനെ ധൈര്യമുണ്ടായി? ഗാർഹിക പീഡനവും ഹോളിയും തമ്മിൽ എന്താണ് ബന്ധം? നിങ്ങൾക്ക് ചിന്തിക്കാനുള്ള കഴിവ് നഷ്ടപ്പെട്ടോ? നിങ്ങൾക്ക് ഹിന്ദു ഉപഭോക്താക്കളെ ആവശ്യമില്ല. നിങ്ങളുടെ സൈറ്റിൽ എന്താണ് സംഭവിക്കുന്നതെന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണം,” ഒരു ഉപയോക്താവ് പറഞ്ഞു.
നിങ്ങൾക്ക് ഹിന്ദു ഉപഭോക്താക്കളെ വേണ്ടേ? അതോ ഹിന്ദു ഉപഭോക്താക്കളെ കാര്യമാക്കേണ്ട എന്നാണോ? നിങ്ങളുടെ എല്ലാ പ്ലാറ്റ്‌ഫോമുകളിൽ നിന്നും പരസ്യം നീക്കം ചെയ്യുകയും നിരുപാധികം മാപ്പ് പറയുകയും ചെയ്യുക, അല്ലാത്തപക്ഷം നിങ്ങളുടെ കമ്പനിക്കെതിരെ ഹിന്ദുക്കൾ കാംപെയ്ൻ ആരംഭിക്കും,” മറ്റൊരു ഉപയോക്താവ് പറഞ്ഞു.
നെറ്റിസൺമാരുടെ രോഷത്തിന് വിധേയമായ ഒരേയൊരു ഹോളി പരസ്യം ഇതല്ല. ഇതിന് മുമ്പ്, സോഷ്യൽ മീഡിയയിലെ വിമർശനങ്ങളെതുടർന്ന് ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സ്വിഗ്ഗി അതിന്റെ ഹോളി പരസ്യ ബോർഡുകൾ നീക്കം ചെയ്തിരുന്നു. ഹോളി ആഘോഷ വേളയിൽ ഒരാളുടെ തലയിൽ മുട്ട എറിഞ്ഞു പൊട്ടിക്കുന്നതിനു പകരം മുട്ട കഴിക്കാൻ പരസ്യബോർഡിൽ പറയുന്നു.
“സ്വിഗ്ഗിയുടെ സമീപകാല പരസ്യബോർഡ് ഹോളിയെ അപകീർത്തിപ്പെടുത്താനും ആളുകൾക്കിടയിൽ നിഷേധാത്മക ധാരണ സൃഷ്ടിക്കാനുമുള്ള വ്യക്തമായ ശ്രമമാണ്. ഹിന്ദു ഇതര ആഘോഷങ്ങൾക്ക് സമാനമായ പരസ്യങ്ങളുടെ അഭാവം വ്യക്തമായ പക്ഷപാതം കാണിക്കുന്നു. കുറച്ച് സെൻസിറ്റിവിറ്റി കാണിക്കുക. ഹിന്ദു സമൂഹത്തോട് മാപ്പ് പറയുകയും ചെയ്യുക. #HinduPhobicSwiggy,” മറ്റൊരു ഉപയോക്താവ് ട്വിറ്റ് ചെയ്തു.
“ഹോളി മുട്ടകളുടെ അല്ല നിറങ്ങളുടെ ഉത്സവമാണെന്ന് നമുക്കെല്ലാവർക്കും അറിയാം, അതിനാൽ നിറങ്ങളുടെ ഉത്സവത്തിൽ അത്തരം ബാനറുകൾ ചിത്രീകരിക്കേണ്ട ആവശ്യമുണ്ടോ? ..” മറ്റൊരാൾ ട്വിറ്റ് ചെയ്തു.
എന്നിരുന്നാലും, ഭക്ഷണം പാഴാക്കുന്നതിനെക്കുറിച്ചുള്ള സന്ദേശം നൽകിയതിനെ ചിലർ പ്രോൽസാഹിപ്പിക്കുകയും ചെയ്തു.