ടിവി അവതാരകനെ അസഭ്യം പറഞ്ഞുകൊണ്ട് ദിലീപിന് പിന്തുണയുമായെത്തിയ നടി അനിതാ നായര്‍ക്ക് മറുപടിയുമായി ഡബ്ബിങ് ആര്‍ട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി. ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് ഭാഗ്യലക്ഷ്മി അനിതാ നായര്‍ക്ക് മറുപടി കൊടുത്തത്.

അവതാരകനെ വിമര്‍ശിച്ചു കൊണ്ട് അനിത പോസ്റ്റ് ചെയ്ത വീഡിയോ യഥാര്‍ത്ഥത്തില്‍ വിമര്‍ശനം തന്നെയാണോ എന്നു സ്വയം ചിന്തിക്കണം. ദിലീപ് എന്ന നടനോടുള്ള ഇഷ്ടം കൊണ്ടായിരിക്കാം അനിത അത്തരത്തില്‍ സംസാരിച്ചത്. എന്നാല്‍ ആ വീഡിയോയില്‍ അനിത പറയുന്ന കാര്യങ്ങള്‍ പലതും ദിലീപിന് ദ്രോഹമായാണ് ഭവിക്കുകയെന്നും ഭാഗ്യലക്ഷ്മി പറയുന്നു. ദിലീപ് തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ അദ്ദേഹത്തിന് അല്‍പം സമയം കൊടുക്കാന്‍ വീഡിയോയില്‍ അനിതാ നായര്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ ദിലീപ് തെറ്റ് ചെയ്‌തെന്ന് തങ്ങളാരും വിശ്വസിക്കുന്നില്ലെന്നും ഇതെല്ലാം അന്വേഷണം നേരിട്ടുകൊണ്ടിരിക്കുന്ന അവസ്ഥയാണെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.

Read More : ആക്രമിക്കപ്പെട്ട നടിയെ കുറിച്ചുളള ഫെയ്സ്ബുക്ക് പോസ്റ്റ്; റിമ കല്ലിങ്കലിനെതിരെ പരാതി

അവതാരകനെ വിമര്‍ശിക്കാന്‍ അനിതാ നായര്‍ ഉപയോഗിച്ച ഭാഷ ശരിയല്ലെന്നും സഭ്യമായ ഭാഷയിലൂടെയായിരിക്കണം വിമര്‍ശനമെന്നും ഭാഗ്യലക്ഷ്മി വീഡിയോയില്‍ പറയുന്നു. അയാളുടെ ഭാര്യയെക്കുറിച്ച് പരാമര്‍ശിച്ചതു വഴി അനിത മറ്റൊരു സ്ത്രീയെ അവഹേളിക്കുകയാണ് ചെയ്തതെന്നും ഭാഗ്യലക്ഷ്മി ചൂണ്ടിക്കാട്ടി. അവതാരകന്‍ ചാനലിലെ ഒരു തൊഴിലാളി മാത്രമാണ്. അയാളെ തിരുത്തേണ്ടത് ചാനല്‍ മേധാവികളാണ്. വിമര്‍ശിക്കാനുള്ള അധികാരം നമുക്കുണ്ട്. അദ്ദേഹം പരിധിവിട്ടു തന്നെയാണ് സംസരിച്ചതെന്നതിനോട് താനും യോജിക്കുന്നുവെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. നേരത്തെ ലക്ഷ്മി നായരെ അസഭ്യം പറഞ്ഞുകൊണ്ട് അനിതാ നായര്‍ ഷെയര്‍ ചെയ്ത വീഡിയോയെക്കുറിച്ചും ഭാഗ്യലക്ഷ്മി പരാമര്‍ശിച്ചു. ഇതെല്ലാം കാണുന്ന പൊതുജനം അനിതയുടെ സംസ്‌കാരത്തെയും ഭാഷയെയുമാണ് ചീത്തവിളിക്കുന്നതെന്നും ഭാഗ്യലക്ഷ്മി ചൂണ്ടിക്കാട്ടി.

ഈ പറഞ്ഞതിന്റെ പേരില്‍ അനിതയിനി തന്നെ ചീത്ത വിളിക്കരുതെന്നും തെറികള്‍ കേട്ടാല്‍ മനസിലാകുമെങ്കിലും തിരിച്ചു പറയാന്‍ തനിക്കറിയില്ലെന്നും പറഞ്ഞ ഭാഗ്യലക്ഷ്മി, ഇതൊരു ആരോഗ്യകരമായ വിമര്‍ശനമായി കാണണമെന്നും അഭ്യര്‍ത്ഥിച്ചു.

Read More : ‘എല്ലാം ആലുവ ജയിലിലെ വിഐപി പറയട്ടെ’; പള്‍സര്‍ സുനി

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ