ഒരു 500 കിട്ടാൻ വകുപ്പുണ്ടോ? മാധ്യമപ്രവർത്തകനെ ഞെട്ടിച്ച ചോദ്യം

ആപ്പിനെ കുറിച്ച് അറിയാത്തവരൊക്കെ ഇപ്പോ ചോദിക്കുന്നത് ഇതാണ് ‘ഒരു 500 കിട്ടാൻ വകുപ്പുണ്ടോ?’ ഒരു മണിക്കൂറിനിടെ ഒരു ലക്ഷത്തിൽ അധികം പേരാണ് വീഡിയോ കണ്ടത്

കേരളം മൊത്തം ഇപ്പോൾ സംസാരിച്ചുകൊണ്ടിരിക്കുന്നത് ഒരു ആപ്പിനെ കുറിച്ചാണ്. മദ്യവിൽപ്പനയ്‌ക്കായുള്ള വെർച്വൽ ക്യൂ ആപ് ‘ബെവ് ക്യൂ’ ഇന്നലെയാണ് മലയാളികൾക്കിടയിലേക്ക് എത്തിയത്. ആപ് എത്തിയതും കാര്യങ്ങളെല്ലാം ‘ആപ്പി’ലായി. നിരവധി ടെക്‌നിക്കൽ പ്രശ്‌നങ്ങളാണ് ‘ബെവ് ക്യൂ’ ഉപഭോക്‌താക്കൾ നേരിട്ടുകൊണ്ടിരിക്കുന്നത്.

ഇടയ്‌ക്കിടെ പണിമുടക്കി ‘ആപ്’ മദ്യപൻമാരുടെ ക്ഷമ പരിശോധിക്കുകയാണ്. അതിനിടയിലാണ് വേറൊരു കൂട്ടർ കളത്തിലേക്ക് എത്തുന്നത്. ആപ്പിനെ കുറിച്ച് അറിവില്ലാതെ മദ്യം വാങ്ങാനെത്തിയവരാണ് അങ്ങനെയൊരു കൂട്ടർ. മദ്യവിൽപ്പനശാലകൾ തുറന്നതറിഞ്ഞ് സാധാരണ രീതിയിൽ മദ്യം വാങ്ങാൻ എത്തിയവരാണ് അവർ. മദ്യശാലകൾക്ക് മുൻപിലെത്തിയപ്പോഴാണ് ആപ്പിൽ രജിസ്റ്റർ ചെയ്യാത്തവർക്ക് മദ്യം ലഭിക്കില്ലെന്ന് ഇക്കൂട്ടർക്ക് മനസിലാകുന്നത്.

Read Also: പനിയുണ്ടെങ്കിൽ മദ്യമില്ല; ബെവ് ക്യൂവിൽ ബുക്കിങ് നടത്തുന്നതിന് മുമ്പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

രാവിലെ മുതൽ മദ്യവിൽപ്പനശാലകൾക്ക് മുൻപിൽ മാധ്യമപ്രവർത്തകർ ഉണ്ട്. മദ്യം വാങ്ങാൻ എത്തുന്നവരോട് കാര്യങ്ങൾ ചോദിച്ചറിയുന്നതിനിടെയാണ് മദ്യവിൽപ്പനശാലയ്‌ക്ക് മുൻപിൽ തലങ്ങും വിലങ്ങും നടക്കുന്ന ഒരു ചേട്ടൻ മാധ്യമപ്രവർത്തകന്റെ ശ്രദ്ധയിൽപ്പെടുന്നത്. മീഡിയ വൺ ചാനലിലെ മാധ്യമപ്രവർത്തകൻ ആ ചേട്ടനോട് കാര്യങ്ങൾ തിരക്കി. അപ്പോഴാണ് ‘ബെവ് ക്യൂ’ ആപ്പിനെ കുറിച്ച് അറിയാതെയാണ് ചേട്ടൻ മദ്യം വാങ്ങാൻ എത്തിയതെന്ന കാര്യം അറിയുന്നത്. ആപ്പിനെ കുറിച്ച് അറിയില്ലെന്നും മദ്യവിൽപ്പനശാല തുറന്നതറിഞ്ഞ് സാധാരണ രീതിയിൽ മദ്യം വാങ്ങാൻ എത്തിയതാണെന്നും ചേട്ടൻ വളരെ നിഷ്‌കളങ്കമായി പറയുന്നുണ്ട്.

ആപ്പിൽ രജിസ്റ്റർ ചെയ്യാതെ മദ്യം ലഭിക്കില്ലെന്ന് മാധ്യമപ്രവർത്തകൻ ആ ചേട്ടനോട് പറയുന്നുണ്ട്. ഉടനെ തന്നെ കഥാനായകനായ ചേട്ടൻ വളരെ നിഷ്‌കളങ്കമായി ആ മാധ്യമപ്രവർത്തകനോട് ചോദിച്ചു, “ഒരു 500 കിട്ടാൻ വകുപ്പുണ്ടോ?.” ചോദ്യം കേട്ടതും മാധ്യമപ്രവർത്തകൻ ഒന്നു ഞെട്ടിപ്പോയി. ആപ്പിൽ രജിസ്റ്റർ ചെയ്യാതെ മദ്യം ലഭിക്കില്ലെന്നും ചേട്ടൻ ഇങ്ങനെ നിന്നതുകൊണ്ട് പ്രയോജനം ഇല്ലെന്നും മാധ്യമപ്രവർത്തകൻ ആവർത്തിച്ചു പറഞ്ഞപ്പോൾ നമ്മുടെ കഥാനായകന് അതത്ര രസിച്ചില്ല. ഇതിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെട്ടു. ട്രോളൻമാരെല്ലാം ആ ചേട്ടന്റെ നിഷ്‌കളങ്കമായ ചോദ്യത്തെ ഏറ്റെടുത്തു കഴിഞ്ഞു. ആപ്പിനെ കുറിച്ച് അറിയാത്തവരൊക്കെ ഇപ്പോ ചോദിക്കുന്നത് ഇതാണ് ‘ഒരു 500 കിട്ടാൻ വകുപ്പുണ്ടോ?’ ഒരു മണിക്കൂറിനിടെ ഒരു ലക്ഷത്തിൽ അധികം പേരാണ് വീഡിയോ കണ്ടത്.

അതേസമയം, ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് മദ്യവിൽപ്പനയ്ക്ക് വേണ്ടിയുള്ള ബെവ് ക്യൂ എന്ന ആപ്ലിക്കേഷൻ പ്ലേ സ്റ്റോറിലെത്തുന്നത്. അടുത്തകാലത്തൊന്നും മലയാളികൾ ഇത്തരത്തിലൊരു കാത്തിരിപ്പ് നടത്തിയിട്ടുണ്ടോയെന്ന് തന്നെ സംശയമാണ്. അതുകൊണ്ട് തന്നെ വലിയ രീതിയിലുള്ള ചർച്ചകളും ട്രോളുകളുമെല്ലാം സമൂഹമാധ്യമങ്ങളിൽ സജീവമായിരുന്നു. ആപ്ലിക്കേഷനെത്തിയ ശേഷവും ട്രോളുകളുടെ എണ്ണം വർധിച്ചതായും കാണാം.

പ്ലേ സ്റ്റോറിന്റെ റിവ്യൂ ബോക്സിൽ വരെ മലയാളികളുടെ രസകരമായ കമന്റുകൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. രജിസ്ട്രേഷൻ പൂർത്തിയാക്കുന്നതിനുള്ള ഒടിപി കിട്ടാൻ വൈകിയതാണ് മിക്ക ട്രോളുകളുടെയും പ്രധാന ആശയം.

“ഇന്ന് തുടങ്ങും നാളെ തുടങ്ങും എന്ന പ്രതീക്ഷയിലായിരുന്നു മലയാളികൾ. കാഞ്ചനയുടെയും മൊയ്തീന്റെയും പ്രണയം പോലെ നീണ്ടുപോയിരുന്ന കാത്തിരിപ്പിനിടയിലാണ് മദ്യശാലകൾ വ്യാഴാഴ്ച തുറക്കുമെന്ന മന്ത്രിയുടെ അറിയിപ്പ് വന്നത്. ആപ് ബുധനാഴ്ച വൈകീട്ട് അഞ്ചിന് പ്ലേ സ്റ്റോറിൽ ലഭ്യമാകുമെന്നും പത്ത് മണി വരെയെ ലഭ്യമാകുമെന്നും പറഞ്ഞ് പത്രസമ്മേളനവും അവസാനിപ്പിച്ച് മന്ത്രി പോവുകയും ചെയ്തു. അഞ്ചു മണിയും കഴിഞ്ഞു ആറും ഏഴും മണിയും കടന്നു പോയിട്ടും കിലുക്കത്തിലെ രേവതിയുടെ ഡയലോഗായ ജ്യോതിയും വന്നില്ല ഒന്നും വന്നില്ല എന്ന് പറയും പോലെ ‘ആപ്പും വന്നില്ല ബെവ് ക്യൂ ‘വും വന്നില്ല എന്ന നിലയിലായി ജനങ്ങൾ.” ഇങ്ങനെ നീളുന്നു കമന്റുകൾ.

Get the latest Malayalam news and Social news here. You can also read all the Social news by following us on Twitter, Facebook and Telegram.

Web Title: Bev q bevco liquor sale application kerala troll

Next Story
ബെവ് ക്യൂ, ‘വല്ലാത്തൊരു ആപ്പായിപോയി’; ആഘോഷമാക്കി ട്രോളന്മാരും
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express