ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമായിരുന്നു മദ്യവിൽപ്പനയ്ക്ക് വേണ്ടിയുള്ള ബെവ് ക്യൂ എന്ന ആപ്ലിക്കേഷൻ പ്ലേ സ്റ്റോറിലെത്തിയത്. അടുത്തകാലത്തൊന്നും മലയാളികൾ ഇത്തരത്തിലൊരു കാത്തിരിപ്പ് നടത്തിയിട്ടുണ്ടോയെന്ന് തന്നെ സംശയമാണ്. അതുകൊണ്ട് തന്നെ വലിയ രീതിയിലുള്ള ചർച്ചകളും ട്രോളുകളുമെല്ലാം സമൂഹമാധ്യമങ്ങളിൽ സജീവമായിരുന്നു. ആപ്ലിക്കേഷനെത്തിയ ശേഷവും ട്രോളുകളുടെ എണ്ണം വർധിച്ചതായും കാണാം.
പ്ലേ സ്റ്റോറിന്റെ റിവ്യൂ ബോക്സിൽ വരെ മലയാളികളുടെ രസകരമായ കമന്റുകൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. രജിസ്ട്രേഷൻ പൂർത്തിയാക്കുന്നതിനുള്ള ഒടിപി കിട്ടാൻ വൈകിയതാണ് മിക്ക ട്രോളുകളുടെയും പ്രധാന ആശയം.
“ഇന്ന് തുടങ്ങും നാളെ തുടങ്ങും എന്ന പ്രതീക്ഷയിലായിരുന്നു മലയാളികൾ. കാഞ്ചനയുടെയും മൊയ്തീന്റെയും പ്രണയം പോലെ നീണ്ടുപോയിരുന്ന കാത്തിരിപ്പിനിടയിലാണ് മദ്യശാലകൾ വ്യാഴാഴ്ച തുറക്കുമെന്ന മന്ത്രിയുടെ അറിയിപ്പ് വന്നത്. ആപ് ബുധനാഴ്ച വൈകീട്ട് അഞ്ചിന് പ്ലേ സ്റ്റോറിൽ ലഭ്യമാകുമെന്നും പത്ത് മണി വരെയെ ലഭ്യമാകുമെന്നും പറഞ്ഞ് പത്രസമ്മേളനവും അവസാനിപ്പിച്ച് മന്ത്രി പോവുകയും ചെയ്തു. അഞ്ചു മണിയും കഴിഞ്ഞു ആറും ഏഴും മണിയും കടന്നു പോയിട്ടും കിലുക്കത്തിലെ രേവതിയുടെ ഡയലോഗായ ജ്യോതിയും വന്നില്ല ഒന്നും വന്നില്ല എന്ന് പറയും പോലെ ‘ആപ്പും വന്നില്ല ബെവ് ക്യൂ ‘വും വന്നില്ല എന്ന നിലയിലായി ജനങ്ങൾ.” ഇങ്ങനെ നീളുന്നു കമന്റുകൾ.