ബംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പിലെ ഗംഭീര വിജയത്തിന് പിന്നാലെ വീണ്ടും പ്രധാനമന്ത്രിയായി ചുമതലയേറ്റ നരേന്ദ്രമോദിക്ക് അഭിനന്ദനപ്രവാഹമായിരുന്നു. പലരും മോദിയെ പ്രശംസിച്ച് രംഗത്തെത്തുകയും ചെയ്തു. മോദിയുടെ വിജയത്തിന് പ്രശ്സയര്‍പ്പിച്ച് ബംഗളൂരുവിലെ ഒരു മുസ്ലിം പളളിക്ക് അദ്ദേഹത്തിന്റെ നാമകരണം ചെയ്തതായി സോഷ്യല്‍മീഡിയയില്‍ പ്രചരണം ആരംഭിക്കുകയും ചെയ്തു. എന്നാല്‍ പളളിയുടെ പേരില്‍ മോദിയുടെ പേര് ഉണ്ടെങ്കിലും അത് നമ്മുടെ പ്രധാനമന്ത്രി അല്ലെന്നാണ് പളളി അധികൃതര്‍ വ്യക്തമാക്കുന്നത്.

‘ഈ പളളിക്ക് ഏകദേശം 170 വര്‍ഷത്തോളം പഴക്കമുണ്ട്. പ്രധാനമന്ത്രിയുടെ വയസ് 69 ആണ്. മുമ്പേ ഈ പളളിയുടെ പേര് മോദി പളളി എന്നാണ്,’ പളളിയിലെ ഇമാം ഗുലാം റബ്ബാനി പറഞ്ഞു. ബംഗളൂരുവിലെ ടാസ്കര്‍ ടൗണിലാണ് പളളി സ്ഥിതി ചെയ്യുന്നത്.

ഈ പളളി കൂടാതെ ബംഗളൂരുവില്‍ മറ്റ് രണ്ട് പളളികളുടെ പേര് കൂടി മോദി മസ്ജിദ് എന്നാണ്. എന്നാല്‍ മോദി അബ്ദുല്‍ ഗഫൂര്‍ എന്ന ധനികനായ കച്ചവടക്കാരന്റെ പേരിലാണ് ഈ പളളി നിര്‍മ്മിച്ചിരിക്കുന്നത്. ‘1849ല്‍ ഇവിടെ ജീവിച്ചിരുന്ന മോദി അബ്ദുല്‍ ഗഫൂറിന് പ്രദേശത്ത് ഒരു പളളി വേണ്ടതിന്റെ ആവശ്യകത മനസ്സിലായി. അദ്ദേഹമാണ് ഈ പളളി നിര്‍മ്മിച്ചത്. പിന്നീട് അദ്ദേഹത്തിന്റെ കുടുംബം അ്ദദേഹത്തിന്റെ പേരില്‍ തന്നെ മറ്റ് രണ്ട് പളളികളഉം പണിതു,’ മോദി മസ്ജിദ് കമ്മിറ്റി വ്യക്തമാക്കി.

പിന്നീട് 2015ല്‍ പളളി പഴകിയതിനെ തുടര്‍ന്ന് പഴയ രൂപം മാറ്റി പുതുക്കി പണിതു. കഴിഞ്ഞ മാസമാണ് പണി കഴിഞ്ഞ പളളി വീണ്ടും വിശ്വാസികള്‍ക്കായി തുറന്ന് കൊടുത്തത്. ഇതേസമയം തന്നെയായിരുന്നു പ്രധാനമന്ത്രിയായി മോദി സത്യപ്രതിജ്ഞ ചെയ്തതും. ഇതിനെ തുടര്‍ന്നാണ് സോഷ്യല്‍മീഡിയയില്‍ തെറ്റായ പ്രചരണം നടന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook