റോഡുകൾ തകരുന്നതും കുണ്ടും കുഴിയും നിറഞ്ഞ റോഡുകളിലൂടെയുള്ള യാത്രകളും നമ്മുടെ നാടിന്റെ എല്ലാക്കാലത്തേയും പ്രശ്നമാണ്. പലതരത്തിലുള്ള പ്രതിഷേധങ്ങൾ ഇതിനെതിരായി നടത്താറുമുണ്ട്. എന്നാൽ ബെംഗളൂരുവിലെ ഒരു കലാകാരൻ തകർന്ന റോഡുകൾ ശരിയാക്കാത്ത അധികൃതർക്കെതിരെ വേറിട്ടൊരു പ്രതിഷേധരീതിയാണ് തിരഞ്ഞെടുത്തത്. ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുകയാണ്.
ബാദൽ നഞ്ചുന്ദസ്വാമി എന്ന തെരുവ് കലാകാരൻ, ഒരു ബഹിരാകാശ യാത്രികനെ പോലെ വേഷം ധരിച്ച് കുഴികൾ നിറഞ്ഞ റോഡിലൂടെ നടക്കുന്നത്, ആദ്യ കാഴ്ചയിൽ ചന്ദ്രനിൽ നിന്നുള്ള ദൃശ്യങ്ങളാണെന്ന് തന്നെ തോന്നിക്കും. മൂൺവാക്ക് എന്നാണ് ഈ വീഡിയോക്ക് പേരിട്ടിരിക്കുന്നത്. തുങ്കനഗർ മെയിൻ റോഡിന്റെ ഗർത്തങ്ങളിലൂടെ നടക്കുന്ന ദൃശ്യങ്ങളാണ് ചിത്രീകരിച്ചിരിക്കുന്നത്.
നേരത്തെ, ബംഗളൂരുവിന്റെ ഒരിക്കലും പരിഹാരമാകാത്ത ഈ യാത്രാ പ്രശ്‌നത്തെയും നഗരസഭയുടേയും രാഷ്ട്രീയ നേതൃത്വത്തിന്റെയും അനാസ്ഥയും ഉയർത്തിക്കാട്ടാൻ ബാദൽ തന്റെ കല ഉപയോഗിച്ചിരുന്നു. സിലിക്കൺ വാലിയുടെ തെരുവുകളിൽ മെർമെയ്ഡുകളെയും മുതലകളെയും പരിചയപ്പെടുത്തിക്കൊണ്ടും നേരത്തേ അദ്ദേഹം പ്രതിഷേധം അറിയിച്ചിട്ടുണ്ട്.
കുഴികൾ അടയ്ക്കുന്നതിൽ പരാജയപ്പെട്ടതിന് എഞ്ചിനീയർമാർക്ക് 2000 രൂപ പിഴ ചുമത്തുമെന്ന് ബിബിഎംപി കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു. ഹൈക്കോടതി സിവിൽ ബോഡി പരിഗണനയിൽ എടുത്ത ശേഷം മുൻഗണനാടിസ്ഥാനത്തിൽ നടപടിയെടുക്കുകയും കുഴികൾ നിറയ്ക്കുകയും ചെയ്യുമെന്ന് ബിബിഎംപി അവകാശപ്പെടുന്ന സമയത്താണ് ഇത് വരുന്നത്.
കുഴികൾ മൂലമുണ്ടാകുന്ന അപകടങ്ങൾക്ക് ബിബിഎംപി ഉദ്യോഗസ്ഥരെ ഉത്തരവാദികളാക്കുമെന്ന് ഓഗസ്റ്റിൽ ഇടക്കാല ഉത്തരവിൽ ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.