പരിശ്രമം ചെയ്യുകിലെന്തിനേയും, ഫലത്തിലാക്കാൻ കഴിവുളള വണ്ണം… എന്നുതുടങ്ങുന്ന വരികൾ മലയാളിക്ക് സുപരിചിതമാണ്. ഒരു ലക്ഷ്യത്തിലേക്ക് മനസർപ്പിച്ചാൽ എളുപ്പത്തിൽ നേടാൻ മനുഷ്യന് സാധിക്കും, അതിനുളള ശേഷിയും കഴിവും അവയവങ്ങളും ഉണ്ടെന്ന് പറഞ്ഞ് പഠിപ്പിക്കുന്നതാണിവ.

നമ്മളോരോരുത്തരും പലയിടത്തും പലപ്പോഴും പ്രതിസന്ധികളെ നേരിടുന്നതാണ്. ചിലപ്പോഴൊക്കെ മനസ് മടുത്ത് ജീവിതം തന്നെ അവസാനിപ്പിക്കുന്നവരുണ്ട്. ജീവിതത്തിൽ പ്രതീക്ഷയ്ക്ക് ഒരിക്കലും അവസാനം ഉണ്ടാകരുതെന്ന് പലപ്പോഴും കേട്ട് പഠിച്ചിട്ടുണ്ടെങ്കിലും അതൊന്നും കാര്യത്തോടടുക്കുമ്പോൾ മനസിൽ കാണില്ല.

എന്നാൽ മനുഷ്യരെ പോലെ ചിന്തിക്കാൻ ശേഷിയില്ലാത്ത ഒരു കുഞ്ഞൻ കരടിയുടെ വൈറലായി മാറിയ വീഡിയോ പ്രതീക്ഷയുടെ ചെറിയ വലിയ പാഠമാണ് ഓരോ പേരെയും പഠിപ്പിക്കുന്നത്.

കുത്തനെയുളള ഒരു മഞ്ഞുമലയിലാണ് സംഭവം നടക്കുന്നത്. അമ്മക്കരടിക്കൊപ്പം മല കയറുകയാണ് ഒരു കുഞ്ഞ് കരടി. അമ്മക്കരടി കുറച്ച് പണിപ്പെട്ടാണെങ്കിലും മല കയറിയിരുന്നു. എന്നാൽ മൂന്ന് വട്ടം കുഞ്ഞൻ പിടിവിട്ട് താഴേക്ക് വീഴുന്നു.

പക്ഷെ ഓരോ വട്ടവും പ്രതീക്ഷ കൈവിടുന്നില്ല. ലക്ഷ്യത്തിലും മാറ്റമില്ല. അമ്മയ്ക്ക് ഒപ്പമെത്താനുളള കരടിക്കുഞ്ഞന്റെ പരിശ്രമം മനസിനെ സ്പർശിക്കുന്നതാണ്. ഒടുവിൽ അത് ലക്ഷ്യത്തിലെത്തുമ്പോൾ അമ്മക്കരടിക്ക് മാത്രമല്ല, വീഡിയോ കണ്ട ഓരോ ആളും ഉളളാലെ ചിരിക്കുന്നുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook