ജോർജിയയിലെ സെന്റ് സൈമൺസ് ദ്വീപിന് അടുത്തുളള കടൽ തീരത്തേക്ക് കൂട്ടമായി എത്തിയ പൈലറ്റ് തിമിംഗലങ്ങളെ രക്ഷിക്കാനുളള ജനങ്ങളുടെ ശ്രമം സോഷ്യൽ മീഡിയയുടെ കൈയ്യടി നേടി. 20 ഓളം പൈലറ്റ് തിമിംഗലങ്ങളാണ് തിരമാലയിൽപെട്ട് തീരത്തേക്ക് എത്തിയത്. ഇതു കണ്ടതും ബീച്ചിലുണ്ടായിരുന്നവർ അവയെ തിരികെ കടലിലേക്ക് വിടുന്നതിനുളള ശ്രമങ്ങൾ തുടരുകയായിരുന്നു.

ഡിക്സി മാക്കോയ് ആണ് ഇതിന്റെ ലൈവ് വീഡിയോ ഫെയ്സ്ബുക്കിൽ പങ്കുവച്ചത്. ”ബീച്ചിൽ ഞങ്ങൾ എത്തിയപ്പോൾ കുറേ പേർ വെളളത്തിൽ നിൽക്കുന്നതാണ് കണ്ടത്. ആദ്യം ഞങ്ങൾ കരുതിയത് ഡോൾഫിനുകളാണെന്നാണ്. പക്ഷേ അടുത്തേക്ക് ചെന്നപ്പോൾ ഞങ്ങൾക്ക് വിശ്വസിക്കാനായില്ല. തീരത്ത് തിമിംഗലങ്ങൾ കിടക്കുന്നതുകണ്ടപ്പോൾ വിഷമം തോന്നി. അവയെ തിരികെ കടലിലേക്ക് വിടാനായി അവിടെയുണ്ടായിരുന്നവരെല്ലാം ശ്രമിക്കുന്നുണ്ടായിരുന്നു,” മാക്കോയ് സിഎൻഎന്നിനോട് പറഞ്ഞു.

തിമിംഗലങ്ങൾ തീരത്തേക്ക് എത്തിയ വിവരം അറിഞ്ഞ് ജോർജിയ ഡിപ്പാർട്മെന്റ് ഓഫ് നാച്യുറൽ റിസോഴ്സസ് (ഡിഎൻആർ), വൈൾഡ്‌ലൈഫ് റിസോഴ്സസ് ഡിവിഷൻ, ഡിഎൻആർ കോസ്റ്റൽ റിസോഴ്സസ് ഡിവിഷൻ, ജോർജിയ സീ ടർട്ടിൽ സെന്റർ, നാഷണൽ ഓഷ്യാനിക് ആൻഡ് അഡ്മോസ്ഫറിക് അസോസിയേഷൻ, ഗ്ലെയ്ൻ കൗണ്ടി എമർജൻസി മാനേജ്മെന്റിലെ അടക്കമുളളവർ എത്തി രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. ഏറെ നേരത്തെ ശ്രമത്തിനൊടുവിൽ തിമിംഗലങ്ങളെ കടലിലേക്ക് വിടുകയും ചെയ്തു.

”തിമിംഗലങ്ങൾ തീരത്തേക്ക് എത്തുന്നത് സ്വാഭാവികമാണ്. അവയെ തിരികെ കടലിലേക്ക് വിടാൻ സഹായിക്കുക മാത്രമേ നമുക്ക് ചെയ്യാനാവൂ,” ഡിഎൻആർ സീനിയർ വൈൾഡ്‌ലൈഫ് ക്ലേ ജോർജ് പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook