മലയാളികളെ സ്വതസിദ്ധമായ ശൈലി കൊണ്ട് ചിരിപ്പിക്കുന്ന നടിയാണ് ഫിലോമിന. അമ്മ വേഷങ്ങളിലൂടെയും മുത്തശ്ശി വേഷങ്ങളിലൂടെയും ഒരു കാലത്ത് മലയാള സിനിമയില്‍ ഏറെ സുപരിചിതമായ മുഖം. സ്‌ക്രീനില്‍ ഫിലോമിന ചേച്ചി വന്നാല്‍ തൊട്ടടുത്ത നിമിഷം ചിരിയുടെ മാലപ്പടക്കം പൊട്ടുമെന്ന് മലയാളികള്‍ പ്രതീക്ഷിച്ചിരുന്ന എത്രയെത്ര സിനിമകള്‍.

ചെറിയ വേഷമെന്നോ വലിയ വേഷമെന്നോ വേര്‍തിരിവില്ലാതെ ചെയ്തതെല്ലാം മലയാളിക്ക് ഓര്‍ത്തിരിക്കാന്‍ പാകത്തിന് പകര്‍ന്നാടിയ അഭിനേത്രിയാണ് ഫിലോമിന. ഇപ്പോഴിതാ ട്രോളുകളിലൂടെയും ഫിലോമിന എന്ന നടി സോഷ്യല്‍ മീഡിയയെ പൊട്ടിച്ചിരിപ്പിക്കുകയാണ്. പതിവ് ശൈലിയിലുള്ള അമ്മ, മുത്തശ്ശി വേഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഫിലോമിന ചെയ്തുവച്ച കഥാപാത്രങ്ങളെയെല്ലാം ചേര്‍ത്ത് ‘ബി ലൈക്ക് ഫിലോമിന’ എന്ന മീമുകള്‍ ഉണ്ടാക്കിയിരിക്കുന്നത് എഴുത്തുകാരിയും അധ്യാപികയുമായ റിമ മാത്യുവാണ്. സോഷ്യല്‍ മീഡിയയില്‍ വലിയ സ്വീകാര്യതയാണ് ഇതിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ഓരോ മീം കാണുമ്പോഴും ഫിലോമിനയുടെ കഥാപാത്രങ്ങള്‍ ഓര്‍മ വരും. പിന്നീട്, ഒരു നിമിഷത്തേക്ക് ആ സിനിമയിലെ ഫിലോമിനയുടെ കഥാപാത്രത്തെ കുറിച്ചും ആ സീനിനെ കുറിച്ചും ആലോചിച്ച് പൊട്ടിച്ചിരിക്കാനും തോന്നും. സംഭാഷണങ്ങളിലടക്കം ഫിലോമിന കരുതിവച്ച രസച്ചരടുകള്‍ ഇന്നും മലയാളിക്ക് അത്രമേല്‍ പ്രിയപ്പെട്ടതാണെന്ന് ഈ രസകരമായ മീമുകളില്‍ നിന്ന് തന്നെ വ്യക്തമാകുന്നുണ്ട്. മണിക്കൂറുകള്‍ക്കകം റിമ മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

760 ഓളം സിനിമകളില്‍ അഭിനയിച്ച ഫിലോമിന 2006 ജനുവരി രണ്ടിനാണ് അന്തരിച്ചത്. തൃശൂര്‍ ജില്ലയിലെ മുള്ളൂര്‍ക്കരയില്‍ 1926 ലാണ് ഫിലോമിനയുടെ ജനനം. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുമ്പോഴായിരുന്നു ഫിലോമിനയുടെ മരണം.

പി.ജെ.ആന്റണിയുടെ നാടകങ്ങളിലൂടെ അഭിനയജീവിതം ആരംഭിച്ച ഫിലോമിന 1964ല്‍ കുട്ടിക്കുപ്പായം എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തുന്നത്. ഓളവും തീരവും, തുറക്കാത്ത വാതില്‍, ചാട്ട, തനിയാവര്‍ത്തനം എന്നീ സിനിമകളിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്.

ഇൻ ഹരിഹർ നഗർ, ഗോഡ്ഫാദർ, മൂക്കില്ലാരാജ്യത്ത് തുടങ്ങിയ സിനിമകളിലെ കോമഡി കഥാപാത്രം ഇന്നും മലയാളികളെ പൊട്ടിച്ചിരിപ്പിക്കുന്നതാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook