scorecardresearch
Latest News

ക്രിക്കറ്റ് ആരാധകരെ വീണ്ടും കണ്ണീരണിയിച്ച് ബിസിസിഐ; വീഡിയോ

റെക്കോര്‍ഡുകളാല്‍ സമ്പന്നമായ സച്ചിന്റെ 24 വര്‍ഷത്തെ കരിയറിനായിരുന്നു 2013 നവംബര്‍ 16-ന് അവസാനമായത്

Sachin Tendulkar, Cricket

ഇതിഹാസ താരം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ ക്രിക്കറ്റിനോട് വിടപറഞ്ഞിട്ട് ഒന്‍പത് വര്‍ഷം തികയുകയാണ്. റെക്കോര്‍ഡുകളാല്‍ സമ്പന്നമായ 24 വര്‍ഷത്തെ കരിയറിനായിരുന്നു 2013 നവംബര്‍ 16-ന് അവസാനമായത്. തന്റെ 200-ാം ടെസ്റ്റ് മത്സരത്തിലാണ് സച്ചിന്‍ അവസനമായി പാഡണിഞ്ഞത്.

അവസാന മത്സരത്തില്‍ 74 റണ്‍സായിരുന്നു സച്ചിന്‍ നേടിയത്. നാര്‍സിങ് ഡിയോനരയിനിന്റെ പന്തില്‍ ഡാരന്‍ സമിക്ക് ക്യാച്ച് നല്‍കിയായിരുന്നു മടക്കം. സ്റ്റേഡിയം നിശബ്ദതയിലേക്ക് വീണപ്പോള്‍ സച്ചിന്റെ ക്യാച്ചെടുത്ത സമി വിക്കറ്റ് ആഘോഷിക്കാന്‍ പോലും മടിച്ചു.

മത്സരശേഷമുള്ള സച്ചിന്റെ പ്രസംഗത്തിന്റെ വീഡിയോ ഒരിക്കല്‍ക്കൂടി പങ്കുവച്ചിരിക്കുകയാണ് ബിസിസഐ. സ്റ്റേഡിയം മുഴുവന്‍ സച്ചിന്‍..സച്ചിന്‍ എന്ന് ഒരേ സ്വരത്തില്‍ ഒരിക്കല്‍ക്കൂടി ആര്‍ത്തു വിളിച്ച വീഡിയോ ഇന്നും ഏതൊരു ക്രിക്കറ്റ് ആരാധകന്റേയും കണ്ണുകളെ ഈറനണിയിക്കുന്നതാണ്.

“സമയം പെട്ടന്ന് കടന്ന് പോയിരിക്കുന്നു, എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് നന്ദി പറയുന്നു. നിങ്ങള്‍ എനിക്ക് തന്ന ഓര്‍മ്മകള്‍ എന്നും എന്നില്‍ നിലനില്‍ക്കും. സച്ചിന്‍ സച്ചിന്‍ എന്നുള്ള വിളികള്‍ എന്റെ ചെവികളില്‍ അവസാന ശ്വാസം വരെയും ഉണ്ടാകും,” സച്ചിന്‍ തന്റെ വൈകാരികമായ പ്രസംഗത്തില്‍ അന്ന് പറഞ്ഞു.

ബിസിസിഐ പങ്കുവച്ച വീഡിയോയുടെ താഴെ നിരവധി പേരാണ് സച്ചിനെക്കുറിച്ചുള്ള നല്ല ഓര്‍മ്മകള്‍ കുറിച്ചത്.

ഇന്ത്യക്കായി ടെസ്റ്റില്‍ 200 മത്സരങ്ങള്‍ കളിച്ച സച്ചിന്‍ 51 സെഞ്ചുറികളടക്കം 15,921 റണ്‍സാണ് നേടിയത്. 463 ഏകദനിങ്ങളില്‍ നിന്ന് 18,426 റണ്‍സും വലം കയ്യന്‍ ബാറ്ററുടെ പേരിലുണ്ട്. 49 തവണയാണ് ഏകദിനത്തില്‍ സച്ചിന്‍ മൂന്നക്കം കടന്നത്.

Stay updated with the latest news headlines and all the latest Social news download Indian Express Malayalam App.

Web Title: Bcci shares emotional video of sachin tendulkars retirement speech