രുചിപെരുമയാൽ അന്തർദ്ദേശീയ തലത്തിൽ ശ്രദ്ധ നേടിയ വ്യക്തിയാണ് സുരേഷ് പിള്ള. ബിബിസിയുടെ മാസ്റ്റർ ഷെഫ് പ്രഫഷനലിൽ പങ്കെടുക്കുകയും ജേതാവാകുകയും ചെയ്ത അപൂർവം ഇന്ത്യക്കാരിൽ ഒരാൾ കൂടിയാണ് സുരേഷ് പിള്ള. ഇപ്പോഴിതാ, അമ്മയ്ക്കായി സുരേഷ് പിള്ള നൽകിയ സമ്മാനമാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്. കയറുപിരി തൊഴിലാളിയായ അമ്മയ്ക്ക് ഒരു ബെൻസ് തന്നെ സമ്മാനിച്ചിരിക്കുകയാണ് ഈ മകൻ. മേഴ്സിഡസ് ബെൻസ് എസ് ക്ലാസ് ആണ് സുരേഷ് പിള്ള അമ്മയ്ക്ക് സമ്മാനിച്ചത്.
നിരവധി പേരാണ് സുരേഷ് പിള്ളയെ അനുമോദിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്.
ജീവിതത്തിൽ ആദ്യമായി വാങ്ങുന്ന വാഹനമാണ് തന്റെയീ മേഴ്സിഡസ് ബെൻസ് എന്നും മറ്റൊരു കുറിപ്പിൽ സുരേഷ് പിള്ള പറയുന്നുണ്ട്.
ചവറ സ്വദേശിയായ സുരേഷ് ശശിധരൻ പിള്ള ഏറെനാൾ ഇംഗ്ലണ്ടിൽ ഷെഫായി പ്രവർത്തിക്കുകയായിരുന്നു. ലണ്ടനിലെ പ്രശസ്തമായ ഹൂപ്പേഴ്സ് ലണ്ടൻ റസ്റ്ററന്റ് ശൃംഖലയിലെ ഹെഡ് ഷെഫായി പ്രവർത്തിച്ചിരുന്നു. ലോകപ്രശസ്തമായ വീരാസ്വാമി റസ്റ്റോറന്റ്, ലീലാ പാലസ്, റാവിസ് എന്നിവിടങ്ങളിലെല്ലാം ഷെഫായി പ്രവർത്തിച്ച സുരേഷ് പിള്ള സോഷ്യൽ മീഡിയയിലെയും താരമാണ്.
അടുത്തിടെ അഭിനയത്തിലും അരങ്ങേറ്റം കുറിച്ചിരുന്നു സുരേഷ് പിള്ള. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ‘മൗനരാഗം’ എന്ന സീരിയലിലാണ് സുരേഷ് പിള്ള അഭിനയിച്ചത്.