ധാക്ക: വിവാഹം സ്വര്‍ഗത്തില്‍ വെച്ച് നടക്കുന്നുവെന്നാണ് പ്രമാണം. സ്വര്‍ഗതുല്യമായ സ്ഥലത്തുവെച്ച് അതീവ പ്രാധാന്യത്തോടെ വിവാഹം കഴിക്കണമെന്ന് ആഗ്രഹിക്കാത്തവര്‍ ആരുമില്ല. അന്നേ ദിനം എന്നത്തേക്കാളും കൂടുതല്‍ ഭംഗിയുണ്ടാവണം. പ്രത്യേകം തയ്യാറാക്കിയ വസ്ത്രങ്ങളും അതിനൊത്ത ആഭരണങ്ങളും ആയിരിക്കും വധുവിന്റെ മനസു നിറയെ. വസ്ത്രവും മേക്കപ്പും ആഭരണങ്ങളുമൊക്കെയായി ആകെ ഒരു ആനച്ചന്തം. എന്നാല്‍ ബംഗ്ലാദേശില്‍ നിന്നുളള ഒരു മണവാട്ടി ഇതൊന്നുമില്ലാതെയാണ് വിവാഹം കഴിച്ചത്. 2016 ഡിസംബര്‍ 15ന് ധാക്കയില്‍ വെച്ചാണ് തസ്നിം ജാറയുടെ വിവാഹം കഴിഞ്ഞത്. മുത്തശ്ശിയുടെ കോട്ടണ്‍ സാരി ധരിച്ച് മേക്കപ്പും ആഭരണങ്ങളും ഒന്നുമില്ലാതെയാണ് തസ്നിം വിവാഹവേദിയിലെത്തിയത്.

എന്നാല്‍ പലരും തസ്നിയെ കുറ്റപ്പെടുത്തിയാണ് രംഗത്തെത്തിയത്. ഒരു വധുവിനെ പോലെ വസ്ത്രം ധരിക്കാത്തത് കൊണ്ട് കൂടെ നിന്ന് ഫോട്ടോ എടുക്കില്ലെന്ന് സ്വന്തം കുടുംബത്തിലുളള ചിലര്‍ വരെ പറഞ്ഞതായി തസ്നിം പറയുന്നു. ഇത്രയും ലളിതമായി വിവാഹ വേദിയില്‍ താന്‍ എത്തിയത് എന്തിനാണെന്ന് വിശദീകരിച്ച് തസ്നിം ഫെയ്സ്ബുക്കില്‍ ഒരു കുറിപ്പ് ഇട്ടതാണ് ഇവിടെ വിഷയം. 27,000ത്തില്‍ പരം ഷെയറുകളും ഒരു ലക്ഷത്തിലധികം ലൈക്കുകളുമാണ് ഫെയ്സ്ബുക്ക് പോസ്റ്റിന് ലഭിച്ചിരിക്കുന്നത്.

“ഒരു വധുവിനെ പോലെ (അവരുടെ സങ്കല്‍പത്തിലെ) അണിഞ്ഞൊരുങ്ങാത്ത നിന്നോടൊപ്പം നിന്ന് ഫോട്ടോ എടുക്കില്ലെന്ന് എന്റെ കുടുംബത്തിലുളള ചിലര്‍ പോലും പറഞ്ഞിട്ടുണ്ട്. ഒരുപാട് മേക്കപ്പും തൂങ്ങിയാടുന്ന വസ്ത്രങ്ങളും ദേഹം നിറയെ ആഭരണങ്ങളും ധരിച്ചവളാണ് വധുവെന്ന സമൂഹത്തിന്റെ വിചിത്രമായ ബിംബ സങ്കല്‍പങ്ങളില്‍ ഞാന്‍ അസ്വസ്ഥയായിരുന്നു,” തസ്നിം തന്റെ പോസ്റ്റില്‍ പറയുന്നു.

“വിവാഹത്തിന് കെട്ടിയൊരുങ്ങി ഇത്തരത്തില്‍ അബദ്ധത്തില്‍ പെടരുത്. ഇത്തരം ആഡംബരങ്ങള്‍ ഒരിക്കലും സ്റ്റാറ്റസ് ഉയര്‍ത്തിക്കാട്ടുന്നതല്ല. പലപ്പോഴും വധുവിന്റെ ആഗ്രഹത്തിന് എതിരെയാണ് ഇത്തരത്തിലുളള ആചാരങ്ങള്‍ നടക്കുന്നത്. വധു എത്ര പവന്‍ അണിഞ്ഞുവെന്നോ, അവളുടെ വസ്ത്രത്തിന് എത്ര രൂപ ആയെന്നോ എന്നൊക്കെയുളള വിവാഹത്തിന് എത്തുന്നവരുടെ ചോദ്യങ്ങള്‍ വധുവിനെ സമ്മര്‍ദ്ദത്തിന് കാരണമാക്കും. അത്കൊണ്ടാണ് നഗരത്തിലെ ഏറ്റവും മികച്ച മേകപ്പ്മാനെ കൊണ്ട് വന്ന് ധാരാളം പണവും സമയവും പാഴാക്കി അണിഞ്ഞൊരുങ്ങി അവള്‍ ‘അവളല്ലാതാകുന്നത്’. അതായത് ‘നിന്റെ തൊലിനിറം നിന്റെ വിവാഹത്തിന് യോജിച്ചത് അല്ല’ എന്ന് കുടുംബക്കാര്‍ വധുവിന്റെ ചെവിയില്‍ ഓതിക്കൊണ്ടേയിരിക്കുന്നു,” തസ്നിം പറയുന്നു.

മേക്കപ്പോ ആഡംബര വസ്ത്രങ്ങളോ അണിയുന്ന പെണ്‍കുട്ടികള്‍ക്കെതിരല്ല താനെന്നും എന്ത് വേണമെന്ന് തെരഞ്ഞെടുക്കാനുളള അവകാശം വധുവിന് നല്‍കേണ്ടതിന്റെ ആവശ്യകതയാണ് ചൂണ്ടിക്കാട്ടുന്നതെന്നും തസ്നിം പറയുന്നു. ‘അരോഗോ’ എന്ന ആരോഗ്യപരിപാലന സ്റ്റാര്‍ട്ടപ്പിന്റെ പ്രസിഡന്റാണ് തസ്നിം. ഐക്യരാഷ്ട്രസഭയുടെ യുവ ഉപദേശക പാനലിന്റെ പ്രസിഡന്റ് കൂടിയായിരുന്നു തസ്നിം ജാറ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ