/indian-express-malayalam/media/media_files/2026/01/22/bangladesh-cricket-team-2026-01-22-17-17-01.jpg)
ചിത്രം: ബിസിബി
ടി20 ലോകകപ്പ് കളിക്കാൻ ആഗ്രഹമുണ്ടെങ്കിലും ഇന്ത്യയിലേക്ക് പോകില്ലെന്ന് വ്യക്തമാക്കി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്. ലോകകപ്പ് മത്സരങ്ങൾ ശ്രീലങ്കയിൽ കളിക്കാൻ താത്പര്യമുണ്ടെന്നും ഐസിസിയിൽ നിന്ന് ഇപ്പോഴും നീതി പ്രതീക്ഷിക്കുന്നുണ്ടെന്നും ക്രിക്കറ്റ് താരങ്ങളുമായി നടന്ന ഉന്നതതല കൂടിക്കാഴ്ചയ്ക്കു ശേഷം ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് പ്രസിഡന്റ് അമിനുൾ ഇസ്ലാമും കായിക ഉപദേഷ്ടാവ് ആസിഫ് നസ്രുളും വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
'ശ്രീലങ്കയിൽ കളിക്കാൻ അവസരം നൽകി ഐസിസി നീതി പുലർത്തുമെന്ന് പ്രതീക്ഷിക്കുന്നു. ലോകകപ്പിൽ തങ്ങളെ ഉൾപ്പെടുത്താതിരിക്കുന്നത് ലോക ക്രിക്കറ്റിന് നഷ്ടവും ആതിഥേയ രാജ്യത്തിന്റെ പരാജയവുമായിരിക്കും,' എന്ന് ആസിഫ് നസ്രുൾ പറഞ്ഞു.
Also Read: ബംഗ്ലാദേശിന് ഐസിസിയുടെ അന്ത്യശാസനം; ഇന്ത്യയിൽ കളിച്ചില്ലെങ്കിൽ പകരം സ്കോട്ട്‌ലൻഡ്
ഇന്ത്യയിൽ കളിക്കാൻ തയ്യാറായില്ലെങ്കിൽ ബംഗ്ലാദേശിനു പകരം സ്കോട്ട്ലൻഡിനെ പരിഗണിക്കുമെന്ന് ഇന്നലെ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന് ഐസിസി അന്ത്യശാസനം നൽകിയിരുന്നു. ഇന്ത്യയിൽ കളിക്കാൻ തയ്യാറാണോ എന്ന് അറിയിക്കാൻ 24 മണിക്കൂർ സമയവും നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ത്യയിലേക്ക് ഇല്ലെന്ന് ബംഗ്ലാദേശ് വ്യക്തമാക്കിയത്.
ഐസിസി ബോർഡ് മീറ്റിംഗിൽ നടന്ന വോട്ടെടുപ്പിലൂടെയായിരുന്നു നിലവിലെ ഷെഡ്യൂൾ മാറ്റേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് ഐസിസി എത്തിയത്. സ്വതന്ത്ര ഏജൻസികളെക്കൊണ്ട് ഐസിസി നടത്തിയ സുരക്ഷാ പരിശോധനയിൽ ബംഗ്ലാദേശ് ടീമിന് ഇന്ത്യയിൽ യാതൊരു സുരക്ഷാ ഭീഷണിയുമില്ലെന്ന് ഐസിസി കണ്ടെത്തിയിരുന്നു.
Also Read: ഇന്ത്യ-ന്യൂസിലൻഡ് അഞ്ചാം ടി20 ടിക്കറ്റ് വിൽപ്പന; സമയം; എങ്ങനെ ബുക്ക് ചെയ്യാം; ചെയ്യേണ്ടത് ഇങ്ങനെ
ഐപിഎല്ലിൽ നിന്ന് ബംഗ്ലാദേശ് താരം മുസ്തഫിസുർ റഹ്മാനെ ബിസിസിഐ നിർദ്ദേശപ്രകാരം കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഒഴിവാക്കിയതാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്. ഇതിനെത്തുടർന്ന് സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഇന്ത്യയിൽ കളിക്കില്ലെന്ന് ബംഗ്ലാദേശ് സർക്കാർ നിലപാടെടുക്കുകയായിരുന്നു. ഫെബ്രുവരി 7-ന് ആരംഭിക്കുന്ന ലോകകപ്പിൽ ബംഗ്ലാദേശിന്റെ മത്സരങ്ങൾ കൊൽക്കത്തയിലും മുംബൈയിലുമായാണ് നിശ്ചയിച്ചിരിക്കുന്നത്. ഇംഗ്ലണ്ട്, വെസ്റ്റ് ഇൻഡീസ്, ഇറ്റലി, നേപ്പാൾ എന്നിവരാണ് ഗ്രൂപ്പ് സിയിലെ മറ്റ് ടീമുകൾ.
Read More: ടി20 ലോകകപ്പിൽ സഞ്ജു ബെഞ്ചിലിരിക്കേണ്ടി വന്നേക്കും; ബാറ്റിങ്ങിലും വിക്കറ്റിന് പിന്നിലും നിരാശ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us