ബാംഗ്ലൂർ ഡെയ്‌സിലെ ദുൽഖർ, നിവിൻ, ഫഹദ്, നസ്രിയ എന്നിവരുടെ കഥാപാത്രങ്ങൾ മമ്മൂട്ടി, മോഹൻലാൽ, ജയറാം, നദിയ മൊയ്‌തു തുടങ്ങിയവർ അഭിനയിച്ചാൽ എങ്ങനെയിരിക്കും? സിനിമ ഗ്രൂപ്പുകളിലടക്കം ഏറെ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ് ‘ബാംഗ്ലൂർ ഡെയ്‌സ് കാസ്റ്റിങ് ചലഞ്ച്’. ജിത്തു സതീശൻ മംഗലത്താണ് ആരാധകർ ഏറ്റെടുത്തിരിക്കുന്ന ഈ ‘ബാംഗ്ലൂർ ഡെയ്‌സ് കാസ്റ്റിങ് ചലഞ്ച്’ പങ്കുവച്ചിരിക്കുന്നത്. ഇതിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് മമ്മൂട്ടി, മോഹൻലാൽ, ജയറാം, നദിയ മൊയ്‌തു എന്നിവരുടേതാണ്. ദുൽഖർ സൽമാന്റെ കഥാപാത്രമായി എത്തുന്നത് മോഹൻലാലാണ്. ഫഹദ് ഫാസിലിന്റെ ശിവ എന്ന കഥാപാത്രമായി മമ്മൂട്ടി എത്തുന്നു. നിവിൻ പോളിയായി ജയറാമും നസ്രിയയായി നദിയ മൊയ്‌തുവും. മറ്റ് പ്രമുഖ താരങ്ങളെവച്ചും ഈ കാർഡുണ്ടാക്കിയിട്ടുണ്ട്.
സിനിമ ബ്ലാക് ആൻഡ് വെെറ്റ് കാലഘട്ടത്തിലേക്ക് എത്തിയപ്പോൾ ദുൽഖറിന്റെ കഥാപാത്രം ജയനിലേക്ക് എത്തി. നിവിൻ പോളിയായി നസീറും ഫഹദ് ആയി സത്യനും എത്തുന്നു. മലയാളികളുടെ പ്രിയനടി ഷീലയാണ് നസ്രിയ അവതരിപ്പിച്ച കഥാപാത്രമാകുന്നത്.
ഇപ്പോഴത്തെ തമിഴ് സൂപ്പർസ്റ്റാറുകളിലേക്ക് എത്തുമ്പോൾ വിജയ് ദുൽഖറിന്റെ കഥാപാത്രവും സൂര്യ നിവിൻ പോളിയുടെ കഥാപാത്രവും ആകുന്നു. അജിത്ത് ഫഹദിന്റെ കഥാപാത്രമായും നയൻതാര നസ്രിയയുടെ കഥാപാത്രമായും എത്തുന്നു. മറ്റ് താരങ്ങളെ ഉൾപ്പെടുത്തിയുള്ള ടെെറ്റിൽ കാർഡും സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ട്രോൾ മോളിവുഡ് സിനിമ ഗ്രൂപ്പിൽ ചിത്രങ്ങൾ പോസ്റ്റ് ചെയ്‌തതോടെ സംഗതി വെെറലായി.
ആറ് വർഷങ്ങൾക്കു മുൻപ് തിയറ്ററിലെത്തിയ സിനിമയാണ് ബാംഗ്ലൂർ ഡെയ്‌സ്. യുവാക്കൾക്കിടയിൽ ആവേശത്തിരയിളക്കിയ ചിത്രം വൻ വിജയമായിരുന്നു. അൻവർ റഷീദും സോഫിയ പോളും ചേർന്ന് നിർമ്മിച്ച, അഞ്ജലി മേനോൻ സംവിധാനം ചെയ്ത ചെയ്ത ചിത്രം ഒരേസമയം പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും നേടിയിരുന്നു. ദുൽഖർ സൽമാൻ, നസ്രിയ, നിവിൻ പോളി, ഫഹദ് ഫാസിൽ, പാർവ്വതി, പാരിസ് ലക്ഷ്മി, നിത്യമേനോൻ, ഇഷ തൽവാർ, പ്രവീണ, വിജയരാഘവൻ, കൽപ്പന, രേഖ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരന്നിരുന്നു.
ബാംഗ്ലൂരിന്റെ പശ്ചാത്തലത്തിൽ പറഞ്ഞ കഥ സുഹൃത്തുക്കളും കസിൻസുമായ മൂന്നു ചെറുപ്പക്കാരുടെ സന്തോഷങ്ങളും സങ്കടങ്ങളും ജീവിതപ്രതിസന്ധികളെയുമെല്ലാം കുറിച്ചാണ് സംസാരിച്ചത്. ദുൽഖറിനും ദിവ്യയ്ക്കും നിവിൻ പോളിയ്ക്കും തുല്യ പ്രാധാന്യം നൽകിയാണ് അഞ്ജലി മേനോൻ ബാംഗ്ലൂർ ഡെയ്സ് ഒരുക്കിയത്. ഈ മൂവർ സംഘത്തിന്റെ കഥാപാത്രങ്ങൾക്കൊപ്പം തന്നെ ഫഹദ് ഫാസിൽ, പാർവ്വതി, ഇഷ തൽവാർ, പാരീസ് ലക്ഷ്മി എന്നിവരുടെ കഥാപാത്രങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടു. ചിത്രത്തിൽ മറ്റൊരു ഔട്ട്സ്റ്റാൻഡിംഗ് പെർഫോമൻസ് കാഴ്ച വച്ച താരം കൽപ്പനയായിരുന്നു.
കുട്ടിക്കാല സൗഹൃദം, നൊസ്റ്റാൾജിയ, നഷ്ട പ്രണയം, പാഷനെ പിൻതുടരുന്ന ഒരു യുവാവിന്റെ പോരാട്ടം, ഫിസിക്കലി ചലഞ്ചഡ് ആയ ഒരു പെൺകുട്ടിയുടെ അതിജീവനം തുടങ്ങി നിരവധിയേറെ ഘടകങ്ങൾ ‘ബാംഗ്ലൂർ ഡേയ്സി’ൽ വിഷയമായി. അഭിനേതാക്കളുടെ പ്രകടനത്തിനൊപ്പം തന്നെ സമീർ താഹിറിന്റെ ക്യാമറാ മികവും ഗോപിസുന്ദറിന്റെ മ്യൂസിക്കുമെല്ലാം ചിത്രത്തെ ജനപ്രിയമാക്കിയ ഘടകങ്ങളാണ്. ചിത്രത്തിലെ ഗാനങ്ങളും അന്നേറെ ശ്രദ്ധിക്കപ്പെടുകയും തരംഗമാവുകയും ചെയ്തിരുന്നു.