മണിച്ചിത്രത്താഴ് എന്ന ചിത്രത്തിന്റെ ഫോട്ടോസ്റ്റോറി ചെയ്താണ് മുരളീ കൃഷ്ണൻ എന്ന ചെറുപ്പക്കാരൻ ആദ്യം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ഇപ്പോൾ ബാലരമയിലെ ‘മായാവി’ എന്ന അമർ ചിത്രകഥയിലെ കൊള്ളക്കാരായ വിക്രമന്റെയും മുത്തുവിന്റെയും കഥയുടെ ഫൊട്ടോ സ്റ്റോറിയായി മുരളീ കൃഷ്ണൻ വീണ്ടും എത്തിയിരിക്കുകയാണ്. ബാലരമയിലെ മറ്റ് കഥാപാത്രങ്ങളേയും ഈ ശ്രേണിയിൽ അവതരിപ്പിക്കാനാണ് മുരളിയുടെ പദ്ധതി.
“വർഷങ്ങളായി മലയാളികളെ കുടുകുടെ ചിരിപ്പിച്ച ബാലരമ കഥാപാത്രങ്ങളായ വിക്രമനും, മുത്തുവും അക്ഷരാർത്ഥത്തിൽ ഇതേത് വർഷമെന്നറിയാതെ ഉഴറുന്ന കഥ ഇവിടെ ആരംഭിക്കുന്നു. ഒരു അമർ ചിത്രകഥ വായിക്കുന്നതുപോലെ ഓരോ ഫോട്ടോകളും ക്യാപ്‌ഷൻ സഹിതം വായിച്ചു പോകാൻ അപേക്ഷിക്കുന്നു,” എന്ന അടിക്കുറിപ്പോടെയാണ് മുരളി തന്റെ ഫൊട്ടോ സ്റ്റോറി സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്.
രാജുവും രാധയും പുട്ടാലുവും ലൊട്ടുലൊടുക്കും ഗുൽഗുൽമാലുമെല്ലാം മുരളിയുടെ ഫോട്ടോ സ്റ്റോറിയിലുണ്ട്. എസ്.ദുർഗ എന്ന ചിത്രത്തിലെ നായകനായ കണ്ണൻ നായരാണ് വിക്രമനായി എത്തുന്നത്. മണിച്ചിത്രത്താഴ് സീരീസിൽ രാമനാഥനായി എത്തിയ ആനന്ദ് മന്മഥൻ മുത്തുവായി എത്തുന്നു. പുട്ടാലുവായി വേഷമിട്ടിരിക്കുന്നത് രാഹുൽ നായരായിരുന്നു. മണിച്ചിത്രത്താഴ് ഫോട്ടോ സ്റ്റോറിയിൽ ഇദ്ദേഹമായിരുന്നു ശങ്കരൻ തമ്പി. ലൊട്ടുലൊടുക്കായി ജിക്കുജി എലഞ്ഞിക്കനും ഗുൽഗുൽമാലായി രവിശങ്കറും പ്രത്യക്ഷപ്പെടുന്നു. രാജുവിന്റേയും രാധയുടേയും കുട്ടിക്കാലമാണ് ഫോട്ടോ സ്റ്റോറിയിൽ കാണിക്കുന്നത്.
Read More: മണിചിത്രത്താഴോളം മലയാളിയെ സ്വാധീനിച്ച മറ്റൊരു ചിത്രമുണ്ടോ?
രാഹുൽ രാധാകൃഷ്ണനും അഭയ് ചന്ദ്രനും ചേർന്നാണ് എഡിറ്റിങ് നിർവ്വഹിച്ചിരിക്കുന്നത്. ആശയം മുരളിയുടേതാണെങ്കിലും സഹായിക്കാൻ കൂടെ വിനേഷ് വിശ്വനാഥ്, കണ്ണൻ നായർ, കൈലാഷ് എസ് ഭവൻ, ആനന്ദ് മന്മധൻ എന്നിവരും ഉണ്ടായിരുന്നു.
തിരുവനന്തപുരം, പാളയം മാർക്കറ്റ്, വെള്ളായണി, ജഡ്ജ് കുന്ന്, കിഴക്കേകോട്ട എന്നിവിടങ്ങളിലാണ് ഫോട്ടോ സ്റ്റോറിയുടെ ചിത്രീകരണം നടന്നത്.
എൻജിനീയറിങ് ബിരുദധാരിയായ മുരളീ കൃഷ്ണൻ നേരത്തെ വിദേശത്തായിരുന്നു ജോലി ചെയ്തിരുന്നത്. മുൻപും ഫോട്ടോ സ്റ്റോറികൾ ധാരാളം ചെയ്തിട്ടുണ്ടെന്നാണ് മുരളി പറയുന്നത്. ബാലരമ കഥാപാത്രങ്ങളെ ആസ്പദമാക്കിയുള്ള ഫോട്ടോ സ്റ്റോറിയുടെ രണ്ടാം ഭാഗത്തിനായുള്ള ഒരുക്കത്തിലാണ് മുരളി. നേരത്തേ തിരുവനന്തപുരത്തെ മർമപ്രധാന സ്ഥലങ്ങൾ കൂട്ടിയിണക്കിയും മുരളി ഫോട്ടോ സ്റ്റോറി ചെയ്തിട്ടുണ്ട്. കേരളാപോലീസ് തേടുന്ന കുപ്രസിദ്ധ ക്രിമിനൽ ചെന്തിട്ട കണ്ണനെ പിടിക്കാൻ ഇന്റർപോൾ നിയമിച്ച റോ (RAW) ഏജന്റ് ഫ്രാങ്കോ ഡഗ്ലസിന്റെ കരളലിയിക്കുന്ന കഥ എന്ന പേരിൽ നർമത്തിൽ ചാലിച്ച ഒരു ഫോട്ടോ സ്റ്റോറിയും ചെയ്തിട്ടുണ്ടായിരുന്നു.
ഇലക്ട്രിക്കൽ ഡിസൈനിങ് എൻജിനീയറായ മുരളിക്ക് എഴുത്തും ഫൊട്ടോഗ്രഫിയുമെല്ലാമാണ് പാഷൻ. ഫൊട്ടോ സ്റ്റോറിയുടെ കഥയെഴുത്തും ഫൊട്ടോഗ്രഫിയുമെല്ലാം മുരളി തന്നെയാണ് നിർവഹിച്ചത്.