രണ്ടു വർഷം മുൻപ് മാതൃഭൂമി സാഹിത്യോൽസവത്തിൽ ഒരു സംവാദത്തിനിടെ ചോദ്യകർത്താവിന് ബാലചന്ദ്രൻ ചുള്ളിക്കാട് കൊടുത്ത മറുപടിയാണ് ഇന്നലെ മുതൽ സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുന്നത്. “കവിതയിലേക്ക് നിന്ന് സിനിമയിലേക്കുള്ള ദൂരം എത്രയാണ്? കവിതയിലേക്ക് ഇനി മടങ്ങിവരുമോ? സിനിമയുടെ കപടലോകത്ത് നിന്ന് മടങ്ങിവന്നുകൂടെ?,” എന്നായിരുന്നു ചോദ്യോത്തര വേളയിൽ സദസ്സിൽ നിന്നും ഒരാൾ ചുള്ളിക്കാടിനോട് ചോദിച്ചത്. “സൗകര്യമില്ല,” എന്നാണ് ചുള്ളിക്കാട് ചോദ്യകർത്താവിന് മറുപടി നൽകിയത്.
ചുള്ളിക്കാടിന്റെ തഗ് മറുപടിയെന്ന രീതിയിൽ വീഡിയോ ഇന്നലെ മുതൽ വ്യാപകമായി ഷെയർ ചെയ്യപ്പെടുകയാണ്. അതേസമയം, വീഡിയോയെ വിമർശിച്ചു കൊണ്ടുള്ള ചർച്ചകളും സജീവമായി നടക്കുന്നുണ്ട്. ഇപ്പോഴിതാ, ഈ വിഷയത്തിൽ പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ബാലചന്ദ്രൻ ചുള്ളിക്കാട്. ‘എന്നെ അനുകൂലിക്കാനോ പ്രതിരോധിക്കാനോ അഭിനന്ദിക്കാനോ നിങ്ങളുടെ വിലപ്പെട്ട സമയം പാഴാക്കരുതെന്ന് അപേക്ഷിക്കുന്നു,’ എന്ന് ചുള്ളിക്കാട് പറയുന്നു.
“രണ്ടുകൊല്ലം മുമ്പ് മാതൃഭൂമി സാഹിത്യോൽസവത്തിൽ ഒരാളോട് ഞാൻ പറഞ്ഞ മറുപടി ഇന്നലെ സാമൂഹ്യമാധ്യമങ്ങളിൽ പകർച്ചവ്യാധിയായത് അറിഞ്ഞു. ഇത്തരം സന്ദർഭങ്ങളിൽ എന്നെ അനുകൂലിക്കാനോ പ്രതിരോധിക്കാനോ അഭിനന്ദിക്കാനോ നിങ്ങളുടെ വിലപ്പെട്ട സമയം പാഴാക്കരുതെന്ന് അപേക്ഷിക്കുന്നു. എനിക്കുള്ള ശകാരവും തെറിയും എനിക്കു വിട്ടേക്കൂ. അത് നിങ്ങളെ ബാധിക്കരുത്. ശരാശരി മലയാളികളുടെ ഈ കൃമികടി എനിക്ക് കുട്ടിക്കാലം മുതലേ നല്ല ശീലമാണ്. അത് ഞാൻ സഹിച്ചോളാം. എന്റെ പേരിൽ നിങ്ങളുടെ മേൽ ചെളി തെറിക്കരുത്.”
Read more: സാംസ്കാരിക നായകന് എന്ന് വിളിച്ച് അധിക്ഷേപിക്കരുത്: ബാലചന്ദ്രന് ചുള്ളിക്കാട്