യുവതലമുറയുടെ ഹരമാണ് ഇന്ന് റോയല്‍ എന്‍ഫീല്‍ഡ് ബുളളറ്റ്. നമ്മുടെ നിരത്തുകളില്‍ എവിടെ നോക്കിയാലും ബുളളറ്റ് കാണാം. അത്രത്തോളം ഹിറ്റായി മാറിയിട്ടുണ്ട് എന്‍ഫീല്‍ഡ്. ഇരുചക്രമാണെങ്കിലും ബൈക്കെന്ന് വിളിക്കാറില്ല . അത്രക്ക് റോയലായാണ് നമ്മള്‍ ഇതിനെ കാണുന്നത്. മുന്പ് റോയൽ എൻഫീൽഡ് ബുളളറ്റ് ആരെങ്കിലും ഓടിച്ചുകൊണ്ട് പോകുന്നത് കണ്ടാല്‍ നിരത്ത് മുഴുവന്‍ ഒന്ന് ആരാധനയോടെ നോക്കി നില്‍ക്കും.

കൊതിപ്പിക്കുന്ന ഗാംഭീര്യവും അതിനൊത്ത ശബ്ദവും ഉളള രാജകീയതയാണ് വാഹനത്തിന്റെ പ്രൗഢി. അന്നത്തെ കാലത്ത് ഇന്ത്യയില്‍ തന്നെ ബുളളറ്റ് വളരെ കുറച്ചെ ഉണ്ടായിരുന്നുള്ളു അതിനുള്ള പ്രധാന കാരണം വണ്ടി ഓർഡർ ചെയ്തു മാസങ്ങളോളം കാത്തിരിക്കണം എന്നുള്ളതായിരുന്നു, കൂടാതെ സാധാരണ ബൈക്ക് ഓടിക്കുന്നപോലെ ബുള്ളറ്റ് കൈകാര്യം ചെയ്യാൻ പറ്റില്ല എന്ന ധാരണയും ആളുകൾക്കിടയിൽ ഉണ്ടായിരുന്നു.

മിക്ക ആളുകളുടേയും സ്വപ്നം മാത്രമായി അന്ന് ബുളളറ്റ് ഒതുങ്ങി. എന്നാല്‍ ഇന്ന് നിരത്ത് മുഴുവന്‍ ബുളളറ്റുകളാണ്. കേരളത്തില്‍ കാക്കകളേക്കാള്‍ കൂടുതല്‍ ബുളളറ്റ് ആണെന്ന് ആരോ അതിശയോക്തിയോടെ പറഞ്ഞത് പോലെ തന്നെയാണ് കാര്യം. എന്തൊക്കെ ആയാലും ഇന്ത്യന്‍ വിപണി തന്നെ ബുളളറ്റുകളുടെ കാതടിപ്പിക്കുന്ന ശബ്ദം കീഴടക്കി കഴിഞ്ഞു. ഇതിനിടെയാണ് റോയല്‍ എന്‍ഫീല്‍ഡിനെ ലക്ഷ്യം വെച്ച് ബജാജ് ഡോമിനോര്‍ 400ന്റെ പരസ്യം ചര്‍ച്ചയാകുന്നത്.

റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകളെ ഒരു ആനയായാണ് പരസ്യത്തില്‍ ചിത്രീകരിച്ചിരിക്കുന്നത്. പശ്ചാത്തലത്തിലെ ഡഗ ഡഗ ശബ്ദത്തിനൊപ്പം റോയല്‍ എന്‍ഫീല്‍ഡിന്റെ പാരമ്പര്യപ്പെരുമ പറയുന്നത് മതിയാക്കാന്‍ സമയമായെന്നാണ് പരസ്യത്തില്‍ പറയുന്നത്. കയറ്റം കയറാനും കല്ലുംമുളളും നിറഞ്ഞ വഴിയിലൂടെ പോകാനും ‘ഈ ആനയ്ക്ക്’ കഴിയില്ലെന്ന് പരസ്യം പറഞ്ഞുവെക്കുന്നു. കയറ്റത്തില്‍ തളര്‍ന്നു നിന്ന ആനകള്‍ക്കിടയിലൂടെ അനായാസേന ഡോമിനാര്‍ കടന്നുപോകുന്നിടത്ത് പരസ്യം അവസാനിക്കുന്നു.

എന്തായാലും പരസ്യം റോയല്‍ എന്‍ഫീല്‍ഡ് ഉടമസ്ഥരേയും ഇതിന്റെ ആരാധകരേയും ഒന്നടങ്കം ചൊടിപ്പിച്ചിട്ടുണ്ട്. റോയല്‍ എന്‍ഫീല്‍ഡിനോട് മുട്ടി നോക്കാന്‍ മാത്രം ബജാജിന്റെ വണ്ടികള്‍ വളരില്ലെന്നാണ് ഇവരുടെ പക്ഷം. വിപണി പിടിക്കാന്‍ നിലവാരമുളള ഉത്പന്നം അവതരിപ്പിക്കുകയാണ് വേണ്ടതെന്നും എതിരാളിയെ താഴ്ത്തിക്കെട്ടുന്ന ബജാജിന്റെ പരസ്യം അതിരുവിട്ടുപോയെന്നും അഭിപ്രായങ്ങള്‍ ഉയര്‍ന്നു.
കണക്കുകള്‍ നോക്കിയാല്‍ റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകളാണ് കൂടുതല്‍ ജനപ്രിയതയും വിപണിയും സ്വന്തമാക്കുന്നത്.  ജൂണ്‍ മാസം  927 ഡോമിനാര്‍ ബൈക്കുകളാണ് ആകെ വിറ്റുപോയത്.  മെയ് മാസം 1500 ബൈക്കും ഏപ്രിലിൽ 2000 വണ്ടികളാണ് ആകെ വിറ്റു പോയതെന്ന് ‘ഓട്ടോ പോർട്ടൽ’ ഒരു റിപ്പോർട്ടിൽ പറയുന്നു. അതേസമയം ഈ വര്ഷം  61,671 റോയല്‍ എന്‍ഫീല്‍ഡുകള്‍ വിറ്റുപോയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ