യുവതലമുറയുടെ ഹരമാണ് ഇന്ന് റോയല്‍ എന്‍ഫീല്‍ഡ് ബുളളറ്റ്. നമ്മുടെ നിരത്തുകളില്‍ എവിടെ നോക്കിയാലും ബുളളറ്റ് കാണാം. അത്രത്തോളം ഹിറ്റായി മാറിയിട്ടുണ്ട് എന്‍ഫീല്‍ഡ്. ഇരുചക്രമാണെങ്കിലും ബൈക്കെന്ന് വിളിക്കാറില്ല. അത്രക്ക് റോയലായാണ് നമ്മള്‍ ഇതിനെ കാണുന്നത്. കൊതിപ്പിക്കുന്ന ഗാംഭീര്യവും അതിനൊത്ത ശബ്ദവും ഉളള രാജകീയതയാണ് വാഹനത്തിന്റെ പ്രൗഢി.

ഇതിനിടെ മാസങ്ങള്‍ക്ക് മുമ്പ് റോയല്‍ എന്‍ഫീല്‍ഡിനെ ലക്ഷ്യം വച്ച് ബജാജ് ഡോമിനോര്‍ 400ന്റെ പരസ്യം ചര്‍ച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ പരസ്യങ്ങള്‍ കൂടി കമ്പനി പുറത്തിറക്കിയിരിക്കുന്നത്. ബ്രേക്ക് പിടിച്ചാല്‍ നില്‍ക്കാത്ത ആനയായാണ് ബുളളറ്റിനെ ഡോമിനാര്‍ ട്രോളുന്നത്.

റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകളെ ഒരു ആനയായാണ് പരസ്യത്തില്‍ ചിത്രീകരിച്ചിരിക്കുന്നത്. പശ്ചാത്തലത്തിലെ ഡഗ ഡഗ ശബ്ദത്തിനൊപ്പം റോയല്‍ എന്‍ഫീല്‍ഡിന്റെ പാരമ്പര്യപ്പെരുമ പറയുന്നത് മതിയാക്കാന്‍ സമയമായെന്നാണ് പരസ്യത്തില്‍ പറയുന്നത്. ഭാരമേറിയ ആനയെ ഉയര്‍ത്താന്‍ ശ്രമിക്കുന്ന റൈഡറുമാരേയും രണ്ടാം പരസ്യത്തില്‍ കാണിക്കുന്നു. എന്നാല്‍ ഡോമിനാര്‍ റൈഡര്‍മാര്‍ കൂളായി വണ്ടി ഓടിച്ച് പോകുന്നതും പരസ്യത്തില്‍ പറഞ്ഞുവയ്ക്കുന്നു.

കയറ്റം കയറാനും കല്ലുംമുളളും നിറഞ്ഞ വഴിയിലൂടെ പോകാനും ‘ഈ ആനയ്ക്ക്’ കഴിയില്ലെന്നായിരുന്നു ആദ്യത്തെ പരസ്യത്തില്‍ ഡോമിനാര്‍ കളിയാക്കിയത്. കയറ്റത്തില്‍ തളര്‍ന്നു നിന്ന ആനകള്‍ക്കിടയിലൂടെ അനായാസേന ഡോമിനാര്‍ കടന്നുപോകുന്നിടത്ത് പരസ്യം അവസാനിക്കുന്നു.

എന്തായാലും കമ്പനിയുടെ പരസ്യങ്ങള്‍ റോയല്‍ എന്‍ഫീല്‍ഡ് ഉടമസ്ഥരേയും ഇതിന്റെ ആരാധകരേയും ഒന്നടങ്കം ചൊടിപ്പിച്ചിട്ടുണ്ട്. റോയല്‍ എന്‍ഫീല്‍ഡിനോട് മുട്ടി നോക്കാന്‍ മാത്രം ബജാജിന്റെ വണ്ടികള്‍ വളരില്ലെന്നാണ് ഇവരുടെ പക്ഷം. വിപണി പിടിക്കാന്‍ നിലവാരമുളള ഉത്പന്നം അവതരിപ്പിക്കുകയാണ് വേണ്ടതെന്നും എതിരാളിയെ താഴ്ത്തിക്കെട്ടുന്ന ബജാജിന്റെ പരസ്യം അതിരുവിട്ടുപോയെന്നും അഭിപ്രായങ്ങള്‍ ഉയര്‍ന്നു.

കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍ നോക്കിയാല്‍ റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകളാണ് കൂടുതല്‍ ജനപ്രിയതയും വിപണിയും സ്വന്തമാക്കുന്നത്.  ജൂണ്‍ മാസം  927 ഡോമിനാര്‍ ബൈക്കുകളാണ് ആകെ വിറ്റുപോയത്.   മെയ് മാസം 1500 ബൈക്കും ഏപ്രിലിൽ 2000 വണ്ടികളാണ് ആകെ വിറ്റു പോയതെന്ന് ‘ഓട്ടോ പോർട്ടൽ’ ഒരു റിപ്പോർട്ടിൽ പറയുന്നു. അതേസമയം ഈ വർഷം   61,671 റോയല്‍ എന്‍ഫീല്‍ഡുകള്‍ വിറ്റുപോയിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook