ഭുവനേശ്വർ: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ഫോനി ചുഴലിക്കാറ്റ് ഒഡീഷയുടെ തീരങ്ങളില്‍ സംഹാര താണ്ഡവമാടുമ്പോള്‍ ഭുവനേശ്വരിലെ റെയില്‍വേ ഹോസ്പിറ്റലില്‍ ഒരു ജീവന്‍ പിറന്നു. കൊടുങ്കാറ്റിനൊപ്പം പിറന്നവളുടെ കാതില്‍ അമ്മ പേര് ചൊല്ലി; ഫോനി.

വെള്ളിയാഴ്ച രാവിലെ 11.03നായിരുന്നു പെണ്‍കുഞ്ഞിന്റെ ജനനം. കുട്ടിയുടെ അമ്മ റെയില്‍വെ ജീവനക്കാരിയാണ്. മഞ്ചേശ്വറിലെ കോച്ച് റിപ്പയര്‍ വര്‍ക്ക്‌ഷോപ്പില്‍ സഹായിയാണ് ഇവര്‍. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

അതേസമയം മണിക്കൂറില്‍ 200 കിലോമീറ്റര്‍ വരെ വേഗതയില്‍ ആഞ്ഞുവീശിയിരുന്ന കാറ്റിന്റെ വേഗത കുറഞ്ഞിട്ടുണ്ട്. പലയിടത്തും മരങ്ങള്‍ കടപുഴകി വീണിട്ടുണ്ട്. അപകടകരമായ ചുഴലിക്കാറ്റിനെ നേരിടാന്‍ അതീവ ജാഗ്രതയോടെയാണ് ഒഡീഷ സര്‍ക്കാര്‍ മുന്നൊരുക്കങ്ങള്‍ നടത്തിയിരിക്കുന്നത്.

ചുഴലിക്കാറ്റിനെ തുടര്‍ന്ന് കൊല്‍ക്കത്ത വിമാനത്താവളം അടച്ചു. ഇന്നും ശനിയാഴ്ചയും കൊല്‍ക്കത്ത വിമാനത്താവളം പ്രവര്‍ത്തിക്കില്ല. ഇന്ത്യന്‍ റെയില്‍വേ നൂറിലധികം ട്രെയിന്‍ സര്‍വ്വീസുകളും റദ്ദാക്കിയിട്ടുണ്ട്.

Read More: Cyclone Fani Odisha, West Bengal Live: വിമാനത്താവളം അടച്ചു, ട്രെയിനുകൾ റദ്ദാക്കി; കാറ്റിന്റെ തീവ്രത കുറയും

അതേസമയം ഏതാനും മണിക്കൂറുകള്‍ക്കകം ഫോനി ചുഴലിക്കാറ്റ് ബംഗാളിലേക്ക് പ്രവേശിക്കും. ബംഗാളിലേക്ക് കടക്കുന്നതോടെ കാറ്റിന്റെ തീവ്രത കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

എന്നാല്‍ ഒഡീഷയുടെ തീരമേഖലകളില്‍ അതിതീവ്ര മഴയും കാറ്റുമുണ്ട്. കാറ്റ് ബംഗാളിലേക്ക് പ്രവേശിക്കാന്‍ സാധ്യതയുള്ളതിനാല്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശമാണ് നല്‍കിയിട്ടുള്ളത്. ഒഡീഷയില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.

ആന്ധ്രാപ്രദേശിലെ നാല് ജില്ലകളില്‍ പെരുമാറ്റച്ചട്ടം പിന്‍വലിച്ചിട്ടുണ്ട്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ നടത്തുന്നതിന് വേണ്ടിയാണ് ഇത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook