കുത്തനെയുളള മഞ്ഞുമല കയറി അമ്മയ്ക്ക് ഒപ്പമെത്താൻ പരിശ്രമിക്കുന്ന ഒരു കുഞ്ഞൻ കരടി. സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയ ഈ വീഡിയോ, ലക്ഷ്യത്തിലെത്തും വരെ പിന്മാറരുതെന്ന വലിയ പാഠമാണ് നൽകിയതെന്നാണ് ഇതുവരെ ഉണ്ടായിരുന്ന വിശ്വാസം.

എന്നാൽ അതങ്ങിനെ തന്നെയായിരുന്നോ? യഥാർത്ഥത്തിൽ തങ്ങളെ ആക്രമിക്കാനെത്തിയ പറക്കാൻ കഴിവുളള ഒരു ജീവിയിൽ നിന്നെന്നോണം രക്ഷപ്പെട്ട് ഓടുകയായിരുന്നു ആ കരടിയും അതിന്റെ കുഞ്ഞുമെന്നാണ് പുറത്തുവരുന്ന വിവരം.

പട്ടി കടിക്കാൻ വരുമ്പോൾ ജീവനും കൊണ്ടോടുന്ന ഓട്ടത്തിൽ ചിലപ്പോൾ ഉസൈൻ ബോൾട്ട് പോലും നമ്മളോട് തോറ്റ് പോകും. അവിടെ മത്സരത്തിൽ ജയിക്കുകയല്ല, മറിച്ച് ജീവൻ രക്ഷിക്കലാണ് പ്രധാനം. അതാണ് കരടിക്കുഞ്ഞനും അതിന്റെ അമ്മയും ചെയ്തതെന്നാണ് പ്രമുഖ മാധ്യമമായ അൽ ജസീറ ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്നത്.

മഞ്ഞുമല കയറാൻ ശ്രമിക്കുന്നതിനിടെ രണ്ട് വട്ടം കുഞ്ഞൻ കരടി താഴെ വീഴുന്നുണ്ട്. എന്നാൽ ഇത് ഈ വന്യമൃഗങ്ങളുടെ ചലനം പകർത്താനെത്തിയ ഡ്രോൺ കണ്ട് ഭയന്നാണെന്നാണ് വിശദീകരിക്കുന്നത്.

അമ്മയ്ക്ക് ഒപ്പം എത്താൻ കുഞ്ഞൻ കരടിയുടെ കഷ്‌ടപ്പാട്! വൈറലായി വീഡിയോ

രണ്ടാമത്തെ ശ്രമത്തിൽ മലയുടെ മുകൾതട്ടിലെത്താറായ കുഞ്ഞിനെ അമ്മക്കരടി കൈകൊണ്ട് പിടിക്കാൻ ശ്രമിക്കുന്നുണ്ട്. ഈ സമയത്ത് ദൃശ്യം ഡ്രോൺ വളരെ അടുത്തെത്തിയാണ് പകർത്തിയത്. ഇത് കണ്ട് ഭയന്നാവും അമ്മക്കരടി കുഞ്ഞിന് നേർക്ക് കൈ വീശിയതെന്നാണ് കരുതുന്നത്. ഈ ശ്രമത്തിനിടെ കരടിക്കുഞ്ഞ് നിയന്ത്രണം നഷ്ടപ്പെട്ട് താഴേക്ക് വീഴും. പിന്നീട് മലയുടെ കീഴ്‌ഭാഗത്ത് നിന്ന് വീണ്ടും ഇത് മുകൾ ഭാഗം വരെ പിടിച്ചുകയറും. ഈ ശ്രമത്തിൽ അത് വിജയിക്കുകയും ചെയ്യും.

സത്യത്തിൽ ഇത്തരം ദൃശ്യങ്ങൾ പകർത്താൻ ഡ്രോണുകളുമായി കാട് കയറുന്നവർ നടത്തുന്നത് ചില്ലറ ക്രൂരതയല്ല. വന്യമൃഗങ്ങളിൽ ഭയം ജനിപ്പിക്കുന്ന ഈ നീക്കം പാടില്ലെന്നാണ് ശാസ്ത്ര വിദഗ്‌ധരുടെ അഭിപ്രായം.

Get Malayalam News and latest news update from India and around the world. Stay updated with today's latest Social news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ