സിനിമാ പ്രേമികളെല്ലാം കാത്തിരിക്കുകയാണ് ബാഹുബലി 2വിന്റെ റിലീസിനായി. ആദ്യ ഷോയ്‌ക്ക് തന്നെ കാണാനായി ടിക്കറ്റിനായി നെട്ടോട്ടമോടുകയാണ് പലരും. ചിത്രത്തെ സംബന്ധിച്ച ചർച്ചകൾ സമൂഹമാധ്യമങ്ങളിൽ സജീവമായി കൊണ്ടിരിക്കുകയാണ്.

ഒരു പാട് ചോദ്യങ്ങൾ ഉയർത്തി കൊണ്ടാണ് ബാഹുബലിയുടെ ആദ്യ ഭാഗത്തിന് തിരശീല വീണത്. കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നുവെന്ന ചോദ്യത്തിനുത്തരമാണ് ഏവരും അറിയാനായി കാത്തിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട ട്രോളുകളും പുറത്തിറങ്ങിയിട്ടുണ്ട്.

എന്നാൽ സമൂഹമാധ്യമങ്ങളിലിപ്പോൾ പ്രചരിക്കുന്നത് കുറച്ച് അവധി ആവശ്യപ്പെട്ടുളള കത്തുകളാണ്. അവധിയുടെ കാരണമാണ് ഏറ്റവും രസകരം. കല്ല്യാണവും അസുഖവുമെല്ലാം കാരണമായുളള അവധി അപേക്ഷകളാണ് ഇതുവരെ കണ്ടിട്ടുളളത്. എന്നാൽ ഇപ്പോൾ പ്രചരിക്കുന്ന അവധി അപേക്ഷകളിലെ കാരണം രസിപ്പിക്കുന്നതാണ്.

‘കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നുവെന്നറിയാനായി പോകുന്നു’ അതിന് അവധി വേണമെന്നുളള തരത്തിലുളള കത്തുകളാണ് സമൂഹമാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്.

കഴിഞ്ഞ 658 ദിവസമായി കാത്തിരിക്കുന്നു, ഇനിയും കാത്തിരിക്കാൻ വയ്യ എന്ന് പറഞ്ഞാണ് ഒരു അവധി അപേക്ഷയുളളത്. കരുണാകർ ബോണഗിരി എന്ന പേരിലുളള ട്വിറ്റർ അക്കൗണ്ടിലാണ് ഈ അവധി കത്ത് പോസ്റ്റ് ചെയ്‌തിരിക്കുന്നത്.

“ബാഹുബലി ജ്വര”മായതിനാൽ അവധി വേണമെന്ന് പറഞ്ഞുളള അപേക്ഷകളും പ്രചരിക്കുന്നുണ്ട്.

കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നുവെന്നറിയണം അതിനായി അവധി വേണമെന്ന് പറഞ്ഞുളള കത്തുകളും ട്വിറ്ററിൽ കാണുന്നുണ്ട്.

ബാഹുബലി.കോം ലീവ് ഫോം എന്ന് പറയുന്ന വെബ്സൈറ്റിൽ ഒരു ബാഹുബലി ലീവ് ഫോം തന്നെ ലഭ്യമാണ്. ഈ ഫോം പൂരിപ്പിക്കുമ്പോൾ കാരണം എന്ത് എന്ന് ആലോചിച്ച് സംശയിക്കുന്നവർക്ക് അതിനുളള കാരണങ്ങളും ഈ സൈറ്റിൽ നിർദേശിക്കുന്നുണ്ട്. ദേവസേനയെ കാണാനാണാണെന്നും കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നുവെന്നറിയാനാണെന്നും ബല്ലാലദേവയെ പരാജയപ്പെടുത്തുന്നത് കാണാനാണെന്നും പറഞ്ഞ് ആറോളം കാരണങ്ങളും ഇവർ നൽകുന്നുണ്ട്.

ആരാധകർ എത്രത്തോളം ബാഹുബലിക്കായി കാത്തിരിക്കുന്നുവെന്ന് കാണിക്കുന്നതാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ഓരോ അവധി അപേക്ഷയും.

മഹിഷ്‌മതിയുടെ കഥ പറഞ്ഞ ബാഹുബലി സംവിധാനം ചെയ്യുന്നത് എസ്.എസ്.രാജമൗലിയാണ്. ചിത്രത്തിന്റെ പുറത്തിറങ്ങിയ ട്രെയിലറിനും പോസ്റ്ററിനും വൻ സ്വീകാര്യതയാണ് ലഭിച്ചത്. നാല് ഭാഷകളിലായി പുറത്തിറങ്ങിയ ട്രെയിലർ കാണികളുടെ എണ്ണത്തിൽ റെക്കോർഡും സൃഷ്‌ടിച്ചിരുന്നു. ആദ്യ 24 മണിക്കൂറിനുളളിൽ അഞ്ച് കോടിപേരാണ് നാലു ഭാഷകളിലിറങ്ങിയ ട്രെയിലർ കണ്ടത്.24 മണിക്കൂറുകൾ കൊണ്ട് 10 ലക്ഷം ടിക്കറ്റുകൾ വിറ്റഴിച്ചുവെന്ന റെക്കോഡും ബാഹുബലി ദി കൺക്ളൂഷൻ സ്വന്തമാക്കിയത്. ബുക്ക്മൈഷോ എന്ന ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് സംവിധാനത്തിലൂടെയാണ് ബാഹുബലിയുടെ 10 ലക്ഷം ടിക്കറ്റുകൾ റെക്കോർഡോടെ വിറ്റഴിച്ചത്.
.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ