കൊച്ചി: തോമസ് ഐസക് അവതരിപ്പിച്ച ബജറ്റിന്റെ കവര്‍ ചിത്രത്തില്‍ അയ്യങ്കാളിയും പഞ്ചമിയും. പഞ്ചമിയെ പള്ളിക്കൂടത്തിലേക്ക് കൊണ്ടു പോകുന്ന അയ്യങ്കാളിയുടെ ചിത്രമാണ് ബജറ്റിന്റെ കവറിലുള്ളത്. നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തി പിടിച്ചു കൊണ്ട് കൊച്ചിയില്‍ നടന്ന ആര്‍പ്പോ ആര്‍ത്തവം പരിപാടിയുടെ പോസ്റ്ററുകളിലൊന്നാണിത്. ജലജ പി.എസ് ആണ് ചിത്രം വരച്ചത്. പഞ്ചമി പിടിച്ചു കൊടുക്കുന്ന മൈക്കിലൂടെ സംസാരിക്കുന്ന അയ്യങ്കാളിയാണ് ചിത്രത്തിലുള്ളത്.
ബജറ്റിന്റെ കവര്‍ ചിത്രം സോഷ്യല്‍ ലോകം ഏറ്റെടുത്തിരിക്കുകയാണ്. നിരവധി പേരാണ് ചിത്രത്തെ അഭിനന്ദിച്ച് പോസ്റ്റ് ചെയ്തിരിക്കുന്നത്. പിന്നാലെ നീക്കത്തെ സ്വാഗതം ചെയ്തു കൊണ്ട് ആര്‍പ്പോ ആര്‍ത്തവം സംഘാടകരും രംഗത്തെത്തി.

ആര്‍പ്പോ ആര്‍ത്തവം സംഘാടകരുടെ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

അയിത്തതിനെതിരെ തുല്യനീതിക്ക് വേണ്ടിയുള്ള സമരത്തെ മുന്നോട്ട് നയിക്കുവാന്‍ പഞ്ചമിയുടെ കൈപിടിച്ച് സവര്‍ണ്ണന് മുന്‍പില്‍ നിവര്‍ന്ന് നിന്ന അയ്യങ്കാളിയെക്കാള്‍ മികച്ച ചിത്രം കേരള ചരിത്രത്തില്‍ ഇല്ലായെന്നതൊരു തിരിച്ചറിവായിരുന്നു. ആര്‍ത്തവ അയിത്തത്തിനെതിരെ നമ്മള്‍ നടത്തിയ #ആര്‍പ്പോആര്‍ത്തവത്തിന്റെ മുഖചിത്രം പഞ്ചമിയും അയ്യങ്കാളിയും തന്നെയായിരിയ്ക്കണം എന്നത് ഏറ്റവും ബഹുമാനത്തോടെ എടുത്ത തീരുമാനമായിരുന്നു.

ആര്‍പ്പോ ആര്‍ത്തവത്തിന് വേണ്ടി പോസ്റ്റര്‍ രചിച്ചത് നമ്മുടെ പ്രിയ സുഹൃത്ത് പി.എസ്.ജലജയാണ്. ജലജയ്ക്കും കലാ കക്ഷിയ്ക്കും ഉമ്മ. ജലജ വരച്ച ആ ആര്‍പ്പോ ആര്‍ത്തവം പോസ്റ്റര്‍ 2019 ലെ 2020 ബജറ്റ് പ്രസംഗത്തിന്റെ കവറായിരിക്കുന്നു എന്നതിനെ സ്‌നേഹപൂര്‍വ്വം അഭിമാനപൂര്‍വ്വം സ്വാഗതം സ്വാഗതം ചെയ്യുന്നു. ദലിതനെയും സ്ത്രീയേയും ഒരേ നിമിഷം അഭിസംബോധന ചെയ്യുന്ന ആ ചരിത്ര നിമിഷത്തെ അടയാളപ്പെടുത്തുവാന്‍ തീരുമാനിച്ച ധനകാര്യ വകുപ്പിന്റെ തീരുമാനത്തെയും സ്‌നേഹത്തോടെ അഭിവാദ്യം ചെയ്യുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Social news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ