ചെറുപ്പകാലം എത്ര മനോഹരമാണെന്ന അയവിറക്കൽ തുടങ്ങുന്നിടത്താണ് വാർദ്ധക്യത്തിന്റെ ആരംഭം എന്ന് തോന്നാറുണ്ട്. അത് കൊണ്ട് കയ്യെത്തും ദൂരത്തു കമ്പ്യൂട്ടറും കിടുതാപ്പുമൊക്കെയുണ്ടായിട്ടും അന്നത്തെ ഓൺലൈൻ ഗൃഹാതുരത്വത്തിന്റെ മൊത്ത വില്പനക്കാരായിരുന്ന ഓർക്കൂട്ട് കൂട്ടരിൽ നിന്നും ഏറെക്കാലം അകന്നു നിന്നു. പണ്ടു കൂടെ പഠിച്ചവർ, വീട്ടുകാർ, സുഹൃത്തുക്കൾ … അങ്ങനെ ക്ഷണം ബഹുലമായി പരിഷ്ക്കാരിയാവുകയല്ലാതൊരു മാർഗം ഇല്ലാതായപ്പോളാണ് ഓർക്കുട്ടിൽ സ്വന്തമായൊരിടം തരപ്പെടുത്തിയത്. പക്ഷെ എന്നിട്ടും, സ്വകാര്യതയില്ലായ്മ, വ്യക്തിവിവരങ്ങൾ ദുരുപയോഗം ചെയ്യപ്പെടാൻ ഉള്ള സാധ്യത എന്നിങ്ങനെ സമൂഹ മാധ്യമങ്ങൾക്കു പൊതുവായുള്ള നിരവധി ദുഷ്‌പേരുകൾ പേറിയിരുന്ന ഓർക്കുട്ടിന്റെ ഉമ്മറത്ത് അന്യമനസ്കയായി കസേരയിട്ടിരുന്നു, അടുത്ത് പരിചയമുള്ള വ്യക്തികളുമായി സംവദിക്കുകയല്ലാതെ, കൂടുതൽ സാധ്യതകളൊന്നും അന്ന് പരീക്ഷിക്കുകയുണ്ടായില്ല.
അത്തരം ആത്മാർത്ഥയില്ലാത്ത പാപികൾ ബാധ്യതയാവുന്ന പാതാളത്തിനു താഴ്ന്നു പോവാതെ നിവർത്തിയില്ലാത്തത് കൊണ്ടാണോ എന്തോ താമസിക്കാതെ ഓർക്കൂട്ടിന്റെ പ്രതാപകാലം അസ്തമിച്ചു. അന്ന് വരെ ഊത്തപ്പം കഴിച്ചിരുന്നവരെല്ലാം പെട്ടെന്ന് പിസ്സ തിരഞ്ഞെടുക്കും പോലെ, ഓർക്കുട്ടിലെ മുഖങ്ങളോരോന്നായി ഫെയ്‌സ്‌ബുക്കിലേക്ക് ചേക്കേറി തുടങ്ങി.
ആദ്യഘട്ടത്തിൽ പരിചയം പുതുക്കലിനും ചിത്രങ്ങളും വിശേഷങ്ങളും മറ്റും അടുത്ത് പരിചയമുള്ളവരുമായി പങ്കുവെയ്ക്കാനുമൊക്കെ ഉപയോഗിച്ചിരുന്ന ഫെയ്‌സ്‌ബുക്കിനും കോലായിലെ കസേര തന്നെയായിരുന്നു അന്നും ഞാൻ തിരഞ്ഞെടുത്തത്. പിന്നീട് പ്രമുഖ പത്രങ്ങളും വാർത്ത മാധ്യമങ്ങളുമെല്ലാം ഫെയ്‌സ്‌ബുക്കിലുമായി. പാചകത്തിനും വായനക്കും സിനിമയ്ക്കും എന്ന് തുടങ്ങി നിരവധി കാര്യങ്ങളിൽ സമാന താൽപര്യങ്ങൾ പങ്കിടുന്നവരുടെ ഗ്രൂപ്പുകൾ രൂപീകൃതമായി. കോലായിലെ കസേരയ്ക്കപ്പുറം സ്വീകരണമുറിയിലെ സോഫയിലിരുത്തി അടുത്തറിയേണ്ടവരാണ് തങ്ങളെന്ന് സമൂഹമാധ്യമങ്ങൾ തെളിയിച്ചു തുടങ്ങി.
എന്നാൽ മറുവശത്തു, ഓൺലൈനിൽ ഏറ്റവും സമകാലികനായിരുന്നിട്ടും അയൽക്കാരനെ അറിയാതെ ജീവിക്കുന്നൊരു ജനതയെപ്പറ്റി ആശങ്കകൾ തുടങ്ങി. ആർക്കും എന്തു വിവരവും പങ്കു വെക്കാവുന്ന ഇന്റർനെറ്റിലെ സമയ നഷ്ടവും ആധികാരികതക്കുറവും ചർച്ച ചെയ്യപ്പെട്ടു . പ്രണയം , ചതിക്കുഴികൾ , സ്വകാര്യ വിവരങ്ങളുടെ ദുരുപയോഗം തുടങ്ങി വൈകാരിക തലമുള്ള പ്രശ്നങ്ങൾ വേറെയും .
പക്ഷെ ലോകത്തിന്റെ സ്പന്ദനം വേഗതയിലേയ്ക്കും വിരൽത്തുമ്പിലേയ്ക്കും മാറിയ ഇക്കാലത്ത്, ഇത്തരം ആരോപണങ്ങൾ കൊണ്ട് ജീവിതത്തിൽ നിന്നും മാറ്റി നിർത്തപ്പെടേണ്ടവയാണോ സമൂഹ മാധ്യമങ്ങൾ എന്നതാണ് ചോദ്യം. വ്യവസായവൽക്കരണവും കംപ്യൂട്ടറുകളുടെ പ്രചാരവും എന്ന് വേണ്ട സത്വരഗതിവിന്യാസങ്ങളെല്ലാം അതതു ന്യായ മീംമാസകളാൽ തനതു കാലങ്ങളിൽ ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാൽ പുരോഗമനോന്മുഖവും കാലാനുസൃതവുമായ മാറ്റങ്ങൾക്കു കൂടെ നിൽക്കാത്തവർക്കു എന്നും കാലിടറിയിട്ടേയുള്ളൂ .
പ്രവാസം, വ്യത്യസ്ത ജോലി സമയങ്ങൾ, ജോലി സമ്മർദ്ദം, വർധിക്കുന്ന കിടമത്സരങ്ങൾ തുടങ്ങി നിരവധി കാര്യങ്ങളാൽ ആഗോളതാപനം വ്യക്തിജീവിതത്തിലും പേറിയുള്ള ഓട്ടത്തിനിടയിൽ,ആൽതറയിലോ , ചായക്കടയിലെ വെടിവെട്ടങ്ങളിലോ ഒത്തു കൂടി വിശേഷങ്ങൾ പങ്കുവെയ്ക്കൽ ഇന്നത്തെ മനുഷ്യന് പ്രായോഗികമല്ലെന്നത് പുതിയ കാലത്തിന്റെ നഷ്ടം തന്നെ. പക്ഷെ പകരം ലോകമെമ്പാടുമുള്ള സമാനമനസ്കരെ അറിയാനും , ചിന്തിക്കാനും വളരാനും കാലം ഒരുക്കി വെച്ചിരിക്കുന്ന വളക്കൂറു നിറഞ്ഞ മണ്ണാണ് സമൂഹമാധ്യമങ്ങൾ എന്ന് തോന്നിത്തുടങ്ങിയത്, വിവിധ മേഖലകളിൽ നിപുണരായ, ഓൺലൈൻ കൂട്ടായ്മകൾ ഇല്ലെങ്കിൽ ഒരിക്കലും കണ്ടു മുട്ടില്ലായിരുന്ന കുറെ പേരെ വായിച്ചും അറിഞ്ഞും പരിചയപ്പെട്ടു തുടങ്ങിയതിൽപ്പിന്നെയാണ്. വിവിധ രാജ്യങ്ങൾ, തൊഴിൽ മേഖലകൾ, ജീവിത സാഹചര്യങ്ങൾ തുടങ്ങി നാനാത്വങ്ങളുടെ കുത്തൊഴുക്കുകൾക്കിടയിലും, ചിരിയും ചിന്തയും നൽകിയ ഏകത്വത്താൽ അവരിൽ ചിലരെല്ലാം പിന്നീട് നല്ല സുഹൃത്തുക്കളായി മാറി. കോലായിലെ കുശലത്തിന്റെ കസേരകൾ , ചൂടേറിയ നീണ്ട ചർച്ചകൾക്കായി സ്വീകരണ മുറിയിലേക്കെടുത്തിട്ടു , തുറന്നിട്ട സൗഹൃദത്തിന്റെ വാതിലുകളിലൂടെ, ഒട്ടനവധി പുതിയ അറിവുകളുടെയും അവസരങ്ങളുടെയും വെളിച്ചം കടന്നു വന്നു.
അങ്ങനെ വിവിധ രാജ്യങ്ങളിൽ താമസിക്കുന്ന, തീർത്തും വ്യത്യസ്തരായ ഞങ്ങൾ ഒൻപതുപേർ വ്യക്തി ജീവിതത്തിലും ഉറ്റസുഹൃത്തുക്കളായി മാറിയതിന്റെ സ്നേഹത്തിന്റെയും സമത്വത്തിന്റെയും ആഘോഷമാണ് ഈ ഓണക്കാലത്തു പ്രകാശനം ചെയ്യപ്പെടുന്ന ഞങ്ങളുടെ ആദ്യ പുസ്തകമായ അവിയൽ . കഥകളും കവിതകളും ലേഖനങ്ങളുമായി ബഹുസ്വരങ്ങൾ ഉണർത്തുന്ന ചിന്തകളുടെ ഒരു ഏകരൂപം. എനിക്ക് പുറമെ ദീപ പ്രവീൺ, ജയറാം സുബ്രമണി, നസീന മേത്തൽ, മുരളി തുമ്മാരുകുടി, സംഗീത് സുരേന്ദ്രൻ,ഷാജു ഹനീഫ്, സ്മിത ശ്രീജിത്ത്, ശ്രീജ ശ്യാം എന്നിവരാണ് ബഹുസ്വരമായ എഴുത്തിന്റെ ഏകരൂപമായി മാറിയ പുസ്തകത്തിലുളളത്. ലണ്ടനിൽ, സ്വിറ്റ്സർലണ്ടിൽ, തിരുവനന്തപുരത്ത് അങ്ങനെ ഭൂപടത്തിന്റെ വിവിധയിടങ്ങളിൽ നിന്നും ഫെയ്‌സ് ബുക്കിന്റെ സാധ്യതകളിലൂടെ അറിഞ്ഞവരുടെ അക്ഷരക്കൂട്ടാണ് ഈ “അവിയൽ”
സമൂഹമാധ്യമങ്ങളുടെ സ്നേഹഭാജനമായ പ്രശാന്ത് നായർ എന്ന യുവ ഐ എ എസ്സുകാരൻ, അവതാരികയിൽ എഴുതിയത് പോലെ ” മലയാളികൾ അറിയുന്നവരും അറിയേണ്ടവരുമായ ബഹുമുഖപ്രതിഭകൾ ഒത്തൊരുമിച്ച ഒരു പുസ്തകം ഉണ്ടാകുമ്പോൾ അതൊരു വേറിട്ട വായാനാനുഭവം ആകുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. എന്നാൽ ഈ പുസ്തകത്തിനപ്പുറം സമൂഹ മാധ്യമം എന്ന സാങ്കേതിക വിദ്യയുടെ ശക്തി, അതാണ് നമ്മൾ മനസ്സിലാക്കേണ്ടത് . കേരളത്തിൽ ഈ അവിയൽ പോലെ ധാരാളം കൂട്ടായ്മകൾ ഉണ്ടാകട്ടെ , അതിൽ നിന്നും സർഗാത്മക കൃതികൾ ഇനിയും ഉണ്ടാകട്ടെ …”!
ഗൂഗിൾ ക്രോമിന്റെ പ്രചാരണത്തിന് വേണ്ടി 2011 -ഇൽ കണ്ടിരുന്ന ഒരു വാചകം അന്നേ പ്രിയപ്പെട്ടതാണ് – ” The web is what you make of it “- സമൂഹമാധ്യമങ്ങളിലും തത്വം മറ്റൊന്നല്ലല്ലോ. ഇന്റർനെറ്റിന്റെ അനന്തസാധ്യതകൾക്കിടയിൽ നിന്നും, ഏറ്റവും രുചികരവും പോഷകപ്രദവും ആനന്ദദായകവുമായ അറിവും ആശയങ്ങളും നമ്മുടെ വലകൾ കുരുക്കിയെടുക്കട്ടെ, അവ പങ്കുവെയ്ക്കാനുള്ള ഇന്നിന്റെ നാട്ടുകൂട്ടങ്ങളായി മാറട്ടെ സമൂഹമാധ്യമങ്ങൾ !