പാലക്കാട്: അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ മർദ്ദിക്കുന്നത് പശ്ചാത്തലമാക്കി സെൽഫിയെടുത്ത ഉബൈദ് എന്ന യുവാവിനെതിരെ സോഷ്യല്‍മീഡിയയില്‍ വ്യാപക പ്രതിഷേധം. ഇയാളുടെ അക്കൗണ്ടില്‍ തെറിവിളികളും വിമര്‍ശനങ്ങളും ഉയര്‍ന്നു. ഇയാളുടെ ചിത്രങ്ങളും വ്യാപകമായ രീതിയില്‍ പ്രചരിക്കുന്നുണ്ട്.

മണ്ണാർക്കാട് നിയമസഭാംഗവും മുസ്‌ലിം ലീഗ് നേതാവുമായ എൻ.ഷംസുദ്ദീൻ എംഎൽഎയുടെ അടുത്ത അനുയായിയാണ് ഉബൈദെന്നും പ്രചരണമുണ്ട്. ഇയാൾ എംഎൽഎയ്ക്ക് വേണ്ടി തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ പങ്കെടുത്തത് അടക്കമുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൻതോതിൽ പ്രചരിക്കുന്നുണ്ട്. ഉബൈദിനെ അടക്കം എട്ടോളം പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തതായാണ് വിവരം.

അതേസമയം, സംഭവത്തിൽ പൊലീസ് കണ്ടാലറിയാവുന്ന 15 പേർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. തൃശൂർ റെയ്ഞ്ച് ഐജി എം.ആർ.അജിത് കുമാറിനാണ് അന്വേഷണ ചുമതല. ഇപ്പോൾ ഏഴ് പ്രതികൾ പൊലീസ് കസ്റ്റഡിയിലുണ്ടെന്നാണ് വിവരം. മുക്കാലിയിലെ കടയുടമ ഹുസൈൻ അടക്കമുള്ളവരാണ് കസ്റ്റഡിയിലുള്ളത്. ഇയാളുടെ കടയിൽ മോഷണം നടന്നെന്ന് ആരോപിച്ചാണ് മധുവിനെ വനത്തിൽ നിന്നും നാട്ടുകാർ പിടികൂടി മർദ്ദിച്ചത്.

പ്രദേശത്തെ കടകളിൽ നിന്ന് അരിയും ഭക്ഷണ സാധനങ്ങളും മോഷ്ടിച്ചുവെന്ന് ആരോപിച്ച് താമസ സ്ഥലമായ മല്ലീശ്വര മുടിയുടെ താഴ്‌വരയിൽ നിന്നാണ് നാട്ടുകാർ മധുവിനെ പിടികൂടിയത്. പിടികൂടിയതിന് പിന്നാലെ മർദ്ദനവും തുടങ്ങി. ഉടുമുണ്ടുരിഞ്ഞ് ശരീരത്തിൽ കെട്ടിയായിരുന്നു മർദ്ദനം. സംഭവമറിഞ്ഞ് പൊലീസെത്തുമ്പോൾ മരത്തിൽ കെട്ടിയിട്ട നിലയിലായിരുന്നു മധു. പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ട് പോകും വഴി തന്നെ മധു അസ്വസ്ഥതകൾ കാണിക്കാൻ തുടങ്ങി. ഇതിനിടെ ഛർദ്ദിച്ച് അവശനിലയിലായ മധുവിനെ കോട്ടത്തറ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമദ്ധ്യേ മരണം സംഭവിച്ചെന്ന് പൊലീസ് പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ