എല്ലാവരുടെ ഹൃദയത്തിലുമുണ്ടാകും ഒരു വടക്കു കിഴക്കേ അറ്റം. ആര്‍ക്കുമറിയാത്ത, ആരും കടന്നുവരാത്ത, ആര്‍ക്കും പ്രവേശനമില്ലാത്ത ഒരിടം. സാഫല്യമടയാത്ത സ്വപ്‌നങ്ങളും, സ്‌നേഹങ്ങളും, പ്രണയങ്ങളുമെല്ലാം സൂക്ഷിച്ചുവച്ച മനോഹരമായ ഒരു കോണ്. പക്ഷെ അവിടെയും കടന്നു ചെല്ലുന്ന ഒരാളുണ്ടാകും, അല്ലെങ്കില്‍ ആ ഒരാള്‍ക്കു മാത്രമേ അങ്ങോട്ടേയ്ക്കുള്ള പ്രവേശനത്തിന് നമ്മള്‍ അനുവാദം നല്‍കിയിട്ടുണ്ടാകൂ. അങ്ങനെയൊരാളെക്കുറിച്ച്, ഒരു പ്രണയത്തെക്കുറിച്ചാണ് അനൂപ് നാരായണന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘എന്റെ ഹൃദയത്തിന്റെ വടക്ക് കിഴക്കേ അറ്റത്ത്..’ എന്ന ഹ്രസ്വചിത്രം പറയുന്നത്.

തന്റെ സഹപാഠിയായ വൈദികനെ പ്രണയിച്ച ഒരു പെണ്‍കുട്ടിയുടെ കഥയാണിത്. നിസ്വാര്‍ത്ഥമായ സ്‌നേഹത്തിന്റെയും പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും കഥയാണിത്. ചിത്രം കണ്ടു കഴിഞ്ഞവരെല്ലാം ഒരുപോലെ ചോദിക്കുന്നു, ‘നീയെന്തിനാടാ ചക്കരേ അച്ചന്‍ പട്ടത്തിന് പോയത്?’ എന്ന്.

അനീഷാ ഉമ്മര്‍ ആണ് നായികാകഥാപാത്രത്തെ അവതരിപ്പിച്ചത്. ബിബിന്‍ മത്തായി വൈദികനായി എത്തുന്നു. അനിലിനെ അവതരിപ്പിച്ചത് വിഷ്ണു വിദ്യാധരന്‍. എഴുത്തുകാരനായി സ്‌ക്രീനില്‍ എത്തുന്നത് ആനന്ദ് റോഷന്‍. ജോയല്‍ ജോണ്‍സിന്റെ പശ്ചാത്തല സംഗീതവും സിനിമയ്ക്ക് വേറിട്ടൊരു ഫീല്‍ നല്‍കുന്നുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook