പാട്ടും ഡാൻസും വീഡിയോകളും ട്രോളുകളുമൊക്കെ വൈറലാകുന്ന കാലമാണിത്. ശനിയാഴ്ച മുതൽ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുന്നത് ഒരു ഡാൻസ് വീഡിയോ ആണ്. എന്തോ പരിപാടിക്കിടയിൽ പാട്ടിട്ടപ്പോൾ കൂട്ടുകാർക്കൊപ്പം തകർപ്പൻ ഡാൻസ് കളിച്ച ഒരു പെൺകുട്ടിയുടെ വീഡിയോ. ദൃശ്യങ്ങൾ കണ്ട് എല്ലാവരും അന്വേഷിക്കുന്നത് ആ ഡാൻസ് കാരിയെയാ​ണ്. ഒടുവിൽ​ കണ്ടെത്തി.

എറണാകുളം സ്വദേശി അശ്വതി നാരായണനാണ് ആ കിടിലൻ ഡാൻസുകാരി. നിവിൻ പോളി, നയൻതാര, അജു വർഗീസ് എന്നിവർ മുഖ്യ വേഷങ്ങളിൽ എത്തിയ ധ്യാൻ ശ്രീനിവാസൻ സംവിധാനം ചെയ്ത ‘ലവ് ആക്ഷൻ ഡ്രാമ’ എന്ന ചിത്രത്തിലെ ഏറെ ശ്രദ്ധിക്കപ്പെട്ട ‘കുടുക്കു പൊട്ടിയ കുപ്പായം’ എന്ന പാട്ടിനായിരുന്നു അശ്വതിയുടേയും കൂട്ടുകാരുടേയും വക ഡാൻസ്. ഡാൻസ് എന്നൊക്കെ പറഞ്ഞാൽ ഒന്നൊന്നര ഡാൻസ്. പാട്ട് കേട്ടതും സ്വിച്ചിട്ടതു പോലെ ആയിരുന്നു പ്രകടനം.

കൂട്ടത്തിൽ​ എടുത്തു പറയേണ്ടതും വീഡിയോ കാണുന്നവരുടെ മുഴുവൻ ശ്രദ്ധ പിടിച്ചു പറ്റുന്നതും അശ്വതി തന്നെയാണ്. ബെംഗളൂരുവിൽ റേഡിയോ ടെക്നോളജിസ്റ്റായി ജോലി ചെയ്യുകയാണ് അശ്വതി. ആരും അറിയാതെ അശ്വതിയുടെ ഡാൻസ് ക്യാമറയിൽ പകർത്തിയത് നിതിൻ രാമചന്ദ്രൻ എന്ന സുഹൃത്താണ്. അശ്വതിയും നിതിനും മറ്റ് സുഹൃത്തുക്കളും വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook