നിത്യേന പലവിധ ജീവിതപ്രശ്നങ്ങളുമായി ജ്യോതിഷികളെ സമീപിക്കുന്ന ഒരുപാട് പേരെ നമുക്കു ചുറ്റും കാണാം. ഫോൺ ഇൻ പരിപാടിയ്ക്കിടെ ഹരി പത്തനാപുരം എന്ന ജ്യോതിഷിയെ തേടിയെത്തിയ ഒരു ഫോൺകോളും അതിനു അദ്ദേഹം നൽകിയ രസകരമായ മറുപടിയുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്.
ഭർത്താവിന്റെ മദ്യപാനശീലം മാറാൻ പൂജ ചെയ്യാമോ എന്നായിരുന്നു ഹരിയെ ഫോണിൽ വിളിച്ച യുവതിയുടെ ആവശ്യം. ഭർത്താവ് അമിതമായി മദ്യപിക്കുമോ എന്ന ചോദ്യത്തിന് ഇല്ല എന്നായിരുന്നു ഭാര്യയുടെ ഉത്തരം. പിന്നെയെന്താണ് പ്രശ്നമെന്ന് യുവതിയോട് ചോദിച്ചു മനസ്സിലാക്കുകയാണ് ജ്യോതിഷി. ആഴ്ചയിലൊരിക്കൽ ജോലി കഴിഞ്ഞുവന്നാൽ വീട്ടിലിരുന്ന് ഭർത്താവ് അൽപ്പം കഴിക്കുമെന്നും അതൊന്നു മാറ്റാൻ പൂജ ചെയ്യാമോ എന്നുമായിരുന്നു യുവതി അഭ്യർത്ഥിച്ചത്.
ഭർത്താവ് മദ്യപിച്ചാൽ വഴക്കുണ്ടാക്കുമോ എന്ന ചോദ്യത്തിന് “ഇല്ല, അദ്ദേഹം വളരെ സൈലന്റാണെന്നും” ഭാര്യ മറുപടി പറയുന്നുണ്ട്. “എന്റെ പൊന്നേ, തിങ്കളാഴ്ച മുതൽ ശനിയാഴ്ച വരെ ജോലി ചെയ്യുന്നയാള്‍ ഞായറാഴ്ചയൊരു ചെറിയ സാധനം മേടിച്ച് വീട്ടിൽ കൊണ്ടുവന്ന് സ്വസ്ഥമായി കുടിച്ച് വഴക്കുമില്ലാതെ വീട്ടിൽ കിടന്ന് ഉറങ്ങുന്നതിനാണോ? അതു ചെയ്യുന്നില്ലങ്കിൽ ആണ് പൂജ ചെയ്യേണ്ടത്,” എന്നാണ് ജ്യോതിഷിയുടെ മറുപടി.
എന്തായാലും വീഡിയോ ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു.