സ്വന്തമായി ഒരു വാഹനം എന്നത് എല്ലാവരുടേയും സ്വപ്നങ്ങളില്‍ ഒന്നായിരിക്കും. അതിനായി ചെറുപ്പം മുതല്‍ കിട്ടുന്ന പണമൊക്കെ സ്വരുക്കൂട്ടി വയ്ക്കുന്നവരുമുണ്ട്. ഒരു യുവാവ് അത്തരത്തില്‍ തന്റെ സ്വപ്നവാഹനം സ്വന്തമാക്കിയിട്ടുണ്ട്, പക്ഷെ ഇതിലൊരു ട്വിസ്റ്റുകൂടിയുണ്ട്.
അസമിലെ ദാരങ്ങ് ജില്ലയിലെ സ്വദേശിയായ മുഹമ്മദ് സൈദുള്‍ ഹോഖ് സ്കൂട്ടര്‍ വാങ്ങിയത് കഴിഞ്ഞ അഞ്ച്, ആറ് വര്‍ഷമായി സൂക്ഷിച്ചു വച്ചിരുന്ന ചില്ലറകള്‍ ഉപയോഗിച്ചാണ്. വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഒരു കൂട് നിറയെ ചില്ലറയുമായി സൈദുള്‍ വാഹന ഷോറൂമിലേക്ക് പോകുന്ന വീഡിയോയും എഎന്‍ഐ പങ്കുവച്ചിട്ടുണ്ട്.
“ബോറഗാവില്‍ എനിക്കൊരു ചെറിയ കടയുണ്ട്. ഒരു സ്കൂട്ടര്‍ വാങ്ങുക എന്നത് എന്റെ സ്വപ്നമായിരുന്നു. അഞ്ച്, ആറ് വര്‍ഷം മുന്‍പാണ് ചില്ലറ സൂക്ഷിച്ച് വയ്ക്കാന്‍ തുടങ്ങിയത്. ഞാന്‍ എന്റെ സ്വപ്നം സാക്ഷാത്കരിച്ചു. ഞാന്‍ ഇപ്പോള്‍ സന്തോഷവാനാണ്,” സൈദുള്‍ പറയുന്നു.
90,000 രൂപയുടെ ചില്ലറയുമായാണ് സൈദുള്‍ ഷോറൂമിലെത്തിയത്. ഇത് ഷോറൂമിന്റെ ഉടമയെ പോലും അത്ഭുതപ്പെടുത്തി. സൈദുളിന് ഭാവിയില്‍ കാറുവാങ്ങാന്‍ കഴിയട്ടെയെന്ന് അദ്ദേഹം ആശംസിക്കുകയും ചെയ്തു.
സൈദുളിന്റെ ക്ഷമയേയും ചില്ലറയായി കൊണ്ടുവന്ന പണം സ്വീകരിക്കാന്‍ തയാറായ ഷോറൂം ഉടമയേയും അഭിനന്ദിക്കുകയാണ് നെറ്റിസണ്‍സ്. പല സംസ്ഥാനങ്ങളിലും കടകളില്‍ പോലും 10 രൂപയുടെ ചില്ലറ പോലും വാങ്ങാന്‍ മടിയാണെന്നും ഷോറൂം ഉടമയെ പോലുള്ളവര്‍ മാതൃകയാണെന്നുമൊക്കെ വീഡിയോയ്ക്ക് താഴെ കമന്റുകളും വന്നിട്ടുണ്ട്.